കാവസാക്കി ഇന്ത്യ തങ്ങളുടെ ജനപ്രിയ അഡ്വഞ്ചര്‍ ടൂറര്‍ മോഡലായ വേര്‍സിസ് 650-ന്റെ 2027 പതിപ്പ് വിപണിയിലെത്തിച്ചു. 8.63 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്‌സ്-ഷോറൂം വില. വലിയ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ മോഡല്‍ വര്‍ഷ പതിപ്പ് എത്തിയിരിക്കുന്നത്. കാന്‍ഡി ലൈം ഗ്രീന്‍ എന്ന പുതിയ പെയിന്റ് സ്‌കീമാണ് 2027 മോഡലിന്റെ പ്രധാന ആകര്‍ഷണം. നിറം ഒഴികെ ബൈക്കിന്റെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. എന്‍ജിന്‍, ഫ്രെയിം, സസ്‌പെന്‍ഷന്‍, ഇലക്ട്രോണിക്‌സ്, ഫീച്ചറുകള്‍ എന്നിവയെല്ലാം മുന്‍ മോഡലില്‍ നിന്ന് അതേപടി തുടരുന്നു. 649 സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ എന്‍ജിനാണ് വേര്‍സിസ് 650-ന് കരുത്ത് നല്‍കുന്നത്. 8,500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി പരമാവധി കരുത്തും 7,000 ആര്‍പിഎമ്മില്‍ 61 എന്‍എം ടോര്‍ക്കും എന്‍ജിന്‍ ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.
