ജപ്പാനിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പായ സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോര്പ്പറേഷന്, ഇന്ത്യയില്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി സ്ഥാപിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി തേടുന്നു. യെസ് ബാങ്കിന്റെ നിയന്ത്രണ ഓഹരി സ്വന്തമാക്കി ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള എസ്എംബിസിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണിത്. കഴിഞ്ഞ മേയ് ഒമ്പതിനാണ് യെസ് ബാങ്ക് ഓഹരികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച കരാറില്‍ എസ്.എം.ബി.സി ഒപ്പുവച്ചത്. സെക്കന്‍ഡറി മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി സ്റ്റേറ്റ് ബാങ്ക് ഇന്ത്യയും മറ്റു ചില സ്വകാര്യ ബാങ്കുകളും അടങ്ങുന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്ന് യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13,483 കോടി രൂപയ്ക്ക്(1.58 ബില്യണ്‍ ഡോളര്‍) ഏറ്റെടുക്കാനാണ് പദ്ധതി. പൂര്‍ണ ഉപകമ്പനി തുടങ്ങാന്‍ ജാപ്പനീസ് ബാങ്കിന് അനുമതി ലഭിച്ചാല്‍ എസ്.ബി.ഐയുടേയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ കൈവശം അവശേഷിക്കുന്ന 14 ശതമാനത്തോളം ഓഹരികള്‍ കൂടി സ്വന്തമാക്കാനാകും. യെസ് ബാങ്കിന്റെ 51 ശതമാനം വരെ ഓഹരികള്‍ വില്ക്കാന് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും നേരത്തെ അനുമതി നല്‍കിയിരുന്നു.
യെസ് ബാങ്കിന്റെ ഓഹരി സ്വന്തമാക്കി ജപ്പാന് ബാങ്ക്
