2026 മെയ് മാസത്തില്‍ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ ഇക്വിറ്റി നിക്ഷേപത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഏപ്രിലിലെ 38,440.20 കോടി രൂപയില്‍ നിന്ന് 40.4 ശതമാനം ഇടിഞ്ഞ് 22,907.77 കോടി രൂപയിലെത്തി. ഇത് 2026-ലെ ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപമാണ്. എല്ലാ വിഭാഗങ്ങളിലും ഈ തളര്‍ച്ച പ്രകടമാണ്. ലാര്‍ജ്-ക്യാപ് ഫണ്ടുകളില്‍ 36.9 ശതമാനവും മിഡ്-ക്യാപ് ഫണ്ടുകളില്‍ 33.1 ശതമാനവും സ്‌മോള്‍-ക്യാപ് ഫണ്ടുകളില്‍ 28.2 ശതമാനവും നിക്ഷേപം കുറഞ്ഞു. ഫ്‌ലെക്‌സി-ക്യാപ് ഫണ്ടുകളില്‍ 49 ശതമാനവും സെക്ടറല്‍/തീമാറ്റിക് ഫണ്ടുകളില്‍ 66.8 ശതമാനവും വലിയ ഇടിവാണുണ്ടായത്. 2024 സെപ്റ്റംബറിലെ പീക്കിന് ശേഷം വിപണിയില്‍ വലിയൊരു മുന്നേറ്റം ഇല്ലാത്തത് വ്യക്തിഗത നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാമെങ്കിലും, ക്ഷമയോടെയുള്ള കാത്തിരിപ്പാണ് വേണ്ടത്.
