കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനത്തു നിന്നുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ രാജിയില്‍ പ്രതികരണവുമായി ഇന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു രംഗത്ത്. അടൂരിന്റെത് പ്രതിഷേധ രാജിയെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല. അടൂരിന്റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ വച്ചത്. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. അടൂർ പറഞ്ഞവയിൽ കഴമ്പുണ്ടെങ്കിൽ അന്വേഷിക്കും. വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്ക വേണ്ട, ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ വേറെയും ഉണ്ടല്ലോ എന്ന് മന്ത്രി പറഞ്ഞു.കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന് അനുയോജ്യരെയാണ് ചുമതല ഏൽപ്പിച്ചത്. വിദ്യാർത്ഥികളുടെ സമരം തുടങ്ങിയ അന്ന് മുതൽ സർക്കാർ ഇടപെട്ടത് വസ്തുനിഷ്ഠമായിട്ടാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ സഹകരിക്കാൻ ഡയറക്ടർ തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം രണ്ടാമത് രണ്ട് വിദഗ്ധരെ അന്വേഷണ കമ്മീഷനായി നിശ്ചയിച്ചു. റിപ്പോർട്ടിൻമേലുള്ള കാര്യങ്ങൾ മനസിലാക്കിവരും മുൻപെയാണ് ശങ്കർ മോഹന്റെ രാജി. സർക്കാർ ആരോടും ഒഴിഞ്ഞ് പോകാൻ നിര്‍ദ്ദേശിച്ചിട്ടില്ല. അടൂർ കേരളത്തിന്റെ അഭിമാനമാണ്. സെൻസിറ്റീവായ വിഷയത്തിൽ ആലോചിച്ചു മാത്രമെ ഇടപെടാവു എന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് നൽകിയ ഉറപ്പുകൾ ആരേയും താഴ്ത്തിക്കെട്ടാനായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
അടൂര്‍ ഗോപാലകൃഷ്ണന്റെ രാജിയില്‍ പ്രതികരണവുമായി ഇന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു
