yt cover 44

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. ഇന്ന് ഏട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുന്നെന്ന് പി എം എ സലാം പറഞ്ഞു. മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണമെന്നും ജനസംഖ്യ പരിഗണിക്കുകയാണെങ്കില്‍ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു

ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധന. ബെവ്‌കോയിലെ കഴിഞ്ഞ ആറ് ദിവസത്തെ മാത്രം വില്‍പ്പന 512.11 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 460.80 കോടി രൂപ ആയിരുന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 52 കോടിക്ക് അടുത്ത് വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായത്. ഇന്നും ഉത്രാട ദിനത്തിലും വില്‍പ്പന ഇനിയും കൂടുമെന്നാണ് ബെവ്‌കോയുടെ കണക്കുകൂട്ടല്‍.

ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ക്ഷേമനിധി ബോര്‍ഡ് വഴി പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് 32 കോടി രൂപയാണ് അനുവദിച്ചത്. പെന്‍ഷന്‍ ഒരു മാസവും മുടങ്ങാതെ കൊടുക്കണമെന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാ?ഗമായാണിത്.

പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തില്‍ പിണറായി വിജയനെതിരെ നിലപാട് കടുപ്പിക്കാന്‍ സി പി ഐ. ഘടകക്ഷികളെ ഉള്‍ക്കൊള്ളാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ വിവാദങ്ങള്‍ക്കിടെ, ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാരെന്ന് ഓര്‍മ്മിപ്പിച്ച് വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതി. കുപ്രചാരണങ്ങളെ ചെറുക്കുമ്പോഴും സാധാരണക്കാരുടെ വിശ്വാസ്യതയ്ക്ക് പോറലേല്‍ക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും, തെറ്റുകള്‍ തിരുത്തി സുതാര്യമായി മുന്നോട്ട് പോകണമെന്നും കുറിപ്പില്‍ പറയുന്നു.

കണ്ണൂരിലെ പാലത്തായി പീഡനക്കേസില്‍ യുഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിച്ച് ഇകെ സമസ്ത വിഭാഗത്തിന്റെ മുഖപത്രമായ ‘സുപ്രഭാതം’. പാലത്തായി കേസില്‍ പ്രതിയായ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച കോടതി വിധി സംസ്ഥാന സര്‍ക്കാരും പ്രോസിക്യൂഷനും ചോദിച്ചുവാങ്ങിയ പരാജയമാണെന്നാണ് സുപ്രഭാതത്തിന്റെ മുഖപ്രസംഗം.

തസ്തിക നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി എയ്ഡഡ് സ്‌കൂളുകള്‍. കണ്ണൂര്‍ ജില്ലയിലെ 16 സ്‌കൂളുകളില്‍ തട്ടിപ്പ് നടന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ക്ലാസ് ടീച്ചര്‍മാരും പ്രധാനാധ്യാപകരും കേസില്‍ പ്രതികളാകും.

ലക്ഷദ്വീപില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ ബോട്ട് മറിഞ്ഞ് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ട് 14 ദിവസം. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ വൈകുന്നതിലെ നിരാശയില്‍ കാണാതായവരുടെ കുടുംബം.ഹിദായത്തുള്ള, നബീല്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥരെയാണ് കാണാതായത്.

കാപ്പ നിയമപ്രകാരം നാടുകടത്തിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് പിടികൂടി. കോഴിക്കോട് അരക്കിണര്‍ മാത്തോട്ടം സ്വദേശി അന്‍സാറി(36) നെയാണ് കാപ്പാ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ പോലീസ് പിടികൂടിയത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ഒരു കേസില്‍ കൂടി ജാമ്യം. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചത്. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും കാപ്പ ചുമത്തിയതിനാല്‍ തലശ്ശേരി സബ് ജയിലില്‍ കഴിയുന്ന അര്‍ജുന് പുറത്തിറങ്ങാന്‍ കഴിയില്ല.

കണ്ണൂര്‍ പിലാത്തറ മണ്ടൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ച് കയറി രണ്ട് പേര്‍ മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

യുക്രൈനില്‍ കപ്പല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയലിന്റെ മൃതദേഹം ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീട്ടിലെത്തിച്ചു. ജൂലൈ 19 ന് ഒഡേസ തീരത്ത് വെച്ച് റഷ്യന്‍ ആക്രമണത്തിലാണ് അഖില്‍ കൊല്ലപ്പെട്ടത്.

തമിഴ്‌നാട്ടില്‍ കൂടുതല്‍ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി കൂടുതല്‍ ബസുകളിലേക്ക് വിപുലീകരിച്ചു. ഗാന്ധിജയന്തി ദിനം മുതല്‍ നഗരങ്ങളിലും മെട്രോപ്പോലീത്തന്‍ പ്രദേശങ്ങളിലും ഡീലക്‌സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്‌സ്പ്രസ് ബസുകളിലും സൗജന്യ യാത്ര അനുവദിച്ചതായി വിജയ് നിയമസഭയില്‍ പ്രഖ്യാപിച്ചു

തമിഴ്‌നാട്ടിലെ വിവാദമായ പരന്തൂര്‍ വിമാനത്താവള പദ്ധതിയില്‍ വാക്ക് പാലിച്ച് മുഖ്യമന്ത്രി വിജയ്. പരന്തൂര്‍ വിമാനത്താവള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചതായി അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. വിഷയത്തില്‍ സമരംചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനഗറിലെ അതിസുരക്ഷാ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പോക്സോ (POCSO) കേസ് പ്രതികളായ രണ്ട് വിചാരണത്തടവുകാര്‍ ചാടിപ്പോയി. സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലീസ് പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ സിജെപി. ജന്തര്‍മന്തര്‍ സമരത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ടുള്ള തുടര്‍പ്രക്ഷോഭത്തിന്റെ കാര്യത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനമാകും. വന്ദേമാതരം വിവാദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോചനീയാവസ്ഥ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു കൂട്ടണമെന്ന് സിജെപി ആവശ്യപ്പെട്ടു.

ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കാര്‍ഷിക സര്‍വകലാശാലയില്‍ കൂടുതല്‍ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായി കണ്ടെത്തല്‍. ബി.എസ്.സി അഗ്രികള്‍ച്ചര്‍ ഒന്നാംവര്‍ഷ ‘പ്ലാന്റ് പാത്തോളജി’ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി സ്ഥിരീകരിച്ചത്.

കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 92 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ലഭിച്ചതെന്ന് അവകാശപ്പെടുന്ന രേഖകള്‍ ഉദ്ധരിച്ച് സിജെപിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ബംഗ്ലാദേശിലെ രംഗ്പുര്‍ നഗരത്തിലെ വീട്ടില്‍ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അക്രമികളുടെ ക്രൂരത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. ക്രൂരമായി കൊലപ്പെത്തിയ ശേഷം പ്രതികള്‍ അതേ വീട്ടില്‍ രാത്രി കഴിച്ചുകൂട്ടിയെന്നും ഭക്ഷണം കഴിച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്ത് ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എന്‍1 കേസുകള്‍ക്കു പിന്നില്‍ പുതിയ വകഭേദമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഐ.സി.എം.ആര്‍. 2025 മുതല്‍ തന്നെ ഇവ പ്രചാരത്തിലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് നവജാതശിശുക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3:30-തോടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ മൂന്നാം നിലയിലുള്ള സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്

ഉപഗ്രഹ വിക്ഷേപണത്തിനായുള്ള റോക്കറ്റ് നിര്‍മാണം പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഐ.എസ്.ആര്‍.ഒ. തീരുമാനം. എസ്.എസ്.എല്‍.വി., പി.എസ്.എല്‍.വി., എല്‍.വി.എം. എന്നീ മൂന്ന് റോക്കറ്റുകളുടെ സാങ്കേതികവിദ്യയാണ് സ്വകാര്യകമ്പനികള്‍ക്ക് കൈമാറുക. ഇതിനുള്ള നടപടി തുടങ്ങിയതായി ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ഇന്‍സ്പെയ്‌സ് ചെയര്‍മാന്‍ ഡോ. പവന്‍കുമാര്‍ ഗോയങ്കെ വ്യക്തമാക്കി.

ചണ്ഡീഗഢില്‍ ഭീകരാക്രമണ നീക്കം പൊളിച്ച് പൊലീസ്. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് ഐഇഡിയെന്ന് സംശയിക്കുന്ന വസ്തുവും അഞ്ച് കിലോ ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററും പിടികൂടി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

ജപ്പാനെ ആശങ്കയിലാഴ്ത്തി മണിക്കൂറുകള്‍ക്കിടെ രണ്ട് ശക്തമായ ഭൂചലനങ്ങള്‍. ടോക്കിയോ നഗരത്തില്‍ 40-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയ ഭൂചലനത്തിന് പിന്നാലെയാണ് വടക്കന്‍ ദ്വീപായ ഹൊക്കൈഡോയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഹൊക്കൈഡോയില്‍ ഉണ്ടായത്.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ അശാന്തിക്ക് പരിഹാരം കാണാന്‍ മേഖലയില്‍ പുതിയ സൈനിക സഖ്യം രൂപീകരിക്കാനുള്ള നീക്കം ശക്തം. ഇറാന്‍ – ഇറാഖ് – സൗദി അറേബ്യ സംയുക്ത സുരക്ഷ കൗണ്‍സിലിനുള്ള നീക്കമാണ് നടക്കുന്നത്.

മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം കെവിന്‍ കാസ്ട്രോയ്ക്ക് ദാരുണാന്ത്യം. ശനിയാഴ്ച പോര്‍ച്ചുഗലില്‍ നടന്ന പ്രീ സീസണ്‍ സൗഹൃദ മത്സരത്തിനിടെയാണ് കെവിന്‍ കുഴഞ്ഞുവീണത്. ഡിഫ്രിബിലേറ്റര്‍ ഉപയോഗിച്ച് മെഡിക്കല്‍ സംഘം ജീവന്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 80 രൂപ വര്‍ധിച്ച് പുതിയ വില 15,030 രൂപയായി. മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഗ്രാം സ്വര്‍ണത്തിന് 15,000 നിലവാരം മറികടക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു പവന് 640 രൂപ ഉയര്‍ന്ന് 1,20,240 രൂപയിലേക്കും എത്തിച്ചേര്‍ന്നു. തുടര്‍ച്ചയായ ആറാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന്റെ വിലയില്‍ 6,600 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. ഈ മാസം തുടക്കം പവന്റെ വില 1,05,600 രൂപയിലേക്ക് വരെ താഴ്ന്നിരുന്നു. അവിടെ നിന്നും സ്വര്‍ണ വിലയില്‍ 14,640 രൂപ ഉയര്‍ന്നിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 65 രൂപ വര്‍ധിച്ച് പുതിയ വില 12,350 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ കൂടി 9,615 രൂപയിലേക്ക് എത്തിച്ചേര്‍ന്നു. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 35 രൂപ വര്‍ധിച്ച് പുതിയ വില 6,200 രൂപയായി.

എഐ ലോകത്ത് വലിയ ശ്രദ്ധനേടി ഓപ്പണ്‍ റൂട്ടര്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഓഎക്സ് ആല്‍ഫ എന്ന എഐ മോഡല്‍. സൗജന്യമായി ലഭ്യമാകുന്ന ഒരു സ്റ്റെല്‍ത്ത് മോഡല്‍ ആയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. അജ്ഞാത ഉറവിടത്തില്‍നിന്ന് ഡെവലപ്പര്‍മാര്‍ക്കോ പൊതുജനങ്ങള്‍ക്കോ ലഭ്യമാക്കുന്ന മെഷീന്‍ ലേണിങ് മോഡലുകളെയാണ് സ്റ്റെല്‍ത്ത് മോഡലുകള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. കോഡിങ്, ദീര്‍ഘകാല എഐ ഏജന്റ് ടാസ്‌ക്കുകള്‍, പ്രൊഡക്ഷന്‍ വര്‍ക്ക്‌ലോഡുകള്‍ എന്നിവയ്ക്കായി നിര്‍മ്മിച്ച ഒരു റീസണിങ് മോഡല്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 10 ലക്ഷം ടോക്കണ്‍ കോണ്‍ടെക്സ്റ്റ് വിന്‍ഡോയുമായാണ് ഈ മോഡല്‍ വരുന്നത്. അതായത് ഒരൊറ്റ സെഷനില്‍ വളരെ വലിയ അളവിലുള്ള ടെക്‌സ്റ്റോ കോഡോ ഇതിന് കൈകാര്യം ചെയ്യാന്‍ കഴിയും. ദുരൂഹത നീങ്ങാത്തപ്പൊഴും ഈ മോഡല്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള കാരണം ഇത് ഇപ്പോള്‍ സൗജന്യമാണ് എന്നതാണ്.

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍, ഡി ഗ്രൂപ്പ് ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമായ ‘കോസ്മിക് സാംസണ്‍’ ടീസര്‍ പുറത്ത്. ഫാന്റസി വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമാണിതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മാത്രമല്ല ഒരു സൂപ്പര്‍ ഹീറോ കഥയാണോ ചിത്രം പറയുന്നതെന്ന ആകാംക്ഷയും ഈ ടീസര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുണ്ട്. ‘ജോണ്‍ ലൂതര്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും. സന്ദീപ് പ്രദീപ് കൂടാതെ, മുകേഷ്, മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോന്‍സ് പുത്രന്‍, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

നയന്‍താരയും കവിനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ‘ഹായ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി, ഇത് ഒരു ഫീല്‍ഗുഡ് കോമഡി എന്റര്‍ടെയ്നര്‍ ആയി ഒരുക്കിയിരിക്കുന്നു, മലയാളിയായ വിഷ്ണു ഇടവനാണ് ചിത്രത്തിന്റെ സംവിധായകന്‍, അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ഈ സിനിമയില്‍ ഗാനരചയിത് കൂടിയായ വിഷ്ണു ഏഴ് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. അകാലത്തില്‍ അന്തരിച്ച കെ. ഭാഗ്യരാജ് അഭിനയിച്ച അവസാന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ കവിന്റെ അച്ഛനായി ഭാഗ്യരാജും അമ്മയായി രാധിക ശരത്കുമാറും എത്തുന്നു. രണ്‍ജി പണിക്കര്‍, പ്രഭു എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലോകേഷ് കനകരാജിന്റെ കീഴില്‍ ‘കൈതി’, ‘മാസ്റ്റര്‍’, ‘വിക്രം’ തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് വിഷ്ണു. ‘കൂലി’, ‘ലിയോ’ തുടങ്ങിയ ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സായുധ സേനാംഗങ്ങള്‍ക്കും വിരമിച്ച സൈനികര്‍ക്കും ഇനി സേനയുടെ കാന്റീന്‍ സ്റ്റോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി ഏഥര്‍ എനര്‍ജി സ്‌കൂട്ടറുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. സെപ്റ്റംബറില്‍ വില്‍പ്പന ആരംഭിക്കും. 450, റിസ്ത കുടുംബങ്ങളില്‍ നിന്നുള്ള എട്ട് വേരിയന്റുകളാണ് സിഎസ്ഡിയില്‍ ലഭ്യമാകുക. സിഎസ്ഡി വഴി വാങ്ങുന്ന സ്‌കൂട്ടറുകള്‍ക്ക് ജിഎസ്ടി ആനുകൂല്യങ്ങള്‍ക്ക് പുറമേ ഏഥറില്‍ നിന്നുള്ള പ്രത്യേക കിഴിവുകളും ലഭിക്കും. പെര്‍ഫോമന്‍സ് മോഡലായ ഏഥര്‍ 450 അപെക്‌സിനെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂട്ടര്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന അര്‍ഹതയുള്ളവര്‍ ഔദ്യോഗിക വിവരങ്ങള്‍ നല്‍കി എഎഫ്ഡി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഇഷ്ടമുള്ള ഏഥര്‍ മോഡലും തൊട്ടടുത്തുള്ള യൂണിറ്റ് റണ്‍ കാന്റീനും തെരഞ്ഞെടുക്കാം. റീജിയണല്‍ ഡീലര്‍മാര്‍ മുഖേനയാണ് വാഹനത്തിന്റെ ഡെലിവറിയും ആര്‍ടിഒ രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കുന്നത്.

കാലം മരവിച്ചുപോയ ആ പഴയ മാളികയുടെ ഇരുണ്ട ഇടനാഴികളില്‍ പതിയിരിക്കുന്നത് കേവലം ഭയമായിരുന്നില്ല, അതിലും ക്രൂരമായ മറ്റെന്തോ ആയിരുന്നു! യാഥാര്‍ത്ഥ്യവും മിഥ്യയും തിരിച്ചറിയാനാവാത്തവിധം കെട്ടുപിണഞ്ഞ നിഗൂഢതകളുടെ ഭൂതകാലം. നിഴലുകള്‍ക്ക് പിന്നിലെ അദൃശ്യമായ കരങ്ങള്‍ അവരെ ഓരോരുത്തരെയും തേടിയെത്തുകയാണ്. ഏറ്റവും പ്രിയപ്പെട്ടവരുടെ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന വഞ്ചനയുടെയും ചതിയുടെയും മുഖംമൂടികള്‍ ഓരോന്നായി അഴിഞ്ഞുവീഴാന്‍ തുടങ്ങുന്നു. ഇനി ആര്‍ക്കാണ് അവിടെ നിന്നും ജീവനോടെ രക്ഷപ്പെടാനാകുക? ഉറക്കം കെടുത്തുന്ന രഹസ്യങ്ങളും ശ്വാസമടക്കിപ്പിടിച്ചിരിക്കേണ്ടി വരുന്ന അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളുമായി, നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടാന്‍ പോന്ന ഒരു അത്യുഗ്രന്‍ ഹൊറര്‍ ത്രില്ലര്‍. ‘നിഴലുകള്‍ക്ക് പിന്നില്‍’. കെ അനാമിക. പ്രവ്ധ ബുക്സ്. വില 266 രൂപ.

ഒരു ജീവിയില്‍ നിന്ന് മറ്റൊന്നിലേക്ക് സമ്പര്‍ക്കം വഴി പകരുന്ന അര്‍ബുദം ശുദ്ധജല ജീവികളില്‍ കണ്ടെത്തിയതായി ഗവേഷകര്‍. കാനഡയിലെ ക്യുബെക്കിലും യുഎസിലെ വെര്‍മോണ്ടിലുമായി വ്യാപിച്ചു കിടക്കുന്ന മെംഫ്രെമാഗോഗ് നദിയിലെ ബ്രൗണ്‍ ബുള്‍ഹെഡ് ക്യാറ്റ് ഫിഷിലാണ് ഈ പ്രത്യേക തരം അര്‍ബുദം കണ്ടെത്തിയത്. ഇതിന് മുന്‍പ് ശുദ്ധജല മത്സ്യങ്ങളില്‍ ഇത്തരം അര്‍ബുദം നിരീക്ഷിച്ചിട്ടില്ല. നായ്ക്കളിലും ടാസ്മാനിയന്‍ ഡെവിള്‍സിലും കടലിലെ ഷെല്‍ഫിഷിലും പകരുന്ന അര്‍ബുദം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അര്‍ബുദ കോശങ്ങള്‍ എങ്ങനെ പടരുന്നുവെന്നതിന്റെ കൃത്യമായ മാര്‍ഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രത്യുത്പാദന സമയത്ത് മത്സ്യങ്ങള്‍ കൂട്ടം കൂടുമ്പോഴോ, ചുറ്റുമുള്ള ജലത്തിലൂടെയോ ഒക്കെയാകാം അര്‍ബുദ കോശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സമ്പര്‍ക്കം വഴി പടരുന്ന അര്‍ബുദം കാരണം മെംഫ്രെമാഗോഗ് നദിയിലെ ഈ മീനിന്റെ എണ്ണത്തില്‍ 30 ശതമാനം വരെ കുറവ് വരുത്തിയതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. നോര്‍ത്ത് അമേരിക്കയിലെ മറ്റ് ശുദ്ധജല തടാകങ്ങളിലും ഇത്തരം അര്‍ബുദ രോഗ സാധ്യത മീനുകളില്‍ ഉണ്ടാകാമെന്ന് ഗവേഷകര്‍ കരുതുന്നു. എന്നാല്‍ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. മനുഷ്യര്‍ക്കോ മറ്റ് മൃഗങ്ങള്‍ക്കോ മീനുകളില്‍ നിന്ന് അര്‍ബുദം പടരുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.71, പൗണ്ട് – 130.61, യൂറോ – 111.78, സ്വിസ് ഫ്രാങ്ക് – 119.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 68.60, ബഹറിന്‍ ദിനാര്‍ – 253.72, കുവൈത്ത് ദിനാര്‍ -310.29, ഒമാനി റിയാല്‍ – 248.94, സൗദി റിയാല്‍ – 25.45, യു.എ.ഇ ദിര്‍ഹം – 26.05, ഖത്തര്‍ റിയാല്‍ – 26.29, കനേഡിയന്‍ ഡോളര്‍ – 69.24.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *