മെസ്സി വരുമെന്നു പ്രചരിപ്പിച്ചു നടത്തിയ തട്ടിപ്പുകേസില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസ് അടക്കമുള്ളിടത്തു പോലീസ് റെയ്ഡ്. ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ളാറ്റ്, ജോസ്‌കുട്ടി അഗസ്റ്റിന്റെ ഫ്ളാറ്റ്, ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ തറവാട് വീട്, റിപ്പോര്‍ട്ടര്‍ ചാനല്‍ കൊച്ചി ഓഫീസ്, ഗോട്ടാഡ് കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. പുലര്‍ച്ചെ നാല് മണിക്കാണ് എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി പരിശോധന ആരംഭിച്ചത്.
നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ സരള്‍ കേരള പദ്ധതി തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കേരളത്തില്‍ നിക്ഷേപങ്ങള്‍ അതിവേഗത്തില്‍ കൊണ്ടുവരാന്‍ 19 ചട്ടങ്ങള്‍ ഭേദഗതി ചെയ്യും. ഒറ്റ ഫയല്‍ മാത്രമേ ഉണ്ടാകൂ. 50 കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ ജില്ലാ തലത്തിലും അതിനു മുകളിലുള്ള നിക്ഷേപങ്ങള്‍ സംസ്ഥാന തലത്തിലുമാണ് അനുമതി നല്‍കുക.
ഇന്ത്യയുടെ നാവികസേന കപ്പലില്‍ പാകിസ്ഥാന്റെ കപ്പലിടിച്ചു. അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യന്‍ കപ്പലിലാണ് പാകിസ്ഥാന്‍ നാവിക സേന കപ്പല്‍ ഇടിച്ചത്. കപ്പലുകളുടെ നീക്കങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കണമെന്ന ധാരണ പാകിസ്ഥാന്‍ ലംഘിച്ചെന്ന് ഇന്ത്യ. പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.
പിഎസ് സി പരീക്ഷാ തട്ടിപ്പ് നടത്തിയവര്‍ക്കെതിരേ പോലീസ് അന്വേഷണം നടത്തും. സഹകരിക്കില്ലെന്ന് തീരുമാനിക്കാന്‍ പിഎസ് സി ചെയര്‍മാന് പ്രത്യേക സംരക്ഷണമില്ല. അന്വേഷണം ഉണ്ടാകും, പരിശോധനയും നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി.
ജനവാസ മേഖലയെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍നിന്നു നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിലുള്ളതു 131 വില്ലേജുകളാണ്. പട്ടികയില്‍ 95 വില്ലേജുകളെ മാത്രം ഉള്‍പെടുത്തിയാല്‍ മതിയെന്നാണു സര്‍ക്കാര്‍ നിലപാട്. മൊത്തം 8590 ചതുരശ്ര കിലോമീറ്റര്‍. ഏലത്തോട്ടങ്ങളെ വനഭൂമിയായാണ് ഉള്‍പെടുത്തിയത്. അതു തിരുത്താനുള്ള ശ്രമം തുടരുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. മഴയും വൈദ്യുതി ഉല്‍പാദനവും കുറഞ്ഞു. ഉപയോഗം വര്‍ധിച്ചു. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ലഭിക്കുന്ന 2,500 മെഗാവാട്ട് വൈദ്യുതി സംഭരിക്കാന്‍ സ്റ്റേറേജ് ബാറ്ററി സൗകര്യമില്ല. സോളാര്‍ വൈദ്യുതി തരുന്നവര്‍ക്കു രാത്രി പീക്ക് സമയത്ത് കൂടുതല്‍ വൈദ്യുതി നല്‍കേണ്ടിവരുന്നു. സ്റ്റോറേജ് സൗകര്യം ഏര്‍പ്പെടുത്തണം. ദീര്‍ഘകാല കരാറുകള്‍ ആവശ്യമാണ്. യൂണിറ്റിനു 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിട്ടില്ല. ഇന്നലെ തമിഴ്നാട് 38 രൂപയ്ക്കു വാങ്ങാന്‍ കരാറുണ്ടാക്കി. വൈദ്യുതി ലഭിക്കാന്‍ കേരളം എട്ടു സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി.
വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതില്‍ തര്‍ക്കമില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഐഎഎസ് ഉദ്യോഗസ്ഥരെ പരിശീലനത്തിനും മുറ്റുമായി കേന്ദ്രം വിളിപ്പിക്കാറുണ്ട്. ഇങ്ങനെ ഉദ്യോഗസ്ഥര്‍ പോകുന്നതോടെ ഡിപ്പാര്‍ട്ടുമെന്റുകളെ അനാഥമാക്കാനാവില്ല. ഐഎഎസ് ഉദ്യോഗസ്ഥരെ കിട്ടാനില്ല. അമിതമായി ചുമതലകള്‍ വഹിക്കേണ്ടിവരുന്നു. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എറണാകുളത്ത് രണ്ട് എന്‍ഐഎ കോടതികള്‍ കൂടി സ്ഥാപിക്കുമെന്നും ചെലവു കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണു തോറ്റതെന്ന് സിപിഎം നേതാക്കള്‍ക്ക് ഇപ്പോഴും മനസിലാകാത്തതു നല്ല കാര്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. തോറ്റതിന്റെ ഉത്തരവാദിത്വം ജനങ്ങളുടെ തലയിലും സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ തലയിലും കെട്ടിവച്ച് യഥാര്‍ത്ഥ ഉത്തരവാദികള്‍ അതിസമര്‍ത്ഥമായി തടിതപ്പിയിരിക്കുകയാണെന്നും സതീശന്‍ പരിഹസിച്ചു.
സ്‌കൂളുകളില്‍ പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ കേന്ദ്ര വിദ്യാഭ്യാസനയം നടപ്പാക്കി. ഇതിന്റെ ഭാഗമായി 500 കോടി രൂപ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് അനുവദിച്ചു.
എന്‍ഫോഴ്സ്മെന്റ് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള വീണയുടെ ചുവന്ന ഡയറിയേ ഇല്ലെന്ന് ഒരാള്‍ പറയുമ്പോള്‍ ഡയറിയില്‍ ഭാവി ബിസിനസ് കാര്യങ്ങളാണ് എഴുതിയിരുന്നതെന്നാണ് മറ്റൊരാള്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പിണറായി വിജയന്‍ ഡയറിയേയില്ലെന്നും മുഹമ്മദ് റിയാസ് ഡയറിയില്‍ ഭാവി നിക്ഷേപ പദ്ധതികളാണ് എഴുതിയിരുന്നതെന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികരിച്ചിരുന്നത്.
മെസിയുടെ പേരില്‍ തട്ടിപ്പു നടത്തിയതടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കുന്ന പോലീസ് കോടതി ഉത്തരവോടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിയമപരമായ റെയ്ഡാണ് നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മെസിയുടെ പേരില്‍ നടന്നത് വലിയ തട്ടിപ്പാണ്. റെയ്ഡ് സംബന്ധിച്ച തീരുമാനം പൊലീസിന്റേതെന്നും സര്‍ക്കാര്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മാധ്യമവേട്ട നടത്തിയിരുന്ന പ്രതിപക്ഷ നേതാവാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡിനെതിരേ പ്രസ്താവനയിറക്കിയതെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. 2017 ല്‍ മംഗളം ടിവിയിലും 2023 ല്‍ ഏഷ്യാനെറ്റിലും 2025 ല്‍ മറുനാടന്‍ മലയാളിയിലും പോലീസിനെക്കൊണ്ടു റെയ്ഡ് നടത്തിച്ചു. ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ നടപടിയെടുത്തു. മറുനാടന്‍ മലയാളി ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്തു. മറുനാടനില്‍ റെയ്ഡ് നടത്തി ലാപ് ടോപ്പുകളും ജീവനക്കാരുടെ ഫോണുകളും പിടിച്ചെടുത്തു. 24 ന്യൂസിന്റെ കൊച്ചി റിപ്പോര്‍ട്ടറേയും എസ്എഫ്ഐക്കാരുടെ മാര്‍ക്കു തട്ടിപ്പു പുറത്തു കൊണ്ടുവന്ന ഏഷ്യാനെറ്റിലെ റിപ്പോര്‍ട്ടറേയും കേസില്‍ കുടുക്കി. മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ഫുട്‌ബോള്‍ സ്‌പോണ്‍സര്‍ തട്ടിപ്പുകേസില്‍ ആന്റോഅഗസ്റ്റിന്‍ ഒന്നാം പ്രതിയെന്ന് പോലീസ് എഫ്.ഐ.ആര്‍. അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുമെന്ന് അവകാശപ്പെട്ട് സര്‍ക്കാരിനെ വഞ്ചിച്ചെന്നാണു കേസ്. രണ്ടാം പ്രതി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡാണ്.
റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടില്‍ നിന്ന് 43 ലിറ്റര്‍ വിദേശമദ്യം എക്‌സൈസ് പിടിച്ചെടുത്തു. ഏഴ് ലിറ്റര്‍ വൈനും പിടികൂടിയിട്ടുണ്ട്. പോലീസ് റെയ്ഡ് അവസാനിച്ചതിനു പിറകേയാണ് എക്സൈസ് സംഘമെത്തി മദ്യവേട്ട നടത്തിയത്.
തിരുവനന്തപുരത്തെ മൃഗശാല മറ്റൊരിടത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇടുങ്ങിയ സ്ഥലത്തെ മൃഗശാലയില്‍ സൗകര്യങ്ങള്‍ കുറവാണ്. മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണിത്. മൃഗശാല നെയ്യാര്‍ പോലെ കാടുമായി ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി.
വൈദ്യുതി ലഭ്യമാക്കാന്‍ കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം മുംബൈയിലേക്ക് തിരിക്കും. നാളെ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനെ കണ്ട് വൈദ്യുതി തേടും.
മാസപ്പടി കേസില്‍ പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്ന് ഇഡിക്ക് നല്‍കിയ സുപ്രധാന മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു. സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ് സുരേഷ്‌കുമാര്‍, ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ് കുമാര്‍ എന്നിവരാണ് 2024 മേയ് 15 ന് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സത്യവാങ്മൂലം നല്‍കിയത്.
വീണയില്‍നിന്ന് പിടിച്ചെടുത്തതായി ഇഡി പറയുന്ന ഡയറിയുടെ പേരില്‍ താനും പിണറായി വിജയനും പറഞ്ഞതില്‍ വൈരുദ്ധ്യമില്ലെന്ന് പി.എ. മുഹമ്മദ് റിയാസ്. തുടങ്ങാനുദ്ദേശിച്ച ബിസിനസിന് ഉണ്ടാകാന്‍ സാധ്യതയുള്ള കണക്കുകളാണ് കുറിപ്പില്‍ ഉണ്ടായിരുന്നതെന്നാണു താന്‍ പറഞ്ഞതെന്നും റിയാസ് ആവര്‍ത്തിച്ചു.
റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ഓഫീസില്‍ പോലീസ് പരിശോധന നടത്താന്‍ എത്തിയതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പ്രതികരിച്ചു.
വിപിവിവി തട്ടിപ്പില്‍ സംസ്ഥാന ഡിജിപിക്ക് പരാതിയുമായി ഉത്തരേന്ത്യന്‍ വ്യവസായി. പണം ആവശ്യപ്പെട്ടപ്പോള്‍ പ്രതിയായ വെങ്കിട വെങ്കിട്ട് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ മരണം ചൂണ്ടിക്കാട്ടി ആയിരുന്നു ഭീഷണിയെന്നും ഉത്തരേന്ത്യന്‍ വ്യവസായി പറയുന്നു.
അടൂര്‍ നെടുംകുളഞ്ഞിയില്‍ സാമൂഹിക വിരുദ്ധര്‍ ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് ഊരിയതില്‍ പൊലീസില്‍ പരാതി നല്‍കി കെഎസ്ഇബി. അടൂര്‍ പൊലീസിലാണ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പരാതി നല്‍കിയത്.
സിനിമാ തിയേറ്ററുകളിലെ പോപ്കോണ്‍ വിലയില്‍ ജനങ്ങള്‍ക്കു പ്രതിഷേധമുണ്ടെന്നു മാളുകളിലെ തിയേറ്റര്‍ നടത്തിപ്പുകാര്‍ മനസിലാക്കണമെന്നു മന്ത്രി അനൂപ് ജേക്കബ്. അന്യായവില ഈടാക്കിയതിനു 33 കേസുകളെടുത്തെന്നും മന്ത്രി പറഞ്ഞു.
പാലാ നഗരസഭ വൈസ് ചെയര്‍മാനായി കോണ്‍ഗ്രസ് വിമതന്‍ ബിജു മാത്യൂസ് എല്‍ഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിലെ 26 അംഗങ്ങളില്‍ 14 പേരുടെ പിന്തുണ ബിജുവിന് ലഭിച്ചു.
മലപ്പുറം സുല്ലമുസലാം ഓറിയന്റല്‍ സ്‌കൂളിന്റെ കായികമേളക്ക് ഒരുക്കിയ പവലിയന്‍ രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. കായിക മേളയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെയാണ് പവലിയന്‍ തകര്‍ന്ന നിലയില്‍ കണ്ടത്. ഷീറ്റ് വലിച്ചുകീറുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കി.
താമരശ്ശേരിയില്‍ രാവിലെ വീട്ടുവരാന്തയില്‍ പത്രം വായിച്ചിരുന്ന മധ്യവയസ്‌കനെ കാട്ടുപന്നി ആക്രമിച്ചു. എം കെ അബ്ദുല്‍ ഖാദര്‍ (59) നാണ് പരിക്കേറ്റത്. അബ്ദുള്‍ ഖാദറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതു ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തെ ശക്തമാക്കുമെന്ന് റിസര്‍വേ ബാങ്ക് ഓഫ് ഇന്ത്യ. യുപിഐ കൂടുതല്‍ പേരിലേക്കും, വ്യാപാരികളിലേക്കും എത്തിക്കാന്‍ ഇത് സഹായിക്കും. ന്യായമായ ഫീസ് ഈടാക്കുന്നത് സാങ്കേതികവിദ്യയിലടക്കം കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും സഹായിക്കുമെന്നാണ് ആര്‍ ബി ഐയുടെ വിശദീകരണം.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ റീകോമ്പിനന്റ് മള്‍ട്ടി-സ്റ്റേജ് മലേറിയ പ്രതിരോധ വാക്സിന്‍ അഡ്ഫാല്‍സിവാക്സ് വൈകാതെയെത്തും. നിലവില്‍ ലഭ്യമായ രണ്ട് മലേറിയ വാക്സിനുകളേക്കാള്‍ ശേഷിയുള്ളതാണ് പുതിയ വാക്സിനെന്ന് ഭുവനേശ്വറിലെ, ഐസിഎംആര്‍ – എഐഎച്ച്ആര്‍ ഡയറക്ടര്‍ ഡോ. സംഘമിത്ര പതി പറഞ്ഞു.
കര്‍ണാടകത്തില്‍ എഞ്ചിനീയര്‍മാര്‍ക്ക് ആദരം. എഞ്ചിനീയര്‍മാരുടെ പേരിന് മുന്നില്‍ ‘ഇആര്‍’ എന്ന് ചേര്‍ക്കാമെന്നു കര്‍ണാടക സര്‍ക്കാര്‍. എഞ്ചിനീയറിങ് രംഗത്തെ അസാധാരണ പ്രതിഭയായിരുന്ന എം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15 എല്ലാ വര്‍ഷവും ‘എഞ്ചിനീഴേസ് ദിനം’ ആയി ആചരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
എം.എല്‍.എ സ്ഥാനം രാജിവച്ച് മറ്റു പാര്‍ട്ടിയില്‍ ചേര്‍ന്ന് അതേ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിക്കുന്നത് വോട്ടര്‍മാരോടുള്ള അനാദരവെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരത്തിലുള്ള രാഷ്ട്രീയ നാടകങ്ങള്‍ തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം. ഡിഎംകെയില്‍നിന്നു രാജിവച്ച് വിജയിന്റെ ടിവികെയില്‍ ചേര്‍ന്ന എംഎല്‍എമാര്‍ രാജിവച്ച മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടത്താമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു.
സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്ക ലക്ഷ്യമാക്കി ഇറാനെ പിന്തുണക്കുന്ന ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തി. സൗദി അറേബ്യന്‍ വ്യോമപ്രതിരോധ സേന ഡ്രോണിനെ തകര്‍ത്തു. എന്നാല്‍ മക്കയിലേക്ക് ആക്രമണം നടത്തിയിട്ടില്ലെന്നും സൗദിയുടെ യുദ്ധവിമാനം വീഴ്ത്തിയിട്ടുണ്ടെന്നുമാണ് ഹൂതികളുടെ അവകാശവാദം.
ഇറാനുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് അമേരിക്കന്‍ സൈന്യത്തിന്റെ പ്രധാന ആയുധശേഖരത്തില്‍ വന്‍ തോതില്‍ ക്ഷാമം നേരിടുന്നതായി പെന്റഗണ്‍ ഇന്‍സ്പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. യു.എസിന്റെ പക്കല്‍ അളവറ്റ ആയുധശേഖരമുണ്ടെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഈ പുതിയ വിലയിരുത്തല്‍.
ഇന്ത്യയും ബ്രസീലും തമ്മില്‍ ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രീരംഗനില്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിന്റെ സ്റ്റേഡിയത്തിന്റെ നിലവാരത്തില്‍ ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തൃപ്തി അറിയിച്ചു. നേരത്തെ ഗ്രൗണ്ടിനെക്കുറിച്ച് ചില ആശങ്കകള്‍ ചിലര്‍ പങ്കുവെച്ചിരുന്നു.
ഏഷ്യന്‍ ഗെയിംസ് ആരംഭിക്കാന്‍ ദിനങ്ങള്‍ മാത്രം ശേഷിക്കേ ശ്രീലങ്കയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായ ജാവലിന്‍ ത്രോ താരം റുമേഷ് പതിരഗെയുടെ ജാവലിനുകള്‍ വിമാനയാത്രയ്ക്കിടെ തകര്‍ന്നു. ഹങ്കറിയിലെ ബുഡാപെസ്റ്റില്‍ നടന്ന വേള്‍ഡ് അത്‌ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ശേഷം തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. താരം എയര്‍ലൈന്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
വനിതാ പ്രീമിയര്‍ ലീഗിന്റെ 2027 സീസണിനായുള്ള താരലേലം ഒക്ടോബര്‍ 28-ന് കൊച്ചിയില്‍ നടക്കും. ടൂര്‍ണമെന്റിന്റെ വേദികളില്‍ ഒന്നായി വാരണാസിയെ ഉള്‍പ്പെടുത്തുന്ന കാര്യവും വനിതാ പ്രീമിയര്‍ ലീഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.
ഏഷ്യന്‍ ഗെയിംസിന് ജപ്പാനിലെത്തുന്ന കായികതാരങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കുന്നത് ആഡംബര കപ്പലായ കോസ്റ്റ സെറീനയില്‍. 45 രാജ്യങ്ങളില്‍നിന്ന് എത്തുന്ന പതിനായിരത്തിലേറെ കായിക താരങ്ങളില്‍ കുറേപേരെ ഈ കപ്പലിലാണു താമസിപ്പിക്കുക. 950 അടി നീളവും 125 അടി വീതിയും 13 നിലകളും 1507 കാബിനുകളുള്ള കപ്പലില്‍ 3600 യാത്രക്കാരും 1068 ജോലിക്കാരും ഉണ്ട്. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് ഏഷ്യന്‍ ഗെയിംസ്.
അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടും, സ്വര്‍ണ ഇറക്കുമതിയില്‍ ഉണ്ടായ വന്‍ ഇടിവ് ഇന്ത്യയ്ക്ക് തുണയായി. ഓഗസ്റ്റ് മാസത്തിലെ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി അപ്രതീക്ഷിതമായി 2,686 കോടി ഡോളറായി (26.86 ബില്യണ്‍ ഡോളര്‍) കുറഞ്ഞു. സാമ്പത്തിക വിദഗ്ധര്‍ ഓഗസ്റ്റില്‍ 3,200 കോടി ഡോളറിന്റെ വ്യാപാര കമ്മി പ്രവചിച്ചിരുന്നിടത്താണ് ഈ മികച്ച തിരിച്ചു വരവ്. ജൂലൈയില്‍ 3,198 കോടി ഡോളറായിരുന്നു വ്യാപാര കമ്മി. ആകെ ഇറക്കുമതി ബില്ലില്‍ കാര്യമായ കുറവുണ്ടാകാന്‍ പ്രധാന കാരണം സ്വര്‍ണത്തിന്റെ വരവ് പകുതിയോളം കുറഞ്ഞതാണ്. ജൂലൈയിലെ ഇറക്കുമതി 416 കോടി ഡോളര്‍ ആയിരുന്നു. ഓഗസ്റ്റില്‍ ഇത് 230 കോടി ഡോളര്‍ ആയി ചുരുങ്ങി. ഉത്സവ സീസണിന് മുന്നോടിയായി ജൂലൈയില്‍ വ്യാപാരികള്‍ വന്‍തോതില്‍ സ്റ്റോക്ക് എടുത്തതിനെ തുടര്‍ന്നാണ് ഓഗസ്റ്റില്‍ വാങ്ങല്‍ മന്ദഗതിയിലായത്. ഇത് മൊത്തം ഇറക്കുമതിച്ചെലവ് ജൂലൈയിലെ 7,622 കോടി ഡോളറില്‍ നിന്ന് 7,067 കോടി ഡോളറായി കുറയ്ക്കാന്‍ സഹായിച്ചു.
റിയല്‍മി 16 പ്രോയുടെ പ്രത്യേക ഹാരി പോട്ടര്‍ എഡിഷന്‍ സെപ്റ്റംബര്‍ 21ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഫോണിന്റെ ഡിസൈന്‍ പൂര്‍ണ്ണമായും ഹോഗ്വാര്‍ട്ട്സ് ലോകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. കമ്പനിയുടെ വെബ്‌സൈറ്റിലും ഫ്ലിപ്കാര്‍ട്ടിലും ഇതിനായി പ്രത്യേക മൈക്രോസൈറ്റ് ഇപ്പോള്‍ ലൈവാണ്. ബ്രൗണ്‍ ലെതര്‍ ഫിനിഷിലാണ് ഫോണ്‍ എത്തുന്നത്. പിന്‍ പാനലില്‍ വിസാര്‍ഡ്സ് ചെസ്സിനെ അനുസ്മരിപ്പിക്കുന്ന ആര്‍ഗൈല്‍ ടെക്സ്ചറാണ് നല്‍കിയിരിക്കുന്നത്. പിന്നില്‍ മധ്യഭാഗത്തായി ഹോഗ്വാര്‍ട്ട്സ് ക്രെസ്റ്റ് ആലേഖനം ചെയ്തിട്ടുണ്ട്, അതിനൊപ്പം ഹാരി പോട്ടര്‍ വേഡ്മാര്‍ക്കും ഉണ്ട്. കാമറ ലെന്‍സുകള്‍ ഹാരി പോട്ടറുടെ പ്രിയപ്പെട്ട മൂങ്ങയുടെ കണ്ണുകള്‍ പോലെയാണ്. ഹാരി പോട്ടര്‍ എഡിഷനൊപ്പം ഹോഗ്വാര്‍ട്ട്സ് തീമിലുള്ള ലിമിറ്റഡ് എഡിഷന്‍ ഗിഫ്റ്റിങ് ബോക്സും റിയല്‍മി നല്‍കും. ഹാരി പോട്ടറുടെ ഐക്കണിക് ട്രങ്ക് പോലെയാണ് ഈ ബോക്സ്. വെറും 5,000 യൂണിറ്റുകള്‍ മാത്രമാണ് ഈ ഗിഫ്റ്റ് ബോക്സ് ലഭ്യമാകു.
ഇന്ത്യന്‍ സംഗീതലോകത്തെ അതികായയും ഭാരതരത്ന വിജയിയുമായ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിത കഥ സിനിമയാവുന്നു.’എം.എസ്. എ ലെഗസി ഓണ്‍ സ്‌ക്രീന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ബയോപിക്കില്‍ രശ്മിക മന്ദാനയാണ് എം.എസ്. സുബ്ബലക്ഷ്മിയായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുക. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രം അല്ലു അരവിന്ദ്, റോക്ക് ലൈന്‍ വെങ്കിടേഷ്, ബണ്ണി വാസു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എം.എസ്. സുബ്ബലക്ഷ്മിയുടെ 110-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈ മ്യൂസിക് അക്കാദമിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആ ഇതിഹാസ ശബ്ദത്തിന് പിന്നിലെ സ്ത്രീയെ അവരുടെ വികാരങ്ങള്‍, ആഗ്രഹങ്ങള്‍, പോരാട്ടങ്ങള്‍, ശക്തി, ആത്മീയ യാത്ര എന്നിവയെ പുതിയ തലമുറയിലെ പ്രേക്ഷകരിലേക്ക് അടുപ്പിക്കാന്‍ രശ്മികയുടെ അഭിനയത്തിലൂടെ ചിത്രം ലക്ഷ്യമിടുന്നു.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രം ‘ടോക്സിക്’ ഒടിടിയിലും എത്തുകയാണ്. ഒടിടിയില്‍ സീ5ലായിരിക്കും സ്ട്രീമിംഗ്. സെപ്റ്റംബര്‍ 25 മുതലായിരിക്കും സ്ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്. വ്യക്തിബന്ധങ്ങളും അധികാരത്തിനായുള്ള വലിയ പോരാട്ടങ്ങളും വേര്‍തിരിക്കാനാകാത്ത ഒരു ലോകമാണ് ‘ടോക്സിക്’ അവതരിപ്പിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് ലോക സിനിമാ ക്യാന്‍വാസിലേക്കുള്ള ഗീതു മോഹന്‍ദാസിന്റെ യാത്രയിലെ നിര്‍ണായക ചുവടുവെപ്പ് കൂടിയാണ് ‘ടോക്സിക്’. നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. റായയെയും ടിക്കറ്റിനെയും ചുറ്റിപ്പറ്റിയുള്ള സങ്കീര്‍ണമായ ലോകത്തിന് കൂടുതല്‍ തലങ്ങള്‍ നല്‍കുന്നതാണ് ഇവരുടെ കഥാപാത്രങ്ങള്‍.
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ, തങ്ങളുടെ ആര്‍15 വി4ന്റെ പുതിയ രണ്ട് വേരിയന്റുകള്‍ പുറത്തിറക്കി. ക്ലച്ച് ഇല്ലാതെ തന്നെ മാനുവല്‍ മോട്ടോര്‍സൈക്കളിലില്‍ ഗിയര്‍ മാറ്റാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണമായ ക്വിക്ക് ഷിഫ്റ്റര്‍ ആണ് ഈ രണ്ട് പുതിയ വേരിയന്റുകളെ വ്യത്യസ്തമാക്കുന്നത്. ഇതുവരെ ഇന്റന്‍സിറ്റി വൈറ്റ് വേര്‍ഷനില്‍ മാത്രമായിരുന്നു ക്വിക്ക് ഷിഫ്റ്റര്‍. എന്നാല്‍ ഇപ്പോള്‍ റേസിങ് ബ്ല്യൂ, മാറ്റ് പേള്‍ വൈറ്റ് പതിപ്പുകളിലും ഈ ഫീച്ചര്‍ ലഭിക്കും. ക്വിക്ക് ഷിഫ്റ്ററോട് കൂടി ആര്‍15 വി4 വേരിയന്റിന് 1,79,500 രൂപയാണ് (എക്‌സ്‌ഷോറൂം) വില. ക്വിക്ക് ഷിഫ്റ്റര്‍ ഇല്ലാത്ത വേരിയന്റിനേക്കാള്‍ 4650 രൂപ കൂടുതലാണ് ഈ പുതിയ വേരിയന്റിന്. 18.1 ബിഎച്ച്പി കരുത്തും 14.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 155സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിലുള്ളത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എന്‍ജിന്‍ ബന്ധിച്ചിരിക്കുന്നത്.
ബാലസാഹിത്യം എല്ലാ പ്രായക്കാര്‍ക്കും രസകര മാകണം എന്ന കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ചെറുനോവല്‍. നാട്ടുപുരാണങ്ങള്‍. കുടുംബ ത്തിന്റെ ഐതിഹ്യങ്ങള്‍, പരമ്പരാഗതമായി കൊണ്ടാടപ്പെട്ട ചില രസകരമായ വിശ്വാസങ്ങള്‍, പിന്നെ വീടുകളില്‍നിന്നു മാഞ്ഞുപോയ ജന്തുജാലങ്ങളുടെ ഓര്‍മകളും. ഒറ്റയിരിപ്പില്‍ വായിക്കാവുന്ന രസകരമായ ഒരു നീളന്‍കഥ. ‘അമ്മുവും ചിറ്റയും’. കെ.ആര്‍ മീര. ഡിസി ബുക്സ്. വില 179 രൂപ.
ശരീരം മൊത്തത്തിലൊന്ന് റിലാക്സ് ആകാനും മാനസിക സമ്മര്‍ദം കുറയ്ക്കാനും സഹായിക്കുന്ന ഒരു മികച്ച മാര്‍ഗമാണ് പാദങ്ങള്‍ ചെറുചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുന്നത്. എന്നാല്‍ വെറുതെ കാലുകള്‍ വെള്ളത്തില്‍ മുക്കിവയ്ക്കുന്നതിന് പകരം, ചില പൊടിക്കൈകള്‍ കൂടി പ്രയോഗിക്കുന്നത് ഇരട്ടി ഗുണം കിട്ടാന്‍ സഹായിക്കും. നിരവധി നാഡികള്‍ സംഗമിക്കുന്ന ഒരു ഭാഗമാണ് പാദം. അതുകൊണ്ട് തന്നെ ശരീരത്തിന്റെ പല അവയവങ്ങളെയും ഭാഗങ്ങളെയും പാദങ്ങള്‍ക്ക് നല്‍കുന്ന പരിചരണം സ്വാധീനിക്കും. ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പാദങ്ങള്‍ മുക്കിവെക്കാന്‍ എടുക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഇന്തുപ്പു കൂടി ചേര്‍ക്കുന്നത് നിങ്ങളുടെ പേശികളെ വിശ്രമിക്കാനും വീക്കം കുറയ്ക്കാനും ചെറിയ വേദന ഒഴിവാക്കാനും സഹായിക്കും. കൂടാതെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇന്തുപ്പ് പരുക്കനായിരിക്കുന്ന ചര്‍മത്തെ മൃദുവാക്കാനും സഹായിക്കും. വെള്ളത്തില്‍ എസന്‍ഷ്യല്‍ ഓയില്‍ ചേര്‍ക്കുന്നത് അരോമാതെറാപ്പിയുടെ ഗുണങ്ങള്‍ നല്‍കും. ലാവെന്‍ഡര്‍ ഓയില്‍ ചേര്‍ക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും അതേസമയം ടീ ട്രീ ഓയിലില്‍ പാദങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്ന ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. പെപ്പര്‍മിന്റ് ഓയില്‍ ഊര്‍ജ്ജസ്വലമാക്കും. പാദങ്ങള്‍ മുക്കിവെക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ താപനില ഏകദേശം 37- 40 ഡിഗ്രി സെല്‍ഷ്യസ് താപനില ക്രമീകരിക്കുന്നതാണ് ഉത്തമം. ഇത് രക്തയോട്ടം വര്‍ധിപ്പിക്കാനും പേശികള്‍ റിലാക്സ് ആകാനും സഹായിക്കും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.94, പൗണ്ട് – 129.20, യൂറോ – 110.79, സ്വിസ് ഫ്രാങ്ക് – 117.19, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 68.41, ബഹറിന്‍ ദിനാര്‍ – 254.52, കുവൈത്ത് ദിനാര്‍ -310.94, ഒമാനി റിയാല്‍ – 249.51, സൗദി റിയാല്‍ – 25.56, യു.എ.ഇ ദിര്‍ഹം – 26.14, ഖത്തര്‍ റിയാല്‍ – 26.34, കനേഡിയന്‍ ഡോളര്‍ – 68.87.
