ആപ്പിള്‍ ഡിവൈസുകള്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. വിവിധ ഡിവൈസുകളില്‍ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സോഫ്റ്റ്വെയര് ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഐഫോണ്‍, ഐപാഡ്, മാക് കമ്പ്യൂട്ടര്‍, ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി തുടങ്ങി വിവിധ ഉപകരണങ്ങളില്‍ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ട്. ആപ്പിളിന്റെ വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും സഫാരി ബ്രൗസറിലുമാണ് സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയിരിക്കുന്നത്. വ്യക്തിഗത ഉപയോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് ബാധകമാണ്. ആപ്പിള്‍ ഉപകരണങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് ഉപകരണങ്ങളില്‍ ഹാനികരമായ കോഡുകള്‍ പ്രവര്‍ത്തിപ്പിക്കാനും കൂടുതല്‍ നിയന്ത്രണാധികാരം നേടാനും സാധിച്ചേക്കാം.
