yt cover 55

കേരളത്തിലെ എസ്ഐആര്‍ ഹര്‍ജികള്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ തീര്‍പ്പാക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്. പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് കോടതി അറിയിച്ചു. വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, പുറത്താക്കപ്പെട്ട 24 ലക്ഷം പേരില്‍ പലര്‍ക്കും തുടര്‍അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സിപിഎമ്മിനായി ഹാജരായ അഭിഭാഷകന്‍ ജി പ്രകാശ് വാദിച്ചു.

വൈദ്യുതി വാങ്ങാന്‍ ഭീമമായ വില കൊടുക്കേണ്ട അവസ്ഥയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. . വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഹിമാചല്‍ മാത്രമല്ല, മറ്റു സ്ഥലങ്ങളില്‍നിന്നും വൈദ്യുതി വാങ്ങാന്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. വൈദ്യുതി ഉപയോഗം അസാധാരണമായി വര്‍ധിച്ചതാണ് പ്രതിസന്ധിക്കു കാരണം. കേരളം മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും ദേശീയ തലത്തില്‍ നേരിടുന്ന പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.

ബാറില്‍ മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് വയസ് ബോധ്യപ്പെട്ട ശേഷമേ മദ്യം നല്‍കാവുവെന്ന് എക്സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്തെ ബാറുടമകളും ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണം. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്സ് ആണ്. 23 വയസിനു കുറവുള്ളവര്‍ക്കു മദ്യം നല്‍കരുത്. ഇത് പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടത്തില്‍ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പില്‍ അനധികൃത നിയമനം നേടിയവരും പ്രതികളാകും. 38 പേരാണ് അനധികൃത നിയമനം നേടിയത്. അനുബന്ധ കുറ്റപത്രം നല്‍കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ രോഗികള്‍ക്ക് നല്‍കിയത് ട്രയല്‍ മരുന്നായിരുന്നോ എന്ന് സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. സൂപ്രണ്ട് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും മന്ത്രി പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നാണു നല്‍കിയതെന്നു സംശയിക്കുന്നതായി നേരത്തെ മന്ത്രി ആരോപിച്ചിരുന്നു.

റെംഡെസിവര്‍ മരുന്ന് ഉപയോഗവുമായി 2023 ന് ശേഷമുള്ള നിപ മരണങ്ങള്‍ക്ക് ബന്ധമില്ലെന്ന് നിപ രോഗികളെ ചികിത്സിച്ച ഡോ. എ.എസ്. അനൂപ് കുമാര്‍. മരിച്ച ആറു പേര്‍ക്കും ഈ മരുന്ന് നല്‍കിയിട്ടില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ആറില്‍ നാലു പേര്‍ക്കും മരിച്ചശേഷമാണ് രോഗം സ്ഥിരീകരിച്ചത്. മറ്റു രണ്ടു പേര്‍ക്ക് മരുന്നു നല്‍കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചോയെന്ന് അറിയില്ലെന്നും അനൂപ് പറഞ്ഞു.

ശബരിമല മില്‍മ നെയ്യ് തട്ടിപ്പുകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നെയ്യ് സ്റ്റോര്‍ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനായ ജയലാല്‍ ആണ് അറസ്റ്റിലായത്. ദേവസ്വം ബോര്‍ഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാള്‍. മില്‍മ നെയ്യ് ശബരിമലയില്‍ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതില്‍ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. നേരെത്തെ പിടിയിലായ കരാറുകാരന്‍ എസ് എസ് ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ്.

പൊലീസ് സ്റ്റേഷനുകളില്‍ നിലവിലിരുന്ന പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സംവിധാനം ഒഴിവാക്കി ‘സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌ക്’ ഏര്‍പ്പെടുത്താനുള്ള തീരുമാനം സാധാരണക്കാര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനസൗഹൃദ പൊലീസിങ് എന്ന ആശയത്തിന് തന്നെ ഈ മാറ്റം വിഘാതമാകുമെന്ന് പിണറായി.

സി.ബി.എസ്.ഇ. 2028 ലെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കു പുതിയ പരീക്ഷാ രീതി പ്രഖ്യാപിച്ചു. അഞ്ച് നിര്‍ബന്ധിത വിഷയങ്ങളും ഓപ്ഷണലായി ഒരു സ്‌കില്‍ (നൈപുണ്യ) പേപ്പറും ഉണ്ടായിരിക്കും. മാത്തമാറ്റിക്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ പരാജയപ്പെട്ടാല്‍, സ്‌കില്‍ പേപ്പറില്‍ ലഭിക്കുന്ന മാര്‍ക്ക് ഉപയോഗിച്ച് പരീക്ഷ ജയിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടായ അക്രമങ്ങള്‍ ആസൂത്രിതമാണെന്നു വി സി ഡോ. പി രവീന്ദ്രന്‍. മനസ്സിന് വേദനയുണ്ടാക്കുന്ന കാര്യങ്ങളാണു സംഭവിച്ചത്. സംഘര്‍ഷവും അക്രമവും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അക്രമ രാഷ്ട്രീയം ക്യാമ്പസിന് വേണ്ടെന്നും വി സി ഡോ. പി രവീന്ദ്രന്‍ പറഞ്ഞു.

ഇടുക്കിയില്‍ ഭാര്യയെ കമ്പികൊണ്ട് തലയ്ക്കടിച്ചശേഷം ഭര്‍ത്താവ് നിറയൊഴിച്ചു മരിച്ചു. കുഴിതൊളുവില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയെയാണ് ഭര്‍ത്താവ് സന്തോഷ് പോസ്റ്റ് ഓഫീസില്‍ എത്തി ആക്രമിച്ചത്. തുടര്‍ന്ന് ഇയാള്‍ റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.

ചേരാനല്ലൂര്‍ അപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ പേരു വെളിപെടുത്തി അപേക്ഷ നല്‍കിയ പ്രോസിക്യൂഷനു കോടതിയുടെ വിമര്‍ശനം. കുട്ടികളുടെയും സ്ത്രീകളുടേയും കേസുകള്‍ പരിഗണിക്കുന്ന അഡീഷണല്‍ സെഷന്‍സ് കോടതിയാണു പ്രോസിക്യൂഷനോട് ശിക്ഷാര്‍ഹമായ കുറ്റമാണു ചെയ്തതെന്നു ചൂണ്ടിക്കാട്ടിയത്. വീണ്ടും അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയ കോടതി ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റിവച്ചു.

ചേരാനെല്ലൂര്‍ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കവേ സ്വന്തം അഭിഭാഷകനെതിരേ കോടതിയില്‍ ജയബാലകൃഷ്ണന്റെ ബന്ധു. ഭീഷണിപ്പെടുത്തിയാണു വക്കാലത്ത് നല്‍കിയതെന്ന് ജയബാലകൃഷ്ണന്റെ അനന്തരവള്‍ ജയലക്ഷ്മി ആരോപിച്ചു. ജയബാലകൃഷ്ണന്റെ മകളാണു തനിക്കു വക്കാലത്തു തന്നതെന്നും ഭീഷണി ഉണ്ടായിട്ടില്ലെന്നും അഭിഭാഷകന്‍.

ചേരാനല്ലൂര്‍ ബെന്‍സ് അപകടത്തില്‍ 17കാരന്റെ അച്ഛനായ അഡീഷണല്‍ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. മറ്റൊരു വേദി കിട്ടാത്തത് കൊണ്ടാണ് താന്‍ ഇക്കാര്യം തുറന്ന് പറയുന്നത്. സ്ഥലം മാറ്റത്തില്‍ സങ്കടമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചേരാനല്ലൂര്‍ അപകടത്തിലടക്കം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത നടപടിയില്‍ വിമര്‍ശനവുമായി കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രമേയം. പോലീസിനുമേല്‍ തെറ്റായ ശുപാര്‍ശകളും അന്യായമായ നിര്‍ദ്ദേശങ്ങളും വരുന്നുണ്ടെന്നും, നിയമവിരുദ്ധമായത് അനുസരിക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ബാധ്യതയില്ലെന്നും അസോസിയേഷന്‍.

സര്‍ക്കാര്‍ ഫണ്ടുകളുടെ വിനിയോഗം എങ്ങനെയെന്ന് അറിയാനുള്ള പൂര്‍ണ അവകാശം പൗരന്മാര്‍ക്കുണ്ടെന്നും അവകാശം വിനിയോഗിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണര്‍ വി. ഹരിനായര്‍. അപേക്ഷകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 30 ദിവസത്തിനകം മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ മമ്മൂട്ടിയെപ്പോലുള്ള ആളുകളുടെ വിമര്‍ശനം ക്രിയാത്മകമായാണു കാണുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിന്റെ പേരില്‍ സൈബര്‍ ആക്രണത്തിന്റെ കാര്യമില്ല. എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാത്രമല്ല പാര്‍ട്ടിയും അത്തരക്കാരെ കാണും. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആളുകളെ കണ്ട് സംസാരിക്കാനാണ് തീരുമാനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അട്ടപ്പാടിയില്‍ 10 മാസത്തിനകം 10 കുട്ടികള്‍ മരിച്ചതായി വി കെ ശ്രീകണ്ഠന്‍ എംപി. ഗൗരവമുള്ള വിഷയമാണെന്നും അരിവാള്‍ രോഗം വ്യാപകമാണെന്നും വി കെ ശ്രീകണ്ഠന്‍ ചൂണ്ടിക്കാട്ടി.

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നവംബര്‍ ഒമ്പതിന് പുനരാരംഭിക്കും. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 17 പേരാണ് കേസിലെ പ്രതികള്‍.

കണ്ണൂര്‍ സ്വദേശികളായ വ്ളോഗര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്കിന് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. ശിവത്തില്‍ അനൂപ്, ഷബീര്‍ താണ എന്നിവരുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത സംശയിച്ചിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക പരസ്യവിചാരണ വൈകീട്ട് നാലിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കും. മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ അധ്യക്ഷയാകുന്ന ചടങ്ങില്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം മല്ലികാര്‍ജുന്‍ ഖര്‍ഗെ അവതരിപ്പിക്കും.

ഗ്യാനേഷ്‌കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി രാംലീല മൈതാനിയില്‍ നവംബര്‍ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മെഗാ റാലിമൂലം ഡല്‍ഹിയില്‍ പന്തീരായിരം കോടി രൂപയുടെ വ്യാപാരം തടസപ്പെടുമെന്നും റാലി മാറ്റിവക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി സംഘടന നേതാക്കള്‍ സോണിയ ഗാന്ധിക്കു കത്തു നല്‍കി. ചേംബര്‍ ഓഫ് ട്രേഡ് ആന്റ് ഇന്‍ഡസ്ട്രി ആണ് സോണിയയ്ക്ക് കത്തെഴുതിയത്.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐഡിബിഐ ബാങ്കിലെ ഭൂരിപക്ഷ ഓഹരികള്‍ കാനഡ ആസ്ഥാനമായുള്ള ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച ലാഭകരമായ ഒരു പൊതുമേഖലാ സ്ഥാപനം സര്‍ക്കാര്‍ വില്‍ക്കുകയാണ്. കോണ്‍ഗ്രസ് കെട്ടിപ്പടുത്ത പൊതുമേഖലാ ബാങ്കുകളെ ബിജെപി ഭരണം ഇല്ലാതാക്കുകയാണെന്നു രാഹുല്‍ കുറ്റപ്പെടുത്തി.

വ്യാജ ഇ-മെയില്‍ വിലാസങ്ങള്‍ നിര്‍മിച്ച് പാക്കിസ്ഥാന്‍, ബംഗ്ലദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് വിറ്റ യുവാവ് ഉത്തര്‍ പ്രദേശ് ഭീകരവിരുദ്ധ സേനയുടെ പിടിയില്‍. കാണ്‍പുര്‍ സ്വദേശിയായ അങ്കിത് ശംഖ്വാറാണ് (24) പിടിയിലായത്. രാജ്യത്തെ പ്രമുഖ സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച കേസില്‍ നടത്തിയ അന്വേഷണത്തിലാണ് അങ്കിത് അറസ്റ്റിലായത്.

ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നവംബര്‍ ഒന്നിന് നടക്കും. ബെംഗളൂരുവിലെ ബയ്യപ്പനഹള്ളിയിലുള്ള സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും.

സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ നടത്തിയ വ്യോമാക്രമണ നീക്കങ്ങള്‍ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു തകര്‍ത്തു. സൗദിയുടെ പടിഞ്ഞാറന്‍ മേഖലയെയും വിശുദ്ധ നഗരമായ മക്കയെയുമാണ് ഹൂതികള്‍ ഇത്തവണ ലക്ഷ്യമിട്ടത്.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കിഴക്കന്‍, വടക്കന്‍ മേഖലകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടും. ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റും പൊടിപടലങ്ങളും ഉയര്‍ന്നേക്കാം. ഉള്‍പ്രദേശങ്ങളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് വികസന പദ്ധതിയിലെ അഞ്ചാമത്തെയും അവസാനത്തെയും മേല്‍പ്പാലം ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇന്ന് ഗതാഗതത്തിനായി തുറക്കും. 6960 ലക്ഷം ദിര്‍ഹത്തിലധികം ചെലവഴിച്ചാണ് ഈ വമ്പന്‍ പദ്ധതി പൂര്‍ത്തിയാക്കിയത്.

വെള്ളത്തിന് മുകളിലൂടെ മോട്ടോര്‍ സൈക്കിളില്‍ 40.74 കിലോമീറ്റര്‍ പിന്നിട്ട് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി ചൈനീസ് സംരംഭകന്‍. മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ സെഡ്എക്സ്മോട്ടോയുടെ സ്ഥാപകനായ 39 -കാരന്‍ ഷാങ് ഷ്യൂ ആണ് ഈ നേട്ടം കൈവരിച്ചത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ മയാങ് മിയാവോ സ്വയംഭരണ കൗണ്ടിയിലായിരുന്നു റെക്കോര്‍ഡ് റൈഡിംഗ്. പരിഷ്‌കരിച്ച മോട്ടോര്‍ സൈക്കിളില്‍ ജലോപരിതലത്തിലൂടെ കൂടുതല്‍ ദൂരം സഞ്ചരിച്ചതിനാണു ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ചെലവ് കുറയ്ക്കുന്നതിനും പ്രവര്‍ത്തനരീതികള്‍ പുനഃസംഘടിപ്പിക്കുന്നതിനുമായി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ ഓഫറുമായി മൈക്രോസോഫ്റ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം.

1,000 ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുതിപ്പ് തുടരുന്നു. സൗദി പ്രോ ലീഗില്‍ അല്‍-ഖൊലൂദ് ക്ലബ്ബിനെതിരായ മത്സരത്തില്‍ കേവലം 15 മിനിറ്റിനിടെ ഹാട്രിക്ക് നേടി അല്‍ നസറിന് 5-3ന്റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ആയിരം ഗോളിലേക്ക് ഒരുപടി കൂടി അടുത്തത്. ഈ ഹാട്രിക്കോടെ റൊണാള്‍ഡോയുടെ കരിയറിലെ ആകെ ഗോള്‍ നേട്ടം 985 ആയി ഉയര്‍ന്നു.

ഹോങ്കോംഗ് സിക്സസില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് വിജയം. ആറ് ഓവര്‍ വീതമുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തപ്പോള്‍ 12 പന്തില്‍ 41 റണ്‍സെടുത്ത ഖവാജ നാഫിയുടെയും 8 പന്തില്‍ 35 റണ്‍സെടുത്ത അബ്ബാസ് അഫ്രീദിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ 3.5 ഓവറില്‍ പാകിസ്ഥാന്‍ വിജയലക്ഷ്യം അടിച്ചെടുത്തു.

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 1240 രൂപയാണ് കുറഞ്ഞത്. 1,04,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 155 രൂപയാണ് കുറഞ്ഞത്. 13,040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണ വില നാല് മാസത്തെ താഴ്ചയിലേക്ക് വീണു. 2026 ജൂലൈ 1-ന് ശേഷം സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 130 രൂപ താഴ്ന്ന് പുതിയ വില 10,670 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 95 രൂപ കുറഞ്ഞ് 8,350 രൂപയായും 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 65 രൂപ താഴ്ന്ന് 5,385 രൂപയുമായി. വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയില്‍ 10 രൂപയുടെ കുറവോടെ വില 210 രൂപയായി.

ആപ്പിള്‍ ഡിവൈസുകള്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. വിവിധ ഡിവൈസുകളില്‍ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സോഫ്റ്റ്വെയര്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഐഫോണ്‍, ഐപാഡ്, മാക് കമ്പ്യൂട്ടര്‍, ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി തുടങ്ങി വിവിധ ഉപകരണങ്ങളില്‍ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ട്. ആപ്പിളിന്റെ വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും സഫാരി ബ്രൗസറിലുമാണ് സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയിരിക്കുന്നത്. വ്യക്തിഗത ഉപയോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് ബാധകമാണ്. ആപ്പിള്‍ ഉപകരണങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് ഉപകരണങ്ങളില്‍ ഹാനികരമായ കോഡുകള്‍ പ്രവര്‍ത്തിപ്പിക്കാനും കൂടുതല്‍ നിയന്ത്രണാധികാരം നേടാനും സാധിച്ചേക്കാം.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യിലെ പുതിയ ഗാനം ‘കണ്ണേ കണ്ണേ’യുടെ ലിറിക്കല്‍ വീഡിയോ പുറത്ത്. ജി.വി. പ്രകാശ് കുമാര്‍ സംഗീതം നല്‍കിയ ഗാനത്തിന് മലയാളത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത് അരുണ്‍ അലാട്ടാണ്. ആനന്ദ് അരവിന്ദാക്ഷനും ഹരിത ബാലകൃഷ്ണനും ചേര്‍ന്നാണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 20-ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്‍ കൃഷ്ണയും പുതുമുഖം സാത്വിക വീരവല്ലി കല്പനയായുമായി എത്തുന്നു. ശ്രുതി ഹാസന്‍ നിര്‍ണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റൂഹാനി, മുരളി ശര്‍മ, സ്വാസിക എന്നിവരും താരനിരയിലുണ്ട്. പാന്‍- ഇന്ത്യന്‍ റിലീസായി നവംബര്‍ 20 ന് എത്തും.

റിലീസിന് മുന്‍പേ തരംഗം സൃഷ്ടിക്കുകയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’. നവംബര്‍ 5 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ആഗോള തലത്തില്‍ ചിത്രം ഇതുവരെ 25 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ‘ജുഡി ജോഡി’ പുറത്തുവന്നു. എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാല്‍ ആണ്. രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും എത്തുമ്പോള്‍ സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായി എത്തുന്നത്. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹര്‍ഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാല്‍ കപൂറൂം ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിംഗുമാണ് എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫിന്റെ ത്രക്സ്റ്റണ്‍ 400 മോഡലിന്റെ 2026 പതിപ്പ് ഉടന്‍ വിപണിയിലെത്തും. വൃത്താകൃതിയിലുള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് ഇതിന്റെ പ്രത്യേകത. പുതിയ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയ്‌ക്കൊപ്പം ക്രൂയിസ് കണ്‍ട്രോളിനായി പ്രത്യേക ബട്ടണുകള്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കരിച്ച സ്വിച്ച് ഗിയറുകളും ഇതിലുണ്ട്. ഫുള്‍ മാപ്പ് മിററിങ്, ബ്ല്യൂടൂത്ത് കണക്ടിവിറ്റി, ഐഎംയു അധിഷ്ഠിത റൈഡര്‍ എയ്ഡുകള്‍ ഫീച്ചറുകളോടെയാണ് ടിഎഫ്ടി ഡിസ്‌പ്ലേ വരുന്നത്. മെക്കാനിക്കല്‍ ഭാഗത്ത് കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. 349 സിസി, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ തന്നെയായിരിക്കും ഇതിലും ഉണ്ടാവുക. ഇത് 39.5 ബിഎച്ച്പി കരുത്തും 32 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിക്‌സ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചതായിരിക്കും പുതിയ എന്‍ജിന്‍.

ഇത് പ്രിയദര്‍ശിനിയുടെ കഥയാണ്. ഇടയ്‌ക്കെപ്പോഴോ വഴിതെറ്റിയൊഴുകിയ ജീവിതം ശരിയിലേക്കെത്തിക്കാന്‍ അവള്‍ തിരികെയെത്തുകയാണ്. ആ ഗ്രാമത്തിലേക്ക്… കറുകനെല്ലൂരിലേക്ക്… ബാല്യത്തിന്റെ മനോഹാരിതയും ഗൃഹാതുരത്വവും നിറഞ്ഞ ആ ഓര്‍മ്മകളിലേക്ക് അവളെത്തുന്നത് അവരെ തേടിയാണ്… ആദിയെയും ശ്രീക്കുട്ടിയെയും… നടന്നുതീര്‍ത്ത വഴികളിലെ വേദനകള്‍ മറന്ന്… പിച്ചവച്ചു നടന്ന മണ്ണിന്റെ ആര്‍ദ്രതയിലേക്ക്… ലാങ്കി മരത്തിന്റെ ചുവട്ടിലെ നനുത്ത തണുപ്പിലേക്ക്… നെഞ്ചോടു ചേര്‍ത്തുവച്ച പ്രണയത്തിലേക്ക്… അവളെത്തുമ്പോള്‍ ആ അന്വേഷണങ്ങള്‍ക്ക് ഉത്തരമുണ്ടാകുമോ? ‘അഗ്രഹാരത്തിലെ അരിപ്രാവുകള്‍’. ധനീഷ് അനന്തന്‍. ഡിസി ബുക്സ്. വില 247 രൂപ.

രോഗിയുടെ മുഖചിത്രം ഉപയോഗിച്ച് അര്‍ബുദ അതിജീവന സാധ്യത പ്രവചിക്കുന്ന എഐ സംവിധാനം വികസിപ്പിച്ച് ഡോക്ടര്‍മാര്‍. അമേരിക്കയിലെ മാസച്യുസെറ്റ്സിലെ ‘മാസ് ജനറല്‍ ബ്രിഗാം’ എന്ന സ്ഥാപനത്തിലെ വിദഗ്ധരാണ് ഇത് വികസിപ്പിച്ചത്. വിവിധ പ്രദേശങ്ങളിലും പ്രായത്തിലുമുള്ളവരുടെ 40 ദശലക്ഷത്തിലധികം മുഖചിത്രങ്ങള്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണ നേട്ടത്തെക്കുറിച്ചുള്ള പ്രബന്ധം ‘ലാന്‍സെറ്റ് ഡിജിറ്റല്‍ ഹെല്‍ത്ത്’ ജേണലില്‍ പ്രസിദ്ധീകരിച്ചു. പരസ്പരപൂരകങ്ങളായ രണ്ട് ഉപകരണങ്ങളാണിതിന് ഉപയോഗിക്കുന്നത്. ഒന്നില്‍ രോഗിയുടെ പ്രായം കണക്കാക്കി അതിജീവന സാധ്യത പ്രവചിക്കും. മറ്റേതാകട്ടെ, ചിത്രത്തില്‍നിന്നു നേരിട്ട് സാധ്യത പ്രവചിക്കും. ഇവ രണ്ടും നല്‍കുന്നത് വ്യത്യസ്തവും പരസ്പരപൂരകവുമായ വിവരങ്ങളാണെന്നതാണു സവിശേഷത. ഇവ രണ്ടും വിലയിരുത്തലിനായി മുഖത്തിന്റെ വ്യത്യസ്ത ഭാഗങ്ങളെയാണ് ആശ്രയിക്കുന്നത്. ആദ്യത്തേത് മൂക്കിന്റെ വശങ്ങളില്‍നിന്നു വായയുടെ കോണുകളിലേക്കു പോകുന്ന ചുളിവുകള്‍, കണ്ണിനു തൊട്ടുമുകളിലുള്ള നെറ്റിയുടെ ഭാഗം, കണ്‍പോളകള്‍ക്കു വശങ്ങളിലുള്ള ഭാഗം എന്നിവയിലാണു ശ്രദ്ധിക്കുക. രണ്ടാമത്തേത് കണ്ണുകള്‍ക്കു താഴെയുള്ള ഭാഗവും മൂക്കിന്റെ പാലത്തിനു ചുറ്റുമുള്ള ഭാഗവും വിലയിരുത്തും. മുതിര്‍ന്നവരില്‍ റേഡിയേഷന്‍, ശസ്ത്രക്രിയ, സിസ്റ്റമിക് തെറപ്പി എന്നിവ നിര്‍ദേശിക്കുന്നതിനു മുന്‍പായി ശാരീരികശേഷി വിലയിരുത്താന്‍ മികച്ച മാര്‍ഗങ്ങള്‍ ആവശ്യമായ ഘട്ടത്തിലാണു പുതിയ കണ്ടുപിടിത്തം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.04, പൗണ്ട് – 127.47, യൂറോ – 106.44, സ്വിസ് ഫ്രാങ്ക് – 115.79, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 66.76, ബഹറിന്‍ ദിനാര്‍ – 251.89, കുവൈത്ത് ദിനാര്‍ -305.56, ഒമാനി റിയാല്‍ – 247.22, സൗദി റിയാല്‍ – 25.32, യു.എ.ഇ ദിര്‍ഹം – 25.94, ഖത്തര്‍ റിയാല്‍ – 26.07, കനേഡിയന്‍ ഡോളര്‍ – 68.07.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *