ഡിസൈനിങ്ങിലെ ആധുനികത കൊണ്ടും ആകര്‍ഷകമായ ലുക്ക് കൊണ്ടും ലോകമെമ്പാടുമുള്ള കാര്‍ പ്രേമികളെ ആകര്‍ഷിച്ച ഇലക്ട്രിക് ഡോര്‍ സംവിധാനങ്ങള്‍ (ഫ്‌ലഷ് ഡോര്‍ ഹാന്‍ഡില്‍) ഇപ്പോള്‍ വലിയ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നു. ഇതേത്തുടര്‍ന്ന് ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാഹന തിരിച്ചുവിളിക്കലിന് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ 43 ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങളിലും അപകട സമയങ്ങളിലും വാഹനത്തിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാതെ യാത്രക്കാര്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ കര്‍ശന നടപടി. ചൈനീസ് വിപണിയിലെ വമ്പന്മാരായ ഷഓമി, ലീപ്പ്‌മോട്ടോര്‍, എക്‌സ്‌പെങ്, ഗീലി എന്നീ കമ്പനികളും വലിയ തിരിച്ചുവിളിക്കലാണ് പ്രഖ്യാപിച്ചത്.
