അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളായ പി ജയരാജനേയും ടിവി രാജേഷിനേയും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട് കൊച്ചിയിലെ സിബിഐ കോടതി. കേസിൽ 13 പേർ കുറ്റക്കാരണെന്നും 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തു.ഷുക്കൂര്‍ കൊല്ലപ്പെട്ട് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ കോടതി വിധി പറയുന്നത്.കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിർത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി 3 മണിക്ക്. കേസിൽ 13 പേർ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 18 പേരെ വെറുതെവിട്ടു. കൊച്ചി സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കേസിലെ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല. എന്നാൽ നിയമപോരാട്ടവുമായി മുന്നോട്ടെന്ന് ഷുക്കൂറിന്റെ കുടുംബം പ്രതികരിച്ചു
സിപിഎം പ്രവർത്തനത്തെ അരിയിലിൽ അനുവദിക്കില്ലെന്നായിരുന്നു ലീഗിന്റെ ഹുങ്ക് എന്നും ഭരണ കക്ഷിയുടെ ആളുകൾ പൊലീസിനെ പാവ കളിപ്പിച്ചുവെന്നും പി ജയരാജൻ പറഞ്ഞു. ഷുക്കൂർ വധക്കേസിൽ ഗൂഢാലോചന നടത്തിയെന്ന് കള്ളക്കേസ് ഉണ്ടാക്കി. ബോധപൂർവം ഗൂഢാലോചന സിദ്ധാന്തം ഇറക്കി. അതാണ് ഇന്ന് പൊളിഞ്ഞു വീണതെന്നും ജയരാജൻ പറഞ്ഞു.
പാർട്ടി കോടതി, വിചാരണകൊലപാതകം തുടങ്ങിയ നുണക്കഥകൾ പൊളിഞ്ഞുവെന്നായിരുന്നു കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായ കെകെ രാഗേഷിൻ്റെ പ്രതികരണം. പി ജയരാജനെപ്പോലെ ഒരു നേതാവ് ആക്രമിക്കപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം. മാധ്യമങ്ങൾ സംഭവത്തിന്റെ പശ്ചാത്തലം മറച്ചുവച്ചെന്നും കെകെ രാഗേഷ് പറഞ്ഞു.
സിപിഎം നേതാക്കളെ ഏറെ കാലമായി വേട്ടയാടുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. ഷുക്കൂർ വധക്കേസിൽ പി ജയരാജനെ കേസിൽ ഉൾപ്പെടുത്താനായിരുന്നു യുഡിഎഫിൻ്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും ശ്രമം. ഈ ശ്രമങ്ങൾ എല്ലാം തകർന്നുവെന്നും അദ്ദേഹം പറഞ്ഞു
എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് കോടതിയുടെ നിഗമനത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ ഗവൺമെന്റ് അപ്പീലിന് പോകുമെന്നും അത് പ്രോസിക്യൂഷനാണ് പറയേണ്ടതെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിധിയിൽ അപ്പീൽ പോകേണ്ടി വരുമെന്ന് പിഎംഎ സലാമും പ്രതികരിച്ചു.
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനേയും ടി വി രാജേഷിനേയും ഉള്‍പ്പെടെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിൽ ശക്തമായ നിലപാടുമായി കോൺഗ്രസിലെ ഗ്രൂപ്പുകൾ. മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാൻ കെസി വേണുഗോപാൽ പക്ഷം തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
വി ഡി സതീശന് അനുകൂല പേജുകളില്‍ നിന്ന് മന്ത്രി എ പി അനില്‍ കുമാറിനെതിരെ സൈബര്‍ ആക്രമണം. മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചുകൊണ്ടാണ് അധിക്ഷേപ പോസ്റ്റുകള്‍.
മദ്യനയ ഉപസമിതിയിൽ തീരുമാനമായിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. മന്ത്രിസഭയിലെ ചില കാര്യങ്ങളിൽ ചർച്ചയുണ്ടായി, ചർച്ചകൾ പൂർത്തിയാകാത്തവയുമുണ്ട്, പലതിലും തീരുമാനത്തിലെത്തി, ഏകപക്ഷീയമായി തീരുമാനത്തിലെത്തില്ല കഴിയുന്നത്ര ആലോചിച്ച് തീരുമാനത്തിലെത്തുക എന്നാണ് തൻ്റെ അഭിപ്രായമെന്നും സണ്ണി ജോസഫ് പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിട്ടത് അബദ്ധമായിരുന്നുവെന്ന സിപിഐയുടെയും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെയും പ്രസ്താവന തള്ളി മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അബദ്ധം സംഭവിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഒപ്പിടേണ്ടി വന്ന സാഹചര്യം ബോധിപ്പിച്ചതാണെന്നും അതിലെ നിലപാടും പല തവണ വ്യക്തമാക്കിയതാണെന്നും ശിവൻകുട്ടി പറഞ്ഞു.
എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പു കേസില്‍ വെള്ളാപ്പള്ളി നടേശൻ വിഭാഗത്തിന് അനുകൂല റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാര്‍. വെള്ളാപ്പള്ളി നടേശന്റെ വാദം ശരിവയ്ക്കുന്ന നിലപാട് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന കമ്പനി നിയമം എസ്.എൻ.ഡി.പിക്ക് ബാധകമല്ലെന്ന കമ്പനി കാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ടാണ് കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയത്.
മന്ത്രി എം ലിജുവിന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് 58 ലക്ഷം രൂപ അനുവദിച്ചെന്ന പ്രചരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്. ആദ്യം ഭരണാനുമതി നല്കിയ എസ്റ്റിമേറ്റും ചെലവും മന്ത്രിയുടെ ആവശ്യപ്രകാരം കുറച്ചു. ഇതുവരെ ചെലവഴിച്ചത് പത്ത് ലക്ഷം രൂപയില്‍ താഴെ മാത്രമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.
ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളി മെഡൽ നേടിയ മലയാളി ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിന് സർക്കാർ ജോലി. സംസ്ഥാന കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് വിദർശയെ നിയമിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ നിയമന ഉത്തരവ് വിദർശയ്ക്ക് കൈമാറും.
സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചതിന് പിടിയിലായവരില്‍ പകുതിയോളം പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍. ഒരാഴ്ചയ്ക്കിടെ മലപ്പുറം ജില്ലയില്‍ മാത്രം 220 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കൊല്ലം ജില്ലയില്‍ 59 കേസുകളും കണ്ണൂര്‍ നഗരത്തില്‍ 48 കേസുകളും കൊച്ചിയിൽ മൂന്ന് കേസുകള്‍ മാത്രമാണ് കണ്ടെത്തിയത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിക്ക് ആശ്വാസം. അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. കെഎം ഷാജിയുടെ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.
മുൻ ഡിസിസി അംഗം സുഹേൽ ഷാജഹാന് വൻ ഗുണ്ടാബന്ധമെന്ന് പൊലീസ്. സുഹേലിന്റെ ഫോണുകൾ പരിശോധിച്ചതിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നതിന്റെ പ്രാഥമിക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു.
ബിജെപി വിട്ട് പത്മജ വേണുഗോപാൽ. ബിജെപിയിൽ പോയത് തെറ്റായിപ്പോയി എന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ വേണുഗോപാൽ പ്രതികരിച്ചു. ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തുചാടിയെന്നും പത്മജ പറഞ്ഞു.
സ്വർണക്കുടം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അഭിഭാഷകനെ കബളിപ്പിക്കാൻ ശ്രമം. ഒറ്റപ്പാലത്തെ ഹൈക്കോടതി അഭിഭാഷകനായ ആർ പി ശ്രീനിവാസനെയാണ് ഫോൺ കോളിലൂടെ കബളിപ്പിക്കാൻ ശ്രമം നടന്നത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോടനാടുനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിൽ എത്തിച്ച ആനക്കുട്ടി മായയുടെ പരിശോധനാഫലം പുറത്തുവന്നു. അസ്ഥിവൈകല്യമുള്ള മായയുടെ രക്തത്തിൽ ഓസ്റ്റിയോകാൽസിൻ പ്രോട്ടീന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ആനക്കുട്ടിക്ക് ഹൈഡ്രോതെറാപ്പി ചികിത്സ ഉടൻ തുടങ്ങും.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിലെ വഴിത്തിരിവിന് പിന്നാലെ പൊലീസ് വീഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രധാന തെളിവായ യുവതി തൂങ്ങിമരിക്കാൻ ഉപയോഗിച്ച തുണി (ഷാൾ) കാണാനില്ലെന്നാണ് നിലവിലെ ഏനാത്ത് സ്റ്റേഷൻ ഹൌസ് ഓഫീസറുടെ മൊഴി.
ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ട ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുന്നയ്ക്കാട് പറയരുകോണത്തു മേലെ പുതുവല്‍പുത്തന്‍ വീട്ടില്‍ ജംബുലിംഗം എന്നു വിളിക്കുന്ന സുരേഷ് (44) ആണ് അറസ്റ്റിലായത്.
തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലുള്ള തിരുത്തുറൈപൂണ്ടിയിലെ സ്വകാര്യ സ്കൂളിൽ മൂന്ന് വയസുകാരനായ പ്രീ-കെ.ജി വിദ്യാർത്ഥിയെ ക്ലാസ് മുറിക്കുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ സ്കൂളിലെ ഒരു അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കും എതിരെ പോലീസ് കേസെടുത്തു.
മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതിയായ നേപ്പാൾ സ്വദേശി യഷ് താപ്പേയെ ഗോവയിൽ നിന്നും കസ്റ്റഡിയിലെടുത്തു. മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.
സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് 12 വയസ്സുകാരന് ദാരുണാന്ത്യം. അഖിലേഷ് നയിച്ച പിഡിഎ രഥ് യാത്രയിൽ അദ്ദേഹത്തിന് പാർട്ടി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തിയാണ് സ്വാഗതം ആശംസിച്ചത്.
ഫുട്ബോൾ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ അർജന്റീന താരത്തിന് ദാരുണാന്ത്യം. 18-കാരനായ അബെൽ നൂനസിനാണ് ജീവൻ നഷ്ടമായത്. അർജന്റീനയിലെ അഞ്ചാം ഡിവിഷൻ മത്സരമായ ജുവൈനൽസ് സി കോപ്പ ഡെ പ്ലാറ്റ മത്സരത്തിനിടെയാണ് ദാരുണമായ സംഭവം.
2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം 320 സീറ്റുകൾ മറികടക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം ദുരൂഹമാണെന്ന് കോൺഗ്രസ്.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇനി വൈകില്ലെന്ന് സൂചന. ഇന്നലെ ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു. സെപ്റ്റംബറിൽ നടന്ന ‘ചിന്തൻ ശിബിര’ത്തിൽ മന്ത്രിമാർക്ക് നൽകിയ ഉത്തരവാദിത്തങ്ങളുടെ പുരോഗതിയും അവരുടെ പ്രകടനവും പ്രധാനമന്ത്രി വിലയിരുത്തി.
പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കില്ലെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അങ്ങനെ ചെയ്താൽ ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം തകരും. അതുണ്ടാകാതിരിക്കാനാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി
യെമൻ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിൽ ഹൂതികളുടെ നേതാക്കളും പോരാളികളും ഉൾപ്പെടെ 142 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിവിധ യുദ്ധമുന്നണികളിലെ ഹൂതി താവളങ്ങൾക്കും ഒളിത്താവളങ്ങൾക്കും നേരെ സൈന്യം 746 ആക്രമണങ്ങളാണ് നടത്തിയത്.
സൈബർ ആക്രമണ ഭീതിയെത്തുടർന്ന് അവശ്യസാധനങ്ങൾ വൻതോതിൽ വാങ്ങിക്കൂട്ടി അമേരിക്കക്കാർ. തുടർച്ചയായി വിവിധ മേഖലകളിൽ സാങ്കേതികതടസ്സങ്ങൾ ഉണ്ടായതിനെത്തുടർന്ന് രാജ്യവ്യാപകമായി സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന ഭീതിയിലാണ് അടിയന്തര സാധനങ്ങൾ ജനങ്ങൾ വൻതോതിൽ വാങ്ങി സൂക്ഷിക്കാൻ തുടങ്ങിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി എഫ് സിയിലും എന്‍ എഫ് എല്‍ ടീമായ മിയാമി ഡോള്ഫിന്സിലും നിക്ഷേപമുള്ള പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനം ആരെസ് മാനേജ്മെന്റ് ഐ പി എല്ലിലും ടീമിനെ സ്വന്തമാക്കുന്നു. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് ഭൂരിഭാഗം ഓഹരികളുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരികളാണ് ലോസാഞ്ചലസ് ആസ്ഥാനമായുള്ള ആരെസ് മാനേജ്മെന്റ് വാങ്ങുകയെന്നാണ് പുറത്തു വരുന്ന വിവരം.
മാക് കമ്പ്യൂട്ടറുകളിലെ സുരക്ഷയും സ്വകാര്യതയും കൂടുതൽ ശക്തമാക്കാൻ നിർണായക മാറ്റങ്ങളുമായി ആപ്പിൾ. പ്രത്യേകിച്ച് നിർമിതബുദ്ധി അധിഷ്ഠിത ഏജന്റുകൾക്ക് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിൽ ലഭിക്കുന്ന നിയന്ത്രണമില്ലാത്ത പ്രവേശനം പരിമിതപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. പുതിയ മാക്ഒഎസ് 27.3 ബീറ്റാ പതിപ്പിലാണ് ഇതിനായുള്ള അധിക സ്വകാര്യതാ നിയന്ത്രണങ്ങൾ അവതരിപ്പിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധി തൊഴിൽ മേഖലയുടെ സ്വഭാവം മാറ്റുന്നതിനിടെ ജീവനക്കാർക്ക് സ്വയം പിരിഞ്ഞുപോകാനുള്ള അവസരമൊരുക്കി മൈക്രോസോഫ്റ്റ്. ഏകദേശം 60,000 ജീവനക്കാർക്കാണ് കമ്പനി സ്വമേധയാ വിരമിക്കൽ പാക്കേജ് വാഗ്ദാനം ചെയ്യുന്നത്. ജീവനക്കാർക്ക് സ്വന്തം കരിയറിനെക്കുറിച്ച് കൂടുതൽ നിയന്ത്രണം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയുടെ വിശദീകരണം.
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും മാർട്ടിൻ പ്രക്കാട്ടും ഒന്നിക്കുന്ന ഹെയിൽ മേരി നവംബർ 26ന് തിയേറ്ററുകളിലേക്കെത്തും. ജേക്സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ആദ്യ ഗാനം ‘മാരിവില്ലിൻ ചിറകെ’ പ്രേക്ഷകരിലേക്കെത്തി. ബി കെ ഹരിനാരായണന്റെ വരികൾക്ക് സെബാ മൂൺ ആണ് ഗാനാലാപനം. നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ഹെയിൽ മേരിയിൽ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, അനു സിതാര, ജഗദീഷ്, വിനയ് ഫോർട്ട്, സുഹാസിനി മണിരത്നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നവംബർ 20നു ആഗോള റിലീസിന് ഒരുങ്ങുന്ന ധനുഷ്–മമ്മൂട്ടി ചിത്രം ‘ഓം – ഓപ്പറേഷൻ മോൾ’ സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിന് ഗംഭീര വരവേൽപ്പ്. ‘അമരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ പടത്തിന്റെ ട്രെയിലർ ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ചിത്രത്തിൽ ബർമ കാർത്തിക്കേയൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.നായകനായി എത്തുന്ന ധനുഷിന്റെ കഥാപാത്രം എന്താന്നെന്നു ഇപ്പോഴും സസ്പെൻസ് ആയി തുടരുകയാണ്. ചിത്രത്തിൽ നിത്യ റെഡ്ഡി എന്ന സി.ബി.ഐ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. ശ്രീലീലയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നസ്രുദീൻ ഷാ, ഇന്ദ്രൻസ്, രേണു ദേശായി, കലൈറാണി, സഞ്ജയ് സ്വരൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ. സായ് അഭയങ്കറുടെ സംഗീതവും സിനിമയുടെ ഹൈപ്പ് ഘടകങ്ങളിൽ ഒന്നാണ്.
ശരീരത്തില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂടുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കാം. അതിനാല്‍ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ ഒഴിവാക്കി, കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. നാരുകള്‍ അടങ്ങിയ ആപ്പിള്‍ പതിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. നാരുകളും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും ഫൈബര്‍ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നതും നല്ലതാണ് കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഇന്നത്തെ സ്വർണ വില
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11980 രൂപയും പവന് 95840 രൂപയുമായി
24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13069 രൂപയും പവന് 104552 രൂപയുമായി.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളർ – 93.45,പൗണ്ട് – 122.75, യൂറോ – 102.48,സ്വിസ് ഫ്രാങ്ക് – 110.77
ഓസ്ട്രേലിയൻ ഡോളർ – 62.49
ബഹ്റൈൻ ദിനാർ – 248.71
കുവൈത്ത് ദിനാർ – 299.80, ഒമാനി റിയാൽ – 243.21,സൗദി റിയാൽ – 24.94
യു.എ.ഇ ദിർഹം – 25.46,ഖത്തർ റിയാൽ – 25.65,കനേഡിയൻ ഡോളർ – 65.30
