മദ്ധ്യാഹ്ന വാർത്തകൾ 20260824 204234 0000

 

 

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. സ്കൂൾ, കോളേജ് കമ്പ്യൂട്ടർ ലാബ് ഹാളുകൾ വാടകയ്ക്ക് എടുക്കാനാണ് ആലോചന. ലേണേഴ്സ് ടെസ്റ്റ് നടത്തുന്നതിനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നീക്കം.

 

ജില്ല, ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്താനുള്ള ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ കെജിഎംഒയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍. മതിയായ ജീവനക്കാരില്ലാതെ സമയം നീട്ടാനാകില്ലെന്നാണ് നിലപാട്.

 

പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.കേരള സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയിൽവെ ബോർഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

 

ഡിവൈഎഫ്ഐയിൽ വനിതാ അധ്യക്ഷ വരുന്നത് വളരെ നല്ല കാര്യമാണെന്ന് മന്ത്രി ഓ ജെ ജനീഷ്. യുവജനപ്രസ്ഥാനങ്ങളുടെ അമരത്തേക്ക് വനിതകൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും നാളെകളിൽ യൂത്ത് കോൺഗ്രസിലും അവസരമുണ്ടെങ്കിൽ വനിതകൾ കടന്നുവരണമെന്നും മന്ത്രി ഓ ജെ ജനീഷ് പറഞ്ഞു. പക്ഷേ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നും ജെനീഷ് പറഞ്ഞു.

 

യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ ജെ ജെനീഷിന്റെ പരിഹാസത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. ഖജനാവ് കൊള്ളയടിക്കരുതെന്നും മന്ത്രിപദം ദുരുപയോഗം ചെയ്യരുതെന്നും ചിന്ത മുന്നറിയിപ്പ് നൽകി. സ്ത്രീവിരുദ്ധ മുദ്രാവാക്യം തടഞ്ഞതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും അവർ കൂട്ടിച്ചേർത്തു.

 

റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ രൂക്ഷവിമർശനവുമായി കോടതി. കളക്ടർമാരുടെ ഉത്തരവുകൾക്കെതിരെ നൽകിയ കോടതിയലക്ഷ്യ കേസുകളിലാണ് രണ്ട് കളക്ടർമാർക്കും കോടതിയുടെ രൂക്ഷവിമർശനം.

 

സംസ്ഥാനത്തെ റോഡുകളിൽ, പ്രത്യേകിച്ച് ദേശീയപാതകളിൽ ലെയിൻ ട്രാഫിക് ലംഘിക്കുന്നവർക്കെതിരെ കേരള പോലീസ് നടപടി കർശനമാക്കുന്നു. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി, സാവധാനം പോകുന്ന വാഹനങ്ങൾ ഇടതുവശത്തും, ഓവർടേക്ക് ചെയ്യാൻ വലതുവശത്തെ ലെയിനും ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിക്കുന്നു.

 

ഈ വർഷത്തെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മാവേലിക്കര സ്വദേശിനിയായ കെസിയ. ജയ്പൂരിൽ നടന്ന ഫൈനൽ മത്സരത്തിൽ അൻപത്തിമൂന്ന് മത്സരാർത്ഥികളെ പിന്തള്ളിയാണ് പത്തൊൻപതുകാരിയായ കെസിയ നേട്ടം കരസ്ഥമാക്കിയത്.

 

ഓണാഘോഷത്തിനിടെ ജോലിയിൽ ഹാജരാകാതിരുന്ന മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. അരുവിക്കര സ്റ്റേഷനിലെ പൊലീസുകാരായ അച്ചുശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവരെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്.

 

സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച പാലക്കാട് അലനല്ലൂർ സ്വദേശി ആദിലിന്റെ അവയവങ്ങൾ 3 പേർക്ക് പുതുജീവനേകും.

 

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ. സർക്കാർ മാറി വരുമ്പോൾ ബോർഡുകൾ പുനഃസംഘടിപ്പിക്കുക എന്നത് സ്വാഭാവികമായ കാര്യമാണെന്നും അതിനെ മറ്റൊന്നുമായി കൂട്ടി കുഴക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

 

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ. ബേപ്പൂരിലെ പരാജയത്തിൽ സ്ഥാനാർഥി നിർണയം പാളി എന്ന പ്രവർത്തകരുടെ വികാരമാണ് പറഞ്ഞതെന്ന് പ്രവീൺ കുമാർ. താൻ അൻവറിനെതിരെ പറഞ്ഞിട്ടില്ല. അൻവറുമായി അടുത്തബന്ധമാണുള്ളത്. മുന്നണിയിൽ ഉള്ളിടത്തോളം അൻവറുമായി സഹകരിക്കുമെന്നും അഡ്വ പ്രവീൺ കുമാർ പറഞ്ഞു.

 

പാലക്കാട് ബസ്സിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച സേലം സ്വദേശിനിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. തിരക്കേറിയ ബസ്സുകളിൽ മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

 

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്. അക്രമകാരികളായ നായ്ക്കളെ കൊല്ലാം. കൂടാതെ, പേവിഷ ബാധയേറ്റതും ഗുരുതരമായി പരിക്ക് പറ്റിയതും മാറ്റാനാകാത്ത രോഗ ബാധയേറ്റതുമായ നായ്ക്കളെയും കൊല്ലാമെന്ന് മാർ​ഗനിർദേശങ്ങളിൽ പറയുന്നു.

 

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരായ പ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും വി കെ ശ്രീകണ്ഠൻ എംപിയും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നു. ബിജെപിക്കെതിരെ പ്രതിഷേധിക്കാൻ ധൈര്യമുണ്ടോയെന്ന ചോദ്യമാണ് ഇരുവരും ഉയർത്തിയത്

 

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ എം ഓഫീസിലേക്ക് ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസും നടത്തിയ പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. ഒലവക്കോട് ഡി ആർ എം ഓഫീസിന്റെ ഗേറ്റുകൾ ഉപരോധിച്ച ഡി വൈ എഫ് ഐ പ്രവർത്തകർ പൊലീസിന്റെ പ്രതിരോധം തകർത്ത് കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

 

അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ പ്രതിയായ ഡോക്ടര്‍ റാമിന്‍റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ് പിക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി സുധീര്‍ കല്ലനെയാണ് സസ്പെന്‍റ് ചെയ്തത്. സുധീര്‍ കല്ലനെ സസ്പെന്‍റ് ചെയ്യാത്തതില്‍ ഹൈക്കോടതി ആഭ്യന്തരവകുപ്പിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിതിന് പിന്നാലെയാണ് നടപടി.

 

സതീശൻ സർക്കാരിന്റെ ആദ്യ 100 ദിനങ്ങളെ രൂക്ഷമായി വിമർശിച്ച് രാജീവ് ചന്ദ്രശേഖർ. അഞ്ച് ഗ്യാരണ്ടികളിൽ ഒന്ന് മാത്രമാണ് സർക്കാർ നടപ്പാക്കിയതെന്ന് അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി തന്നെ വർഗീയ രാഷ്ട്രീയം കളിക്കുന്നുവെന്നും കുറ്റപ്പെടുത്തി

 

ദില്ലിയിലും സമീപ പ്രദേശങ്ങളിലും രാവിലെ മുതൽ കനത്ത മഴ തുടരുന്നു. ന്യൂഡൽഹി ഉൾപ്പെടെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലോടെ മണിക്കൂറിൽ 60 കി.മീ വേഗതയിൽ വീശിയടിച്ച കാറ്റും മഴയും നഗരത്തിൽ കനത്ത വെള്ളക്കെട്ടിലാക്കി.മോശം കാലാവസ്ഥയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിൽ നിന്നും 3 അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 15 വിമാനങ്ങൾ റദ്ദാക്കി.

 

ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18 മാസത്തിന് ശേഷം രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ 30കാരൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. ആദ്യ ഭാര്യയിൽ അഞ്ച് പെൺമക്കളുണ്ടായിരുന്ന മുഹമ്മദ് സാദിഖ് എന്നയാളാണ് അറസ്റ്റിലായത്.

 

കേസില്ലെന്നടക്കമുള്ള വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ സിജെപി വീണ്ടും സമരത്തിലേക്ക്. സെപ്തംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം പ്രഖ്യാപിച്ചു. ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള ഈ പ്രതിഷേധം കേന്ദ്ര സർക്കാരിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ

 

ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും തിരിച്ചടി. ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഹർജികളിൽ വിധി വരാതെ ഉപതെരഞ്ഞെടുപ്പ് നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

 

 

സൊഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിൽ 22 പേരെ വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. സൊഹ്റാബുദ്ദീന്റെ സഹോദരൻ നയാബുദ്ദീൻ ഷെയ്ഖാണ് ഹർജി നൽകിയത്. 22 പ്രതികളിൽ 21 പേരും പൊലീസ് ഉദ്യോഗസ്ഥരാണ്.

 

റഷ്യൻ ഉള്ളറകളിലേക്ക് പ്രഹരമേൽപ്പിക്കാൻ ശേഷിയുള്ള ‘സ്റ്റോം ഷാഡോ’ ക്രൂയിസ് മിസൈലുകൾ യുക്രൈനിൽ നിർമ്മിക്കാൻ ബ്രിട്ടൻ അനുമതി നൽകി. ഈ വർഷം അവസാനത്തോടെ നിർമ്മാണ യൂണിറ്റ് സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.

 

 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ ഭാര്യയായ പ്രിസില്ല ചാൻ ആരംഭിച്ച സ്കൂൾ അടച്ചുപൂട്ടി. കാലിഫോർണിയയിലെ ഈസ്റ്റ് പാലോ ആൾട്ടോയിൽ 2016ൽ ആരംഭിച്ച ദി പ്രൈമറി സ്കൂൾ എന്ന വിദ്യാലയമാണ് അടച്ച് പൂട്ടിയത്.

 

യുഎസ് നടത്തുന്ന സാമ്പത്തിക യുദ്ധത്തിൽ പങ്കുചേരുന്ന ഏതൊരു രാജ്യത്തിനെതിരെയും ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടുത്തുമെന്ന ഭീഷണി ഗൾഫ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുകയും മേഖലയെ യുദ്ധഭീതിയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്.

 

മിസൈൽ ആക്രമണങ്ങളെ തുടർന്ന് ഇറാനുമായുള്ള വ്യാപാരബന്ധം യുഎഇ അവസാനിപ്പിച്ചു. ഇതോടെ, അമേരിക്കൻ ഉപരോധങ്ങളെ മറികടക്കാൻ ഇറാൻ ഉപയോഗിച്ചിരുന്ന പ്രധാന മാർഗമാണ് അടഞ്ഞത്. ട്രംപിന്റെ പുതിയ സാമ്പത്തിക ഉപരോധ പ്രഖ്യാപനം കൂടി വന്നതോടെ ഇറാൻ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

 

കെസിഎല്ലിൽ ആലപ്പി റിപ്പിൾസിനെതിരെ തക‍ർപ്പൻ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്.ആറ് വിക്കറ്റിനായിരുന്നു കാലിക്കറ്റിന്‍റെ വിജയം.ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 19.3 ഓവറിൽ 131ന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് 16.5 ഓവറിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെയും സ്പിന്നർ ഹരികൃഷ്ണന്റെയും തകർപ്പൻ പ്രകടനമാണ് കാലിക്കറ്റിന് വിജയമൊരുക്കിയത്.

 

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ധ്രുവ് ജുറെലിന്‍റെ അപരാജിത സെഞ്ചുറിയുടെയും റിഷഭ് പന്തിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *