ലഹരി വിപത്തിനെതിരെ പൊതുജനതാല്‍പര്യാര്‍ഥം ഫൈസല്‍ ഹുസൈന്‍ കഥ എഴുതി സംവിധാനം ചെയ്ത ‘ഡെയ്ഞ്ചറസ് വൈബ്’ എന്ന സിനിമ നിയമസഭാ സാമാജികരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും. ജൂണ്‍ 29 തിങ്കളാഴ്ച വൈകിട്ട് 6 മണിക്കാണ് നിയമസഭാ ഹാളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയും സ്പീക്കറുമടങ്ങുന്ന 140 എംഎല്‍എമാരും പ്രദര്‍ശനം കാണാന്‍ എത്തും. അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തയ്യാറാക്കിയ ചിത്രത്തിന്റെ പ്രമേയം ലഹരി മാഫിയയ്‌ക്കെതിരെ പൊലീസ് ഓഫീസര്‍ സഹദേവന്‍ നടത്തുന്ന പോരാട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ്. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളേജുകളിലും ആഭ്യന്തരവകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാന വ്യാപക പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.
