ഗുസ്തി ഫെഡറേഷന്റെ താൽക്കാലിക നടത്തിപ്പിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആണ് കമ്മിറ്റി രൂപീകരിച്ചത്. ഭൂപീന്ദർ സിംഗ് ബജ്വ കമ്മിറ്റി ചെയർമാനാണ്.ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ, ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ്ഭൂഷൺ സിംഗ് പ്രതി ചേർക്കപ്പെട്ടതോടെ കമ്മറ്റി പിരിച്ചുവിട്ടിരുന്നു. പിന്നീട് പലതവണ മാറ്റിവച്ച തെരഞ്ഞെടുപ്പ് ഈ മാസം 21നാണ് നടന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ബ്രിജ്ഭൂഷൺ ഹൈജാക്ക് ചെയ്യുകയാണെന്ന് ആരോപണമുയർന്നു. മുൻ ചെയർമാൻ്റെ അടുത്ത അനുയായികളിൽ പലരും മത്സര രംഗത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയത് ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ സഞ്ജയ് സിംഗ്. ഇതിന് പിന്നാലെ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ഏറെ വൈകാരികമായായിരുന്നു സാക്ഷിയുടെ പടിയിറങ്ങൽ. തീർത്തും അപ്രതീക്ഷിതമായി തന്റെ ബൂട്ട്സുകൾ പ്രസ് ക്ലബ്ബിൽ ഉപേക്ഷിച്ച് കരഞ്ഞുകൊണ്ട് സാക്ഷി വിരമിക്കുകയായിരുന്നു. ഗുസ്തി താരങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രം പാലിച്ചില്ലെന്ന് സാക്ഷി കുറ്റപ്പെടുത്തി.
ഗുസ്തി ഫെഡറേഷന്റെ താൽക്കാലിക നടത്തിപ്പിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു
