സൊമാറ്റോയ്ക്ക് ശേഷം, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയും സ്വന്തം യുപിഐ സേവനം പുറത്തിറക്കി. ബാഹ്യ ആപ്പുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും പേയ്മെന്റ് തകരാറുകള്‍ കുറയ്ക്കാനുമാണ് സ്വന്തം യുപിഐ സേവനം തുടങ്ങിയതെന്ന് സ്വിഗ്ഗി അറിയിച്ചു. യെസ് ബാങ്കിന്റെയും ജസ്പേയുടെയും പങ്കാളിത്തത്തോടെ യുപിഐ പ്ലഗിന് വഴിയാണ് പുതിയ ഇന്‍-ആപ്പ് പേയ്മെന്റ് സേവനം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സമാനമായ സേവനം നല്‍കുന്നതിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സിന് സൊമാറ്റോ അപേക്ഷിച്ചത്. ആദ്യ ഘട്ടമായി കുറച്ചുപേര്‍ക്ക് മാത്രമാണ് സ്വിഗ്ഗി സേവനം ലഭ്യമാക്കിയത്. തുടര്‍ന്ന് ഘട്ടം ഘട്ടമായി എല്ലാ ഉപയോക്താക്കളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം മുതല്‍ സ്വിഗ്ഗി അവരുടെ ജീവനക്കാരുടെ മേല്‍ ഉല്‍പ്പന്നം പരീക്ഷിച്ചു വരികയാണെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഘട്ടം ഘട്ടമായി ഉല്‍പ്പന്നം എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. 2022ല്‍ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ആരംഭിച്ച ഒരു ഉല്‍പ്പന്നമാണ് യുപിഐ പ്ലഗിന്. പേയ്മെന്റ് നടത്താന്‍ ഉപഭോക്താക്കള്‍ മറ്റൊരു ആപ്പിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. പ്രത്യേകിച്ച് നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി നല്ലതല്ലെങ്കില്‍ സംഭവിക്കുന്ന പേയ്മെന്റ് പരാജയങ്ങളുടെ സാധ്യത കുറയ്ക്കാന്‍ യുപിഐ പ്ലഗിന് വഴി സാധിക്കും.