മലബാറിലെ ടെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ സിൻഹയെയും കണ്ട് കോഴിക്കോട് എംപി എം കെ രാഘവൻ. ബംഗളൂരു – കണ്ണൂർ എക്സ്പ്രസ് സർവ്വീസ് കോഴിക്കോടേക്ക് നീട്ടി റെയിൽവേ ബോർഡ് ഇറക്കിയ ഉത്തരവ് അഞ്ച് മാസം കഴിഞ്ഞും നടപ്പിലാക്കാത്തതിലെ പ്രതിഷേധം അദ്ദേഹം മന്ത്രിയെ അറിയിച്ചു. നിരവധി തവണ കേന്ദ്ര മന്ത്രിയെയും റെയിൽവേ ബോർഡുമായും ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളെ തുടർന്നാണ് സർവ്വീസ് കോഴിക്കോട് വരെ നീട്ടാനുള്ള ഉത്തരവായത്. ഉത്തരവ് അടിയന്തിരമയി നടപ്പിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ട്രെയിൻ നീട്ടിക്കഴിഞ്ഞാൽ അത് ബംഗളൂരു യത്രക്കാർക്കും വൈകീട്ട് നാല് മണിക്ക് ശേഷമുള്ള ഹ്രസ്വദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും. വൈകുന്നേരങ്ങളിലും രാവിലെയും യാത്രക്കാർ അതീവ യാത്രാക്ലേശം അനുഭവിക്കുമ്പോഴും ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ആവശ്യങ്ങളെ മുഖവിലക്കെടുക്കാതെ റെയിൽവേ മുന്നോട്ട് പോകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന കാര്യം മന്ത്രിയെ അറിയിച്ചുവെന്ന് എംപി പറഞ്ഞു.