ഒമാനില്‍ മരിച്ച നമ്പി രാജേഷിന്റെ ഭാര്യ അമൃതയ്ക്കും കുടുംബത്തിനുമുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. രാജേഷിനരികില്‍ അമൃത ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷെ ആ ജീവന് രക്ഷിക്കാമായിരുന്നു. ജീവിതകാലം മുഴുവന്‍ ആ നൊമ്പരം അമൃതയുടെയും കുടുംബാംഗങ്ങളുടെയും മനസിലുണ്ടാകും. വിമാന കമ്പനിയുടെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും വിഡി സതീശൻ പറഞ്ഞു. അതോടൊപ്പം രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത രണ്ടുതവണ വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെ എത്തിയ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫിസിന് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടർന്ന് സംസ്കാരചടങ്ങുകള്‍ക്കുശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന ധാരണയിൽ കുടുംബം സമരം അവസാനിപ്പിക്കുകയായിരുന്നു.
എയര്‍ ഇന്ത്യ എക്സ്പ്രസിന് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന് വിഡി സതീശൻ
