രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാനത്തെത്തിയിട്ട് പോലും സഖ്യത്തിലുള്ള തന്നെ അറിയിച്ചില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഹുൽ ഗാന്ധിയുടെ യാത്രയെക്കുറിച്ച് തന്നെ അറിയിച്ചില്ല. അനുമതി തേടി കോൺഗ്രസ് നേതാക്കൾ ഡെറക് ഒബ്രയനെയാണ് വിളിച്ചതെന്നും, കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ ബി ജെ പിയെ യു പിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും നേരിട്ട് തോല്പിക്കുകയാണ് വേണ്ടതെന്നും മമത ബാനർജി വ്യക്തമാക്കി. വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയമാണെന്നും മമത അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി ദേശാടന പക്ഷിയാണെന്നും , കോൺഗ്രസിന് എന്തിനാണ് ഇത്ര അഹന്തയെന്നും മമത ചോദിച്ചു.ബംഗാളിൽ തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഇതിനിടെ ബംഗാൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.