ചിട്ടയായ വ്യായാമം പോലെതന്നെ പ്രധാനമാണ് ഏത് സമയമാണ് വ്യായാമത്തിനായി തെരഞ്ഞെടുക്കുന്നു എന്നതും. പലരും സമയം കിട്ടുന്നതനുസരിച്ചാണ് ഒരു ദിവസത്തെ വ്യായാമം ക്രമപ്പെടുത്തുന്നത്. ചിലരാകട്ടരെ രാവിലെ അല്ലെങ്കില്‍ വൈകിട്ട് എന്ന നിലയില്‍ സ്ഥിരമായി ഒരു സമയം പാലിച്ചുപോരും. അമിതഭാരം നിയന്ത്രിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നതാണ് നല്ലതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. രാവിലെ ഏഴ് മണിക്കും ഒന്‍പതിനും ഇടയില്‍ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദമെന്നാണ് പഠനത്തില്‍ പറയുന്നത്. രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് മറ്റ് സമയങ്ങളില്‍ വ്യായാമം ചെയ്യുന്നവരേക്കാള്‍ അരക്കെട്ടിന്റെ അളവും ബോഡി മാസ് ഇന്‍ഡെക്സും കുറവായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടി. രാവിലെ വ്യായാമം ചെയ്തവരുടെ ബിഎംഐ 27.4 ആണെങ്കില്‍ ഉച്ചയ്ക്ക് വ്യായാമം ചെയ്തവരുടെ ബിഎംഐ 28.4ഉം വൈകുന്നരം വ്യായാമം ചെയ്തവരുടെ ബിഎംഐ 28.2ഉം ആണെന്ന് കണ്ടെത്തി. അരക്കെട്ടിന്റെ ശരാശരി അളവ് യഥാക്രമം 95.9 സെന്റിമീറ്റര്‍, 97.9 സെന്റിമീറ്റര്‍, 97.3 സെന്റിമീറ്റര്‍ എന്ന തോതിലാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും വ്യായാമം ചെയ്യുന്ന 5285 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. വ്യായാമത്തിന്റെ സമയം ശരീരത്തിന്റെ സിര്‍കാഡിയന്‍ റിഥവുമായി ബന്ധപ്പെട്ടിരിക്കുന്നതാകാം ഈ വ്യത്യാസത്തിന് കാരണമെന്നാണ് വിദഗ്ധരുടെ അനുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. വെറും വയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരം ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പ് കൂടുതല്‍ കത്തുന്നതുകൊണ്ടാകാം താരതമ്യേന കൂടുതല്‍ ഭാരം കുറയുന്നതെന്നാണ് കണ്ടെത്തല്‍.
രാവിലെ ഏഴിനും ഒന്‍പതിനും ഇടയില്‍ വ്യായാമം ചെയ്യുന്നത് ഏറ്റവും ഫലപ്രദം!
