തൃശ്ശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് (തൊണ്ടി വീക്കം) റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉമിനീര്‍ഗ്രന്ഥികളെ ബാധിക്കുന്ന രോഗം, ഗ്രന്ഥികളില്‍ വീക്കം കാണുന്നതിന് രണ്ടു ദിവസം മുന്‍പും വീക്കം വന്ന ശേഷം നാലുമുതല്‍ ആറുവരെ ദിവസവുമാണ് പ്രധാനമായും മറ്റുള്ളവരിലേക്ക് പകരുന്നത്. അഞ്ചുമുതല്‍ 15വരെ വയസ്സുള്ള കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും രോഗബാധ കാണാറുണ്ട്. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും. വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശിവേദന എന്നിവയാണ് മറ്റുലക്ഷണങ്ങള്‍. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്നേയഗ്രന്ഥി ഇവയ്ക്ക് അണുബാധയുണ്ടാകും. കേള്‍വി തകരാറിനും ഭാവിയില്‍ പ്രത്യുത്പാദന തകരാറുകള്‍ക്കും സാധ്യത. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥയുണ്ടാകും. രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കമൊഴിവാക്കുക, രോഗികളായ കുട്ടികളെ സ്കൂളില്‍ വിടരുത്, രോഗിയുപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. ധാരാളം വെള്ളംകുടിക്കുക. പുളിപ്പുള്ള പഴച്ചാറുകള്‍പോലെയുള്ള പാനീയങ്ങള്‍ കുടിക്കരുത്. ചവയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത നേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറയ്ക്കുന്നതിനായി ഇളംചൂടുള്ള ഉപ്പുവെള്ളം കവിളില്‍ കൊള്ളുക. ഐസ് വെക്കുന്നതും ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണിയുപയോഗിച്ച് ചൂടുവെക്കുന്നതും നീരിനും വേദനയ്ക്കും ആശ്വാസം നല്‍കും
