ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. സ്ഫോടനം ചാവേർ ആക്രമണമെന്നും ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദ് ആണെന്ന് ദില്ലി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം സ്ഫോടനത്തിൽ മരണസംഖ്യ 12 ആയി ഉയര്‍ന്നു.
കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രി മുഴുവൻ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നു. അന്വേഷണ ഏജൻസികള്‍ ആഴത്തിൽ പരിശോധിക്കും. കുറ്റക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പറഞ്ഞ പ്രധാനമന്ത്രി ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും ഉറപ്പ് നൽകി. അതേസമയം ഉത്തരരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കി.
ദില്ലിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവ ജാഗ്രത. നിലവിൽ വിവിധ ജില്ലകളിൽ പരിശോധന നടത്തി വരികയാണ്. മലപ്പുറം കലക്ട്രേറ്റിലും വയനാട് കളക്ടറേറ്റിലും പോലീസ് പരിശോധന നടത്തി വരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങൾ പരിശോധിക്കുകയാണ്. കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായിരുന്നു.
ദില്ലിയിലെ ചെങ്കോട്ടയിൽ സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ സുരക്ഷ ശക്തമാക്കിയെന്ന് വിവരം. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അല്ലെങ്കിൽ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്.
ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് നാല് ഡോക്ടർമാരുൾപ്പെടെയുള്ളവരെയെന്ന് റിപ്പോർട്ട്. ഇവർക്ക് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. മൂന്ന് തോക്കുകളും ജൈവായുധമായ റിസിൻ നിർമ്മിക്കാനുള്ള സാമഗ്രികളുമായി ഗുജറാത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. 2,900 കിലോ സ്ഫോടകവസ്തുക്കളുമായി ജമ്മു കശ്മീരിൽ നിന്നുള്ള മറ്റൊരു ഡോക്ടറെയും ഹരിയാനയിൽ അറസ്റ്റ് ചെയ്തു. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പ്രശംസിച്ച് പോസ്റ്ററുകൾ പതിച്ചതിന് ജമ്മു കശ്മീരിൽ നിന്നുള്ള മൂന്നാമത്തെ ഡോക്ടറെയും ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു. ഹരിയാനയിൽ ആയുധങ്ങളുമായി വനിതാ ഡോക്ടറും പിടിയിലായിരുന്നു.
ദില്ലി ചെങ്കോട്ടയിലെ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടു ആക്രമണ ശ്രമമാണ് രാജ്യത്ത് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്. ഗുണഭോക്താവ് മരണപ്പെട്ടതിന് ശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.
കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയെ കണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ജഗതി വാർഡിലെ ഇടതു സ്ഥാനാർത്ഥി പൂജപ്പുര രാധാകൃഷ്ണൻ. തന്നെ കാണാൻ വന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ പൂജപ്പുര രാധാകൃഷ്ണനെ ആശംസിക്കാനോ വോട്ട് തരാനോ കഴിയില്ലെന്നും എകെ ആന്‍റണി പറഞ്ഞു. കോൺഗ്രസുകാരനായതുകൊണ്ടാണ് എകെ ആന്‍റണി അനുഗ്രഹിക്കാത്തതെന്നാണ് പൂജപ്പുര രാധാകൃഷ്ണന്‍റെ മറുപടി.
വിഴിഞ്ഞം വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ കോവളം എംഎൽഎ എം. വിന്‍സന്‍റിനെതിരെ കെപിസിസിക്ക് പരാതി നൽകിയ ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ രാജിവെച്ചു. വിമർശിക്കുന്നവരെ വെട്ടിയൊതുക്കുന്നുവെന്നും, കോവളത്തെ പാർട്ടിയെ വിൻസെൻറ് ദുർബലമാക്കിയെന്നും രാജിക്കത്തിൽ ഹിസാൻ ഹുസൈൻ തുറന്നടിച്ചു.
ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്ന് വ്യക്തമാക്കി കവി ഇഞ്ചക്കാട് ബാലചന്ദ്രൻ. ബിജെപിയിൽ ചേര്‍ന്നതായുള്ള വാര്‍ത്തകൾ വന്നതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന പരിസ്ഥിതി ഗീതം എഴുതിയ വ്യക്തിയാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ.
ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് ഇൻസ്പെക്ടർ കെവി ഷൺമുഖനെയാണ് സസ്പെൻഡ് ചെയ്തത്. ഒക്ടോബർ രണ്ടിന് പാലക്കാട് കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തിൽ ആർ എസ് എസ് യൂണിഫോം ധരിച്ച് പങ്കെടുത്തുവെന്നാണ് കണ്ടെത്തൽ.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മനസു തുറന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പ്രകാശ് ജാവദേക്കറിനേ കണ്ടത് അഞ്ചു മിനുട്ട് മാത്രമാണെന്നും കുറെ മുൻപ് നടന്ന സംഭവം വിവാദമായതത് തെരഞ്ഞെടുപ്പ് സമയത്താണെന്നും ഇപി ജയരാജൻ പറഞ്ഞു.
പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷ വീഴ്ച. തെരുവുനായുടെ ആക്രമണത്തിൽ പത്തുമാനുകൾ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകൾക്ക് നേരെ തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടായത്. അതേസമയം, സംഭവത്തിൽ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലേക്ക് തിരിച്ചു.
ഡിസംബർ 8 മുതൽ 12 വരെ നടത്തുവാനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ മാസം 09, 11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13 നും നടത്തുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ 2025 ഡിസംബർ 8 മുതൽ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി വച്ചത്.
പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹാക്കർ ജോയൽ വി. ജോസിന്‍റെ സഹായിയും സുഹൃത്തുമായ യുവതി അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശിയായ ഹിരാൽ ബെൻഅനൂജ് പട്ടേൽ (37) ആണ് അറസ്റ്റിലായത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് ഇവർ നടത്തിയത്. കേസിലെ മുഖ്യ പ്രതി അടൂർ സ്വദേശി ജോയൽ റിമാൻഡിലാണ്.
തിരുവനന്തപുരം പാലോട് പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ച് അപകടം. നിർമ്മാണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷീബയുടെ നില ഗുരുതരമാണ്. പേരയം താളിക്കുന്നിൽ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന ആൻ ഫയർ വർക്സിന്‍റെ പടക്ക നിർമ്മാണ യൂണിറ്റിനാണ് തീപിടിച്ചത്. ഓലപടക്കത്തിന് തിരി കെട്ടി കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്.
തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. കരൾ രോഗ സംബന്ധിയായ ചികിത്സയിലായിരുന്നു 44കാരനായിരുന്ന അഭിനയ് കിങ്ങർ. 2002ൽ ധനുഷ് നായകനായ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയ് ചലചിത്ര രംഗത്തേക്ക് എത്തിയത്. അഭിനയ് കൈ എത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ദേശീയപാത നിർമ്മാണം നടക്കുന്ന കൊല്ലം ബൈപ്പാസിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി മുഹമ്മദ് ജുബ്രായിൽ ( 42 ) ആണ് മരിച്ചത്. കുരീപ്പുഴ പാലത്തിന് സമീപം മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിർമ്മാണ ജോലികൾ ചെയ്യവേ മണ്ണിനടിയിൽ അകപ്പെട്ടുവെന്നാണ് സംശയിക്കുന്നത്.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പുതുച്ചേരിയിൽ മുതിർന്ന സിപിഐ നേതാവിനെ പുറത്താക്കി. നിർവാഹകസമിതി അംഗം കെ സേതു സെൽവത്തെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പുതുച്ചേരിയിലെ പ്രമുഖ ട്രെഡ് യൂണിയൻ നേതാവ് ആണ് സേതു സെൽവം. ഭൂമിതർക്കം പരിഹരിക്കാൻ ഫ്രഞ്ച് പൗരനിൽ നിന്ന് 15 ലക്ഷം രൂപ കോഴ വാങ്ങിയതിനാണ് നടപടി.
മുല്ലപ്പെരിയാർ അണക്കെട്ട് നല്ല നിലയിലാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി (എൻഡിഎസ്‌എ) ചെയർമാൻ അനിൽ ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു. അണക്കെട്ട് പരിശോധിച്ച നാലാമത്തെ മേൽനോട്ട സമിതി യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട് വിരുദുനഗറിലെ ക്ഷേത്രത്തിൽ രണ്ട് സുരക്ഷാ ജീവനക്കാരെ വെട്ടിക്കൊന്നു. രാജപാളയം ദേവദാനത്ത് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ ആണ് സംഭവം. രാവിലെ പൂജയ്ക്കായി എത്തിയ പൂജാരിമാർ ആണ് മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ ഉള്ള കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ മാസം 13ന് രാജ്യത്തുടനീളം മഴ ലഭിക്കുന്നതിനായി സൽമാൻ രാജാവ് സൗദി ജനതയോട് ഇസ്തിസ്‌ക പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്തു. വരൾച്ചയുടെയും ജലക്ഷാമത്തിന്റെയും കാലഘട്ടങ്ങളിൽ ദൈവിക കരുണയും മഴയും തേടുന്നതിനായാണ് ഇസ്തിസ്‌ക പ്രാർത്ഥന നടത്തുക. വരൾച്ചയുടെ സമയത്ത് സമൂഹ പ്രാർത്ഥനയുടെ ഭാഗമായാണ് സ്വലാത്ത് അൽ-ഇസ്തിസ്ഖ പ്രാർത്ഥന നടത്തുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ എട്ടിന് ഭൂട്ടാനിലേക്ക് യാത്ര തിരിച്ചു. ഭൂട്ടാന്റെ നാലാമത്തെ രാജാവും നിലവിലെ ഭരണാധികാരിയുടെ പിതാവുമായ ജിഗ്മേ സിംഗ്‌യേ വാങ്‌ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് പ്രധാന മന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം. ഇത് കൂടാതെ 1020 മെഗാവാട്ട് പുനത്സാങ്‌ചു-II ജലവൈദ്യുത പദ്ധതിയും ഉദ്ഘാടനം ചെയ്യും.
ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിംഗ് നടക്കുന്നത്. 3.7 കോടി വോട്ടർമാർ വിധിയെഴുതും. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണിവരെ തുടരും. ദില്ലി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്.
ഹംഗേറിയൻ ഇംഗ്ലീഷ് എഴുത്തുകാരൻ ഡേവിഡ് സൊളോയ്ക്ക് ഈ വർഷത്തെ ബുക്കർ പ്രൈസ്. സൊളോയ് എഴുതിയ ഫ്ലെഷ് എന്ന നോവലിനാണ് പുരസ്‌കാരം. ഇന്ത്യൻ എഴുത്തുകാരി കിരൺ ദേശായി ഉൾപ്പെടെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്ന ആറുപേരിൽ നിന്നാണ് ജൂറി ഡേവിഡ് സൊളോയെ തെരഞ്ഞെടുത്തത്.
