അനധികൃത ഫ്ലക്സുകളും ബോർഡുകളും ചുരുങ്ങിയ സമയത്തിൽ നീക്കം ചെയ്ത സർക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം. കോടതിയും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച ഈ കൂട്ടായ്മ ഇനിയും തുടർന്നാൽ നല്ല മാറ്റങ്ങളുണ്ടാകുമെന്നും കോടതി പറഞ്ഞു. അനധികൃത ബോർഡ് സ്ഥാപിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്ന നടപടിയിൽ വിട്ട് വീഴ്ച ഉണ്ടാകരുതെന്നും ഇല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നും ഇളവുകളിൽ പറയുന്നു. തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നൽകി. തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
വയനാട് കളക്ടർ ഡി ആർ മേഘശ്രീയുടെ ഫോട്ടോ ഡി പി ആക്കി വാട്സാപ്പിലൂടെ വ്യാജന്മാർ പലരോടും പണം ആവശ്യപ്പെട്ടതായി പരാതി. വ്യാജന്മാരെ കണ്ടെത്താനായി ജില്ലാ കളക്ടർ നേരിട്ട് തന്നെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത സൈബർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള നമ്പർ എന്നാണ് പൊലീസ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം.
കോഴിക്കോട് നന്മണ്ടയില് നാല് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നന്മണ്ടയിലെ മരക്കാട്ട്മുക്കിലാണ് നായ നാട്ടുകാരെ ആക്രമിച്ചത്. പേവിഷബാധ സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. നായയെ ചത്തനിലയില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ കണ്ടെത്തിയിരുന്നു.
കളമശേരി സഹകരണ മെഡിക്കൽ കോളേജിൽ താത്കാലിക ജീവനക്കാരായി പ്രവേശിച്ച ഒരു ഡോക്ടറെയും 38 നഴ്സുമാരെയും സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതിയുടെ ഉത്തരവ്. 2024 ഡിസംബർ 15 ന് ഇവരെ സർക്കാർ സർവ്വീസിൽ സ്ഥിരപ്പെടുത്തി ഉത്തരവിറക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.
ഇന്നത്തെ എസ്എസ്എൽസി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നെന്ന ആരോപണവുമായി കെ എസ് യു. ഇന്ന് നടന്ന എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളിൽ ഭൂരിഭാഗവും എം എസ് സൊല്യൂഷൻസ് പ്രവചിച്ച മേഖലയിൽ നിന്നാണെന്നാണ് കെഎസ്യുവിന്റെ ആരോപണം. 32 ചോദ്യങ്ങൾ വന്നത് ഇന്നലെ യൂട്യൂബ് ചാനലിൽ പരാമർശിച്ച മേഖലയിൽ നിന്നാണെന്ന് കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിടി സൂരജ് ആരോപിച്ചു.
കണ്ണൂരിൽ വീണ്ടും എം പോക്സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുണ്ടായിരുന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത് . തലശ്ശേരി സ്വദേശിയുടെ രക്ത സാമ്പിൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. എംപോക്സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ആലപ്പുഴ ജില്ലാ വനിതാ ശിശു ആശുപത്രിയിലെ പ്രസവ ചികിത്സയിലെ പിഴവുകാരണം ഗുരുതര വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കുഞ്ഞിന്റെ സൗജന്യ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പൊതുജന സഹായത്തോടെ അതേറ്റെടുക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി കെ സി വേണുഗോപാല്‍ ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി.
വാർഡ് വിഭജനം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും നടപടികൾ നിയമാനുസൃതവും സുതാര്യവുമെന്നും മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരല്ല നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്. എല്ലാ കാലത്തും സ്വീകരിക്കുന്ന നടപടിക്രമമാണ് ഇപ്പോഴും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. കേരളാ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹരിത ട്രൈബ്യൂണൽ ചെന്നൈ ബഞ്ച് കേസെടുക്കും.
ആരോപണ വിധേയനായ അസി. കമാൻഡന്റിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ. എസ്.ഒ.ജിയിലെ അസി. കമാൻഡൻറ് അജിത് കെ എസിനാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ. 2023ൽ പൊലീസിൽ നടത്തിയ മികച്ച സേവനം നടത്തിയവർക്കുള്ള പട്ടികയാണ് ഇന്ന് പൊലീസ് ആസ്ഥാനത്തുനിന്നും പുറത്തിറങ്ങിയത്. ആരോപണങ്ങള്‍ വരുന്നതിന് മുമ്പുള്ള പ്രവർത്തനങ്ങള്‍ പരിഗണിച്ചാണ് നേരത്തെ പട്ടിക തയ്യാറാക്കിയതെന്നാണ് പൊലീസ് ആസ്ഥാനത്തിൻെറ വിശദീകരണം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ് അനുവദിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN TRV 01 എന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ ലോക്കേഷന്‍ കോഡ്.
വ്യവസായ വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് മാറ്റം. 5 സ്ഥാപനങ്ങളുടെ എംഡിമാരെ മാറ്റി. യുണൈറ്റഡ് ഇലക്ട്രിക്കൽസ് എം ഡിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരൻ വിനയ കുമാറിനെയും മാറ്റി. പകരം പണ്ടംപുനത്തിൽ അനീഷ് ബാബുവിനാണ് നിയമനം.
കേന്ദ്ര സാഹിത്യ അക്കാദമി 2024 പുരസ്കാരം കെ. ജയകുമാറിന്. പിങ്ഗള കേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാർ, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ്.
കണ്ണൂർ ചക്കരക്കല്ലിലെ കോൺഗ്രസിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. 4 കോടിയോളം രൂപയുടെ തിരിമറിയാണ് ജില്ലാ ബിൽഡിംഗ് മെറ്റീരിയൽസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സഹകരണ വകുപ്പ് കണ്ടെത്തിയത്. നിക്ഷേപകർക്ക് പണം തിരികെ നൽകാനാകാതെ പ്രതിസന്ധിയിലാണ് സ്ഥാപനം.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാർഡ് വിഭജനത്തിൽ സർക്കാർ തിരിച്ചടി. 8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മട്ടന്നൂർ, ശ്രീകണ്ഠാപുരം, പാനൂർ, കൊടുവള്ളി, പയ്യോളി, മുക്കം, ഫറൂക്ക്, പട്ടാമ്പി നഗരസഭകളുടെ വിഞ്ജാപന ഉത്തരവാണ് റദ്ദാക്കിയത്. പടന്ന പഞ്ചായത്തിന്റെയും വിഞ്ജാപനവും റദ്ദാക്കി.
ചെറിയ പായ്ക്കറ്റിൽ വിൽക്കുന്ന വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായി കണക്കാക്കണമെന്ന് സുപ്രീം കോടതി. ഇതോടെ ചെറിയ പായ്ക്കിൽ വിൽക്കുന്ന വെളിച്ചെണ്ണയുടെ ജിഎസ്ടി അഞ്ച് ശതമാനമാകും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്കുള്ള നിയമനത്തിൽ തർക്കങ്ങളില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി. സമവായത്തിലാണ് നടപടികൾ പൂർത്തിയായത്. കോണ്‍ഗ്രസിന്റെ സീറ്റില്‍ ലീഗ് അവകാശവാദമുന്നയിച്ച് ഭരണസമിതിയിലെത്തിയെന്ന ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു ഇ.ടി. മുഹമ്മദ് ബഷീര്‍.
ദില്ലി കലാപ ഗൂഢാലോചനക്കേസില്‍ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമല്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ 7 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. സെപ്തംബർ 13 നാണ് ഉമർ ഖാലിദ് അറസ്റ്റിലാവുന്നത്. 4 വർഷവും 3 മാസത്തിനും ശേഷമാണ് ഉമർ ഖാലിദിന് ജാമ്യം ലഭിക്കുന്നത്.
ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്‍ അവതരിപ്പിച്ച ദിവസം ലോക്സഭയില്‍ ഹാജരാകാതിരുന്നവരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ് തുടങ്ങിയ പ്രമുഖരും. ഹാജരാകാതിരുന്ന 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിന്മേൽ അല്ലു അർജുൻ ആരാധകർക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്. ഹൈദരാബാദ് സ്വദേശിയായ രാജ്കുമാർ നൽകിയ പരാതിയിലാണ് കേസെടുത്തത്. അല്ലു അർജുന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു അധിക്ഷേപ പോസ്റ്റുകൾ.
ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആർഎൽ പണം നല്‍കിയോയെന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ അറിയിച്ചു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ദില്ലി ഹൈക്കോടതിയിൽ കേന്ദ്ര ഏജൻസിയുടെ അഭിഭാഷകൻ പറഞ്ഞു. എക്സാലോജിക് –സിഎംആർഎൽ ദുരൂഹ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു. കാലിതീറ്റ കുംഭകോണ കേസിലെ പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിൽ പണം നല്‍കിയതെന്നും എസ്എഫ്ഐഒ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
അംബേദ്കറെ അപമാനിച്ചെന്ന ആരോപണത്തെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത്ഷാ. കോൺഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും ലോക്സഭയിലെ ചർച്ചകളിൽ വിവിധ അഭിപ്രായങ്ങളുണ്ടാകുക സ്വാഭാവികമാണെന്നും ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടോ പോകുന്ന പാർട്ടിയാണെന്നും അമിത് ഷാ വ്യക്തമാക്കി. കോൺഗ്രസ് അംബേദ്കർ വിരോധി പാർട്ടിയാണെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അപമാനിച്ചത് കോൺഗ്രസാണ് നിയമപരമായി നേരിടുന്നതിന് സാധ്യത തേടുമെന്നും അമിത് ഷാ പറഞ്ഞു.
ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്പീഡ് ബോട്ടിടിച്ച് തകര്‍ന്ന യാത്ര ബോട്ടില്‍ നുറിലധികം പേരുണ്ടായിരുന്നു. ഇതില്‍ 13 പേര് മരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചു .
ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നില്‍ നടന്ന .ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം.