എല്ലാ ദിവസവും രാവിലെ ഓട്‌സ് കഴിക്കുന്നതിനു പകരം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം ഉള്‍പ്പെടുത്തുന്നതാണ് നല്ലതെന്ന് പോഷകാഹാര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓട്‌സില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തുന്നു. ദിവസവും ഓട്‌സ് രാവിലെ കഴിക്കുന്നത് പോഷകക്കുറവിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍, പാകം ചെയ്യുന്നതിന് മുന്‍പ് ഓട്‌സ് വെള്ളത്തില്‍ കുതിര്‍ക്കുകയോ പുളിപ്പിക്കുകയോ ചെയ്യണം. ഇതിലൂടെ ഓട്‌സില്‍ അടങ്ങിയ ഫൈറ്റിക് ആസിഡ് ഒഴിവാക്കാന്‍ സഹായിക്കും. ഓട്‌സ് പതിവാക്കുന്ന ശരീരഭാരം കൂടാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇതില്‍ കലോറിയുടെ അളവു വളരെ കൂടുതലാണ്. ഇത് ക്രമേണ ശരീരഭാരം കൂടാന്‍ കാരണമാകും. ദിവസവും ഓട്‌സ് മാത്രം കഴിക്കുന്നതിന് പകരം, സ്മൂത്തിയിലോ യോഗര്‍ട്ടിലോ അളവു നിയന്ത്രിച്ചു കഴിക്കാവുന്നതാണ്. മാത്രമല്ല, മറ്റ് ഭക്ഷണങ്ങളും ഇതിനൊപ്പം കലര്‍ത്തി കഴിക്കാന്‍ ശ്രമിക്കുക. വാങ്ങുമ്പോള്‍ സര്‍ട്ടിഫൈഡ് ഗ്ലൂറ്റന്‍-ഫ്രീ ഓട്സ് തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഓട്സ് ദഹനത്തിന് നല്ലതാണ്. എന്നാല്‍ ദിവസവും കഴിക്കുന്നത് ഗ്യാസ്, വയറു വീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകാം. ദിവസവും കഴിക്കുന്നതിന് പകരം ആഴ്ചയില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് തവണ കഴിക്കാം. ഓട്‌സ് ആരോഗ്യകരമായ ഒരു ഭക്ഷണമാണ്, പക്ഷേ അവയില്‍ നിന്ന് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും കിട്ടില്ല. പ്രഭാതഭക്ഷണത്തിന് ഓട്‌സ് മാത്രം കഴിച്ചാല്‍, പ്രധാനപ്പെട്ട മറ്റ് പോഷകങ്ങള്‍ നഷ്ടപ്പെട്ടേക്കാം. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ പ്രഭാതഭക്ഷണത്തെ കൂടുതല്‍ സന്തുലിതമാക്കും.
