കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതിനെ പ്രതിപക്ഷം എതിർത്തു. സഭയോട് സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചെന്നും പ്രതിപക്ഷം വിമർശിച്ചു. സഭാ കവാടത്തിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
ഇന്ന് ചേർന്ന സഭാ സമ്മേളനം സർക്കാർ പ്രഹസനമാക്കിയെന്നും സഭയിൽ ചർച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമാണെന്ന പ്രഖ്യാപനം നടത്തിയതെന്നും വി ഡി സതീശൻ പറഞ്ഞു. ഇത് പൊള്ളയായ പ്രഖ്യാപനമാണെന്നും കേരളത്തിൽ ഇപ്പോഴും പട്ടിണിമരണം നടക്കുകയാണെന്നും തെരഞ്ഞെടുപ്പിന് മുൻപുള്ള പിആർ വർക്കാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പറഞ്ഞതിൽ വസ്തുത ഇല്ലെന്നും പ്രതിപക്ഷം ഭയക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പെന്ന് പറയുന്നത് പ്രതിപക്ഷമാണ്. പറഞ്ഞത് എന്തോ, അത് നടപ്പാക്കും അതാണ് ഇടത് സർക്കാരിന്റെ ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പുതുയുഗ പിറവിയിലാണ് സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിന് മുന്നിൽ 266 ദിവസം നീണ്ടുനിന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിനാണ് ഇതോടെ സമാപനമായത്. ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം.
സർക്കാർ ജീവനക്കാരുടെ നാല് ശതമാനം ഡി എ കുടിശ്ശിക ചേർത്തുള്ള ശമ്പളം ഇന്ന് മുതൽ ലഭിക്കും. പുതുക്കിയ ഡിഎ ചേര്‍ത്തുള്ള ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോട് ഒപ്പം ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. വിരമിച്ചവര്‍ക്കുള്ള പുതുക്കിയ പെന്‍ഷനും ഇന്ന് മുതല്‍ ലഭിക്കും.
മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമായ കെജി ശങ്കരപിള്ളക്ക് എഴുത്തച്ഛൻ പുരസ്‌കാരം. കവിതയുടെ സംക്രമണ കാലത്തിന് ശോഭയേകിയ കവിയാണ് കെ ജി ശങ്കരപിള്ളയെന്ന് പുരസ്‌കാര സമിതി പറഞ്ഞു. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് കെ ജി ശങ്കരപിള്ള പ്രതികരിച്ചു.
കോഴിക്കോട് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും. അതിക്രമത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു യുഡിഎഫ് പ്രവർത്തകരെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ സന്ദർശിക്കാൻ എത്തിയപ്പോളാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ജില്ലാ പഞ്ചായത്ത് അംഗമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി സെക്രട്ടറി വി. പി ദുൽഖീഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിന്‍റെ പ്രസ്താവനക്ക് മറുടിയുമായി ടിഎൻ പ്രതാപൻ. 2019 മുതൽ 2025 വരെ 3,57,72000 രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തൃശൂർ കോർപറേഷൻ പരിധിയിൽ തന്റെ എംപി ഫണ്ടിൽ നിന്ന് വിനിയോഗിച്ചതെന്ന് പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു. തൃശൂര്‍ എംപിയായിരിക്കുന്ന കാലത്ത് ടിഎന്‍ പ്രതാപന്‍ കോര്‍പ്പറേഷന്റെ വികസനത്തിന് ഒരു രൂപ പോലും തന്നില്ലെന്നും അതേസമയം ഇവിടുത്തെ എംപി അല്ലാത്ത കാലത്താണ് കോര്‍പ്പറേഷന്റെ വികസനത്തിന് സുരേഷ് ഗോപി ഒരു കോടി രൂപ നല്‍കിയതെന്നും എംകെ വര്‍ഗീസ് പറഞ്ഞിരുന്നു.
ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി. ഗുരുതുല്യന്മാരായിട്ടുള്ള ആളുകൾ ഇരുന്ന സീറ്റിലാണ് താന്‍ ഇരിക്കുന്നത് എന്നത് സന്തോഷം തരുന്ന കാര്യമാണെന്ന് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു. ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ രഞ്ജിത്ത് രാജി വച്ച ഒഴിവിലേക്കാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം.
വോട്ടര്‍പട്ടിക തീവ്രപരിശോധന ജനങ്ങള്‍ക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. നിലവിൽ എസ്ഐആർ പൂർത്തിയായ ബീഹാറിൽ വോട്ടര്‍പട്ടികയിൽ നിന്ന് പുറംതള്ളപ്പെട്ടവരിൽ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരും ദരിദ്രസാഹചര്യത്തിൽ ഉള്ളവരുമാണ്. സമാനമായി കേരളത്തിലും അർഹതപ്പെട്ടവർ പട്ടികയിൽ നിന്ന് പുറത്ത്‌പോകുമോ എന്ന ആശങ്കയുണ്ടെന്ന് കാന്തപുരം പറഞ്ഞു.
ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ചു ബിജെപി മുൻ വക്താവ് എംഎസ് കുമാർ. കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗം ആയതാണെന്ന് എംഎസ് കുമാർ പറഞ്ഞു. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ കൈവിട്ടു. അനിൽ കുമാറിന്റെ അവസ്‌ഥയിലാണ് താനും. ലോൺ എടുത്ത പാർട്ടിക്കാർ തിരിച്ചു അടക്കുന്നില്ല. വായ്പ എടുത്തവരുടെ പേര് വെളിപ്പെടുത്തുമെന്നും എംഎസ് കുമാർ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച 3 താലൂക്കുകൾക്ക് പ്രാദേശിക അവധി. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കളക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
സൈബര്‍ തട്ടിപ്പിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ സൈ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുടുങ്ങിയത് നിരവധി യുവാക്കളെന്ന് റിപ്പോർട്. സംശയാസ്പദമായി ഇടപാടുകള്‍ നടന്നുവരുന്ന ബാങ്ക് അക്കൗണ്ടുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഏറ്റവുമധികം സംശയാസ്പദമായി ഇടപാടുകള്‍ നടന്ന 57 അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ വീടുകളില്‍ റെയ്ഡ് നടത്തി. 27 പേരെ കസ്റ്റഡിയിലെടുത്തു നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പൊലീസ് സൈബര്‍ വിങ്ങിന്റെ നിരീക്ഷണം തുടരും.
പത്തനംതിട്ടയിൽ ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകുന്ന ഹാക്കർ പിടിയിലായി. അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസാണ് പിടിയിലായത്. തന്നെ സമീപിക്കുന്നവർക്ക് ഫോൺ കാൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ഇയാൾ ചോർത്തി നൽകുകയാണ് പതിവ്. ഗൗരവമേറിയ സുരക്ഷാ വിവരങ്ങളും ചോർത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
അരിമ്പൂരിൽ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൻ്റെ മാനേജരുടെ കാർ അജ്ഞാതർ കത്തിച്ചു. ഗുരു ഓഡിറ്റോറിയത്തിന് സമീപം ഫ്ലാറ്റിൽ താമസിക്കുന്ന പുല്ലഴി സ്വദേശി ഹരികൃഷ്ണൻ്റെ കാറാണ് കത്തിച്ചാമ്പലായത്. സംഭവത്തിൽ ഹരികൃഷ്ണൻ അന്തിക്കാട് പൊലീസിൽ പരാതി നൽകി. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
കുതിരാൻ ഇരുമ്പുപാലം പ്രദേശത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. തുരത്താനെത്തിയ വനംവകുപ്പിന്‍റെ ജീപ്പ് കാട്ടാന തകർത്തു. ഇന്നലെ രാത്രിയിലാണ് കാട്ടാന ഫോറസ്റ്റ് ജീപ്പ് തകർത്തത്. കാട്ടാന ഇറങ്ങിയെന്ന് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. എന്നാൽ ആന ജീപ്പിന് നേരെ തിരിയുകയായിരുന്നു. ഇതോടെ വനം വകുപ്പ് ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി.
കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി ഉദയ് മാഞ്ചി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെയാണ് സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്.
ആന്ധ്രയിലെ ശ്രീകാകുളത്ത് തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു. കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് അപകടത്തിൽ പെട്ടത്. തിരക്കിലും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ആളുകളുടെ എണ്ണം മൂലമുള്ള തിരക്ക് നിയന്ത്രിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ അമ്പലത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അതേസമയം, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 4 രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരതിന്റെ ഷെഡ്യൂൾ ആയി. ഉച്ചക്ക് 2.20 എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് പുലർച്ചെ 1.50 ന് ബെംഗളൂരു സിറ്റി എത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെടുന്ന വന്ദേഭാരത് എറണാകുളത്ത് 1.50ന് എത്തും. എന്നാൽ സർവ്വീസ് തുടങ്ങുന്ന തിയ്യതി തീരുമാനിച്ചിട്ടില്ല. ഇക്കാര്യം ഉടൻ അറിയിക്കുമെന്നാണ് വിവരം.
യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി. രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രംഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇതിലുൾപ്പെട്ട ഏക മലയാളിയാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി. ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി, അപ്പാരൽ ഗ്രൂപ്പ് സ്ഥാപക സീമ വേദ് എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ.
വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യൻ ടീമിനെ ഫൈനലിലേക്ക് എത്തിച്ച ജമീമ റോഡ്രിഗ്സിനെതിരെ വിമർശനവുമായി ബിജെപി നേതാവും നടിയുമായ കസ്തൂരി. ലോകകപ്പ് സെമി ജയത്തിന് ശേഷമുള്ള യേശുവിനെ കുറിച്ചുള്ള പരാമർശത്തിലാണ് കസ്തൂരിയുടെ രൂക്ഷമായ വിമർശനം. ശിവനോ ഹനുമാനോ ആണ് തന്റെ ജയത്തിന് പിന്നിൽ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ എന്നും ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കിൽ എന്തായേനെയെന്നും ഹിന്ദുക്കളുടെ വികാരപ്രകടനം ആണെങ്കിൽ പ്രതികരണങ്ങൾ ഉണ്ടാകുമായിരുന്നു താൻ കപടമതേതര വാദി അല്ലെന്നും കസ്തൂരി പറയുന്നു.
ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥയെന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ അമിത് ഷായ്ക്ക് കത്ത് അയച്ചു. സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങൾ പരിഗണിച്ചാണ് ദില്ലിയുടെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഓൾഡ് ദില്ലി റെയിൽവേ സ്റ്റേഷൻ ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ എന്നും വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ എയർപോർട്ട് എന്നുമാക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
തെരുവുനായ കേസിൽ സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ച് സംസ്ഥാനം. എബിസി ചട്ടങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും തെരുവുനായ നിയന്ത്രണത്തിന് വിവിധ പദ്ധതികൾ നടത്തിയെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ മനപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും വൈകിയതിൽ ക്ഷമിക്കണമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.
അമേരിക്കൻ നിക്ഷേപ കമ്പനിയായ ബ്ലാക്ക്‌റോക്കിൽ, ഇന്ത്യൻ വംശജനായ ബങ്കിം ബ്രഹ്മഭട്ട് കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടത്തിയതായി ആരോപണം. യുഎസ് ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ ബ്രോഡ്‌ബാൻഡ് ടെലികോമിന്റെയും ബ്രിഡ്ജ്‌വോയ്‌സിന്റെയും സിഇഒ ബങ്കിം ബ്രഹ്മഭട്ട്, വായ്പാ കൊളാറ്ററലായി ഉപയോഗിക്കേണ്ട അക്കൗണ്ടുകൾ വ്യാജമായി നിർമ്മിച്ചതായാണ് റിപ്പോർട്ട്. അതേസമയം, തട്ടിപ്പ് ആരോപണങ്ങൾ നിഷേധിക്കുന്നതായി ബ്രഹ്മഭട്ടിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.
ആഭ്യന്തര കലഹവും കൂട്ടക്കൊലകളും തുടരുന്ന സുഡാനിൽ അതിഭീകര സാഹചര്യമെന്ന് ഐക്യരാഷ്ട്ര സഭ. സായുധ സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് ആയിരക്കണക്കിന് നിരപരാധികളെ നിരത്തി നിർത്തി വെടിവെച്ച് കൊല്ലുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സുഡാൻ സായുധ സേനയും, റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന സംഘടനയും തമ്മിലാണ് അധികാരത്തിനായി പോരടിക്കുന്നത്. സുഡാൻ സായുധ സേനയുടെ കൈവശമുണ്ടായിരുന്ന എല്‍ ഫാഷര്‍ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം ആർഎസ്എഫ് പിടിച്ചെടുത്തതോടെയാണ് വീണ്ടും ഏറ്റുമുട്ടൽ ശക്തമായത്.
പശ്ചിമ ബംഗാളിനെയും ബംഗ്ലാദേശിനെയും ഒന്നാക്കുമെന്ന് ബി ജെ പി എം പി. റാനാഘട്ട് എം പി ജഗന്നാഥ് സർക്കാരാണ് ബംഗാളിൽ അധികാരത്തിലെത്തിയാൽ അതിർത്തികൾ ഇല്ലാതാക്കുമെന്നും, ബംഗാളിനെയും ബംഗ്ലാദേശിനെയും ഒന്നാക്കുമെന്നും പ്രസംഗിച്ചത്. പശ്ചിമ ബംഗാൾ ബി ജെ പി ഉപാധ്യക്ഷൻ കൂടിയായ ജഗന്നാഥ് സർക്കാരിന്‍റെ വിവാദ പ്രഖ്യാപനത്തിൽ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.
വായു മലിനികരണം കുറയ്ക്കാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് ദില്ലി സർക്കാർ. ദില്ലിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത പഴയ ചരക്ക് വാഹനങ്ങൾക്ക് ഇന്ന് മുതൽ ദില്ലിയിൽ വിലക്കേർപ്പെടുത്തി. ബി എസ് 3 മുതൽ താഴേക്കുള്ള വാഹനങ്ങൾക്കാണ് വായുമലിനീകരണ മേൽനോട്ട സമിതി വിലക്ക് ഏർപ്പെടുത്തിയത്. ദില്ലിയിൽ വായുമലിനീകരണതോത് ഇന്നും മോശം വിഭാഗത്തിൽ തുടരുകയാണ്. 237 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ്.
ഈജിപ്ഷ്യൻ രാജാവായ ടുട്ടൻഖാമന്റെ ശവകുടീരം പൂർണമായി പ്രദർശിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം എന്നറിയപ്പെടുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം. പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ഗിസയിലെ ഖുഫുവിന്റെ പിരമിഡിന് സമീപത്തായാണ് ടുട്ടൻഖാമന്റെ ശവകുടീരം പ്രദർശിപ്പിക്കുന്നത്.
