ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികള്‍, പുതിയ സാങ്കേതികവിദ്യകളുടെ വികസന വേഗത മനഃപൂര്‍വ്വം കുറയ്ക്കണമെന്ന് ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോദേയ് ആവശ്യപ്പെട്ടതിന് പിന്നാലെ ഇതിന് പിന്തുണയുമായി എ.ഐ സെക്ടറിലെ വമ്പന്മാരായ ഇലോണ്‍ മസ്ക്, സാം ആള്ട്ട്മാന്, ഡെമിസ് ഹസ്സാബിസ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള 48 മണിക്കൂറില്‍ ആഗോള സാമ്പത്തിക വിപണികളും വന്‍ ശക്തികളും ഈ നിര്‍ദ്ദേശത്തെ പൂര്‍ണമായി തള്ളിക്കളയുകയാണ് ഉണ്ടായത്. യു.എസും ചൈനയും എ.ഐ വേഗത കുറയ്ക്കില്ലെന്ന് ഒരുപോലെ വ്യക്തമാക്കി. എ.ഐ രംഗത്ത് ആര് ജയിക്കുന്നുവോ അവരായിരിക്കും ലോകം ഭരിക്കുകയെന്ന നിലപാടാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്. ഭയപ്പെടുത്തലുകള്‍ തള്ളിക്കളഞ്ഞ ചൈനീസ് വിദേശകാര്യ മന്ത്രാലയം, ഇത് ചൈനീസ് എ.ഐ വികസനത്തെ തടയാനുള്ള പാശ്ചാത്യ തന്ത്രമാണെന്ന് ആരോപിച്ചു. വികസന വേഗത കുറയുമോ എന്ന ആശങ്കയില്‍ പ്രധാന ചിപ്പ് ഓഹരികളുടെ വ്യാപാരത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
