ശ്രവണസഹായി ഉപയോഗിക്കുന്നത് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 42% കുറയ്ക്കുമെന്ന് പഠനം. ദി ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശ്രവണസഹായികള്‍ ഉപയോഗിക്കാത്ത, കേള്‍വിക്കുറവുള്ള ആളുകള്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 1.7% ആണെന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്. ഇവര്‍ ശ്രവണസഹായി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് ഡിമെന്‍ഷ്യക്കുള്ള ചെലവ് കുറഞ്ഞ ചികിത്സയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ബ്രിട്ടനിലെ 437,702 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ ആര്‍ക്കെല്ലാം കേള്‍വിക്കുറവുണ്ടെന്നും കൂടാതെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മരണപ്പെട്ടവരുടെ രേഖകള്‍ ശേഖരിച്ച് ആര്‍ക്കെല്ലാം ഡിമെന്‍ഷ്യ ഉണ്ടായിരുന്നു എന്നും പരിശോധിച്ചു. ഓരോരുത്തരുടെയും ശരാശരി 12 വര്‍ഷത്തെ ഡാറ്റയാണ് പരിശോധിച്ചത്. പഠനത്തിലെ ആളുകളുടെ ശരാശരി പ്രായം 56 വയസ്സായിരുന്നു. ഇവരില്‍ 54% സ്ത്രീകളായിരുന്നു. പഠനം നടത്തിയവരില്‍ 4-ല്‍ ഒരാള്‍ക്ക് കേള്‍വിക്കുറവ് ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ അവരില്‍ 12% പേര് മാത്രമാണ് ശ്രവണസഹായികള്‍ ഉപയോഗിക്കുന്നത് എന്നതാണ് പ്രധാനം. ഇത്തരത്തില്‍ ശ്രവണസഹായി ഉപയോഗിക്കുന്നത് അള്‍ഷിമേഴ്സ് ഉള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.അതേസമയം അമേരിക്കയില്‍ 5.8 ദശലക്ഷം ആളുകള്‍ക്ക് ഡിമെന്‍ഷ്യ ഉണ്ടെന്നാണ് കണക്ക്. ഇത് അവരുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതായും സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവിനെ ഇല്ലാതാക്കുന്നതായും കണ്ടെത്തി.
ശ്രവണസഹായി ഉപയോഗിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കും!
