പുതിയ ഗൂഗിള്‍ അക്കൗണ്ട് തുടങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കാന്‍ ഇനിമുതല്‍ ഫോണ്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടി വരും. ഫോണ്‍ നമ്പര്‍ നല്‍കാത്ത പുതിയ അക്കൗണ്ടുകള്‍ക്ക് 5 ജിബി സ്റ്റോറേജ് മാത്രമായിരിക്കും ഡിഫോള്‍ട്ടായി ലഭിക്കുക. കാലങ്ങളായി ഗൂഗിള്‍ ഡ്രൈവ്, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവ ഉപയോഗിക്കുന്നതിനായി പുതിയ അക്കൗണ്ടുകള്‍ക്ക് 15 ജിബി സൗജന്യ സ്റ്റോറേജ് ഗൂഗിള്‍ ഉറപ്പായും നല്‍കിയിരുന്നു. എന്നാല്‍ ഗൂഗിളിന്റെ പുതിയ സപ്പോര്‍ട്ട് പേജുകളില്‍ ഇത് ’15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ്’ എന്നതിന് പകരം ’15 ജിബി വരെ’ എന്ന് മാറ്റിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ ഈ അധിക സ്റ്റോറേജ് ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പിക്കാന്‍ ഗൂഗിളിന് സാധിക്കും.
