ആറ്റിങ്ങൽ ഇരട്ടക്കൊലപാതക്കേസിലെ പ്രതി അനുശാന്തിക്ക് ജാമ്യം. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജിയിൽ ഹൈക്കോടതിയുടെ തീർപ്പുണ്ടാകുന്നതുവരെയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനുശാന്തിയുടെ ഹര്‍ജി. എന്നാൽ ജാമ്യം നൽകുന്നതിനെ സംസ്ഥാനം ശക്തമായി എതിർത്തു. ഹൈക്കോടതിയിലെ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി അഹമീദ് അറിയിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെയും സുപ്രീം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു.
ആറ്റിങ്ങൽ ഇരട്ടക്കൊലപാതക്കേസിലെ പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു .
