സൂര്യനില് നിന്നുള്ള അള്ട്രാവയലറ്റ് കിരണങ്ങള് കേരളത്തില് കൂടുതല് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതായി പഠനം. ‘എന്വിയോണ്മെന്റല് മോണിട്ടറിംഗ്’ എന്ന പ്രസിദ്ധീകരണത്തില് വന്ന പഠനമാണ് ഇത് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. കേരളത്തില് നിലവില് യുവി കിരണങ്ങള് മനുഷ്യരുടെ ആരോഗ്യത്തിന് വെല്ലുവിളിയായി ഉയര്ന്നിട്ടുണ്ട്, ഇതിലേക്ക് അടിയന്തര ശ്രദ്ധ എത്തേണ്ടതുണ്ട് എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 18 വര്ഷത്തില് കേരളത്തില് യുവി കിരണങ്ങളുടെ തോതിലുണ്ടായിട്ടുള്ള മാറ്റങ്ങള് പഠനം വിശകലനം ചെയ്യുന്നുണ്ട്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ചും, ഓരോ സ്ഥലത്തെയും പ്രകൃതത്തിന് അനുസരിച്ചുമെല്ലാം നേരിട്ട് പതിക്കുന്ന യുവി കിരണങ്ങളുടെ അളവില് വ്യത്യാസം വരാം. പലപ്പോഴും റേഡിയേഷന്റെ അത്ര ശക്തമായ കിരണങ്ങളാണ് ഇവിടെ വന്നുപതിക്കുന്നതത്രേ. 79 ശതമാനത്തിലും അധികം യുവിഐ കേരളത്തില് കണ്ടു. തൃശൂര്, പാലക്കാട്, എറണാകുളത്തിന്റെ ചില ഭാഗങ്ങള്, ഇടുക്കി, കൊല്ലത്തിന്റെ ചില ഭാഗങ്ങള്, തിരുവനന്തപുരം എന്നീ ജില്ലകളും പ്രദേശങ്ങളുമാണ് ഇക്കാര്യത്തില് ഏറെ മോശം അവസ്ഥയിലുള്ളതത്രേ. മാര്ച്ച്, ഏപ്രില് മാസങ്ങളിലാണ് കൂടുതല് പ്രശ്നം. ഇത് ജൂണ്, ജൂലൈ, സെപ്തംബര്, ഡിസംബര് മാസങ്ങളില് കുറഞ്ഞുവരുന്നു. യുവി കിരണങ്ങള് ഏറെ ഏറ്റുകഴിഞ്ഞാല് അത് ചര്മ്മം, കണ്ണുകള് എന്നീ ഭാഗങ്ങളെയാണ് ബാധിക്കുക. അതുപോലെ നമ്മുടെ രോഗപ്രതിരോധശേഷിയും ദുര്ബലമാകും. പെട്ടെന്ന് പ്രായം തോന്നിക്കുന്ന രീതിയിലേക്ക് സ്കിന് എത്തുക, സ്കിന് രോഗങ്ങള്, കണ്ണിനാണെങ്കില് തിമിരം പോലുള്ള രോഗങ്ങള്, കാഴ്ച മങ്ങല് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ബാധിക്കാം.
യുവി കിരണങ്ങളുടെ ശക്തി ഈ ജില്ലകളില് കൂടി വരുന്നു
