തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ ഉദ്ഘാടനത്തിനിടെ നെയ്യാറ്റിന്‍കര ഗവണ്മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിൽ വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവം അന്വേഷിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് പതാക ഉയര്‍ത്തിയപ്പോള്‍, പതാക കയറില്‍ കുടുങ്ങിയിരുന്നു. ഇത് അഴിച്ചിറക്കാനാണ് സംഘാടകര്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയത്. സ്ഥലം എം.എല്‍.എ. ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ നോക്കിനില്‍ക്കേയാണ് യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെ വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയത്. എന്‍.എസ്.എസ്. വോളന്റിയര്‍ എന്ന നിലയില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സ്വമേധയായാണ് കൊടിമരത്തില്‍ കയറിയതെന്നും, സ്കൂള്‍ പ്രിന്‍സിപ്പാളിന് വിദ്യാര്‍ത്ഥി വിശദീകരണം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവം അന്വേഷിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നൽകി
