ഇഡിയും സിബിഐയും കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതും അറസ്റ്റ് ചെയ്യാത്തതും എന്താണെന്ന് ചോദിക്കുന്ന രാഹുൽ ഗാന്ധിയോട് താങ്കൾ എന്തുകൊണ്ട് അറസ്റ്റിൽ ആയില്ല എന്ന് ചോദിക്കുന്നില്ല, അതല്ല ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവുമാണെന്നും നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡി ചോദ്യം ചെയ്തവരാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നയങ്ങൾ കോടതിയിൽ ചോദ്യം ചെയ്യുകയും ഡൽഹിയിൽ പരസ്യപ്രക്ഷോഭത്തിലൂടെ താക്കീത് നൽകുകയും ചെയ്ത സർക്കാരാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ, പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ കുറിച്ചാണ് പ്രകടനപത്രികയിൽ പോലും അക്കാര്യം പറയാൻ ധൈര്യമില്ലാത്ത പാർട്ടിയുടെ നേതാവായ രാഹുൽ ഗാന്ധി വിമർശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവുമെന്ന് വി ശിവൻകുട്ടി
