മൂന്ന് മണിക്കൂറും 10 മിനിട്ടുമായി രാം ചരണ്‍ നായകനാകുന്ന ‘പെദ്ധി’ ജൂണ്‍ നാലിന് ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഗുസ്തിക്ക് ഒപ്പം ക്രിക്കറ്റും ചിത്രത്തിന്റെ കഥാ പശ്ചാത്തലമായി വരുന്നു. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഈ ചിത്രത്തില്‍ ഒരു നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണ്‍- ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
