പ്രായപൂര്‍ത്തിയായതിന് ശേഷം അമിതവണ്ണം ആകുന്നവരില്‍ കാന്‍സര്‍ സാധ്യത ഇരട്ടിയാണെന്ന് പുതിയ പഠനം. അമിതവണ്ണം അന്നനാളത്തിലെ അര്‍ബുദം, വയറിന്റെ മുകള്‍ഭാഗത്തെ ബാധിക്കുന്ന അര്‍ബുദം, മലാശയ അര്‍ബുദം, കരളിനെയും മൂത്രസഞ്ചിയെയും ബാധിക്കുന്ന അര്‍ബുദം, മള്‍ട്ടിപ്പിള്‍ മൈലോമ, പാന്‍ക്രിയാറ്റിക് കാന്‍സര്‍, വൃക്ക, തൈറോയ്ഡ് ഗ്ലാന്‍ഡ്, ഓവറികള്‍, എന്‍ഡോമെട്രിയം തുടങ്ങിയവയെ ബാധിക്കുന്ന അര്‍ബുദസാധ്യത വര്‍ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അമിതവണ്ണം ഏതു തരം കാന്‍സറിനുള്ള സാധ്യതയും കൂട്ടുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. മുപ്പത് വയസ്സിന് മുമ്പ് അമിതവണ്ണക്കാരാകുന്ന പുരുഷന്മാരില്‍ കരളില്‍ അര്‍ബുദമുണ്ടാകുന്നതിനുള്ള സാധ്യത അഞ്ചു മടങ്ങ് കൂടുതലാണെന്നാണ് പഠനം പറയുന്നത്. പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യത ഇരട്ടിയും കുടലിലെ കാന്‍സറിനുള്ള സാധ്യത 58 ശതമാനവും കൂടുതലാണ്. അതുപോലെ തന്നെ മുപ്പതിന് മുമ്പെ അമിതവണ്ണമെത്തുന്ന സ്ത്രീകളില്‍ എന്‍ഡോമെട്രിയല്‍ കാന്‍സറിനുള്ള സാധ്യത 4.5 മടങ്ങ് കൂടുതലും പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള 67 ശതമാനവുമാണെന്ന് ഗവേഷകര്‍ പറയുന്നു. അമിതവണ്ണമാകുന്നതോടെ ഹോര്‍മോണ്‍ നിലയിലുണ്ടാകുന്ന മാറ്റങ്ങള്‍, മെറ്റബോളിസത്തിലെ തകരാറുകള്‍, ഇന്‍സുലിന്‍ നിലയിലെ വ്യതിയാനം, ശരീരത്തില്‍ വീക്കമുണ്ടാവുക തുടങ്ങിയവയാകാം അര്‍ബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ എന്നാണ് ഗവേഷകര്‍ കരുതുന്നത്.
