എ.ഐ ഇമേജുകളും വിഡിയോയും തിരിച്ചറിയാന്‍ ലളിതമായ വഴിയൊരുക്കിയിരിക്കുകയാണ് ഗൂഗ്ള്‍ ജെമിനി. പരിശോധിക്കേണ്ട ചിത്രം/വിഡിയോ നേരിട്ട് ആപ്പില്‍ അപ് ലോഡ് ചെയ്ത് ഇത് എ.ഐ ജനറേറ്റഡ് ആണോ എന്ന് നേരിട്ട് ചോദിക്കുകയേ വേണ്ടൂ. ആപ് സപ്പോര്‍ട്ട് ചെയ്യുന്ന വിവിധ ഭാഷകളില്‍ ആശയവിനിമയം നടത്താം. വിഡിയോ പരമാവധി 100 എം.ബി സൈസിലുള്ളതും ഒന്നര മിനിറ്റില്‍ കുറവ് ദൈര്‍ഘ്യമുള്ളതുമാകണം. ചിത്രത്തിന്റെ പിക്‌സലുകളില്‍ ചേര്‍ത്ത സിന്ത് ഐ.ഡി എന്ന ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്ക് വഴിയാണ് പരിശോധന സാധ്യമാകുന്നത്. മനുഷ്യന്റെ നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്തവിധം ചെറിയ രീതിയില്‍ ക്രോപ്പിങ്, ഫില്‍ട്ടറിങ്, കംപ്രഷന്‍, ഫ്രെയിം റേറ്റ് ചേഞ്ചിങ് നടത്തിയാണ് സിന്ത് ഐ.ഡി വാട്ടര്‍മാര്‍ക്ക് ചെയ്യുന്നത്. ഗൂഗ്ള്‍ ജെമിനി, ഇമാജെന്‍, ലിറിയ, വിയോ തുടങ്ങിയ എ.ഐ മോഡലുകളെല്ലാം ഈ വാട്ടര്‍മാര്‍ക്കോടെയാണ് പുറത്തിറങ്ങുന്നത്. 2023 മുതല്‍ 200 കോടി നിര്‍മിതബുദ്ധി ചിത്രങ്ങളിലാണ് ഗൂഗ്ള്‍ ഇങ്ങനെ വാട്ടര്‍മാര്‍ക്ക് ചെയ്തിട്ടുള്ളത്. ഗൂഗിളിന്റെ എ.ഐ വിഭാഗമായ ഡീപ് മൈന്‍ഡ് ആണ് ഈ ഫീച്ചര്‍ വികസിപ്പിച്ചത്. വിഡിയോയുടെ ഏത് ഭാഗത്താണ് സിന്ത് ഐ.ഡിയുള്ളതെന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ജെമിനി ചൂണ്ടിക്കാണിക്കും. സിന്ത് ഐ.ഡി ഇല്ലെങ്കില്‍ അതും വ്യക്തമാക്കും.
