Untitled design 20250112 193040 0000 1

 

 

സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷി​ഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണ് ഇന്ന് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിപയിൽ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട ഒരാളെ ഇന്ന് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി.

 

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’ വഴി 14,722 കേസുകൾ രജിസ്റ്റർ ചെയ്തതായി എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു. ജവാൻ മദ്യത്തിന്റെ ഉത്പാദന പ്രതിസന്ധി പരിഹരിച്ചതായും, ലഹരിക്കെതിരെ ‘ജനജാഗ്രത പോർട്ടൽ’ ആരംഭിക്കുമെന്നും, പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

എളംകുളം മെട്രോ സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ നടക്കുന്ന കൊച്ചിയിലെ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. എല്ലാ ദിവസവും രാത്രി 11 മുതൽ രാവിലെ 6 വരെ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് വരെയുള്ള ഭാഗത്താണ് നിയന്ത്രണം. ഈ സമയങ്ങളിൽ വാഹന ഗതാഗതം റോഡിന്റെ ഒരു വശം മാത്രം ഉപയോഗിച്ച് കടത്തിവിടുമെന്ന് കെഎംആർഎൽ അറിയിച്ചു.

 

സംസ്ഥാനത്തെ അങ്കണവാടികളിൽ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിൽ. സർക്കാർ നിശ്ചയിച്ച കുറഞ്ഞ വിലയ്ക്ക് പാൽ നൽകാൻ വിതരണക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇത് ലക്ഷക്കണക്കിന് കുരുന്നുകളുടെ പോഷകാഹാര ലഭ്യതയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് സിപിഎം ആരോപിക്കുന്നു.

 

വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ അന്വേഷണത്തിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകന് ജാമ്യം നല്‍കിയ കേസില്‍ കക്ഷി ചേരാനായി ഇഡി കോടതിയിൽ ഹര്‍ജി നല്‍കി. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ഇ ഡി കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 9ാം പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ പ്രോസിക്യൂട്ടറുടെ ഒത്തുകളിക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഹരീഷ് കുമാറിന്‍റെ ജാമ്യത്തെ എതിര്‍ത്ത് കഴിഞ്ഞ 18 ന് തന്നെ പൊലീസ് വിശദമായ റിപ്പോർട്ട് നല്‍കിയതിന്‍റെ രേഖകൾ പുറത്തു വന്നു . ഈ റിപ്പോർട്ടിന് വിരുദ്ധമായി പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചതാണ് ഹരീഷിന് ജാമ്യം ലഭിക്കാനിടയാക്കിയത്.

 

പാലക്കാട് നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലും മുൻ സർക്കാരിന്റെ വീഴ്ചകളിലും നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും സഹകരണ മേഖലയിലെ നിയമനങ്ങളിലെ സുതാര്യതയില്ലായ്മയും തിരിച്ചടിയായെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.

 

യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീ സൗജന്യ യാത്രാ പദ്ധതി വയനാട്ടിലെ സ്വകാര്യ ബസ് മേഖലയെ തകർത്തു. കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര കാരണം യാത്രക്കാരില്ലാതെ സ്വകാര്യ ബസുകൾ നഷ്ടത്തിലോടുകയും സർവീസ് നിർത്താൻ ഒരുങ്ങുകയുമാണ്. തങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തുകയോ സബ്‌സിഡി നൽകുകയോ ചെയ്യണമെന്ന് ബസുടമകൾ ആവശ്യപ്പെടുന്നു.

 

ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ കുട്ടനാട്ടിൽ പ്രതിഷേധം. ചമ്പക്കുളത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ചു. മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

 

പെൺ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ഫക്കീർ മണ്ഡ‍ൽ എന്ന അമ്പത്തിയൊന്നുകാരനെ പെരുമ്പാവൂരിൽ വച്ചാണ് പൊലീസ് പിടികൂടിയത്.

 

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച മുതൽ പരക്കെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

 

കേരളത്തിലെ തീരമേഖലയിലെ ഖനനം സ്വകാര്യവൽകരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ഇത് ചോദ്യം ചെയ്തപ്പോൾ സ്വകാര്യവൽക്കരണം ഇല്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശൻ കേരള നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. തെല്ലങ്കാന ആസ്ഥാനമായ ഒരു കമ്പനിയുമായി ഖനനത്തിന് ധാരണ ഉണ്ടാക്കിയിട്ട് ആണ് മുഖ്യമന്ത്രി സ്വകാര്യവൽക്കരണം ഇല്ലെന്ന് പറയുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.

 

തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ഡി. ശരത്കുമാറിനെതിരെ ലഹരിമരുന്ന് ഉപയോഗ ആരോപണവുമായി ബിജെപി. ഐപിഎൽ മത്സരത്തിനിടെ ഗ്യാലറിയിൽ ഇരുന്ന മന്ത്രി മൊബൈൽ ഫോൺ സ്‌ക്രീനിൽ വെള്ള നിറത്തിലുള്ള പൊടി നിരത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഒരു ഐപിഎൽ മത്സരത്തിനിടെയുള്ള പഴയ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

 

അയോധ്യ ക്ഷേത്രക്കൊള്ളയില്‍ കേസെടുത്തതിന് പിന്നാലെ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായ് രാജിവെച്ചതിൽ പ്രതികരണവുമായി ട്രസ്റ്റ്. നിഷ്പക്ഷത ഉറപ്പാക്കാനാണ് രാജിയെന്ന് ട്രസ്റ്റ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം നടക്കാൻ റായ് മാറി നിൽക്കണം. എഫ്ആറിൽ പെടാത്ത ചമ്പത് റായ് മാറി നിൽക്കുന്നത് ധാർമ്മികത കൊണ്ടാണെന്നും ട്രസ്റ്റ് വിശദീകരണം നൽകി.

 

 

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്ന ജീവനക്കാർ കോടികൾ തട്ടിയെടുത്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പണം എണ്ണുന്നതിനിടെ സിസിടിവി മറച്ച് നോട്ടുകെട്ടുകളിൽ നിന്ന് പണം മോഷ്ടിക്കുകയും പിന്നീട് ഇത് പുറത്തുകടത്തുകയുമായിരുന്നു പ്രതികളുടെ രീതി.

 

ദില്ലിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു. ദില്ലി മുണ്ട്കയിലാണ് സംഭവം. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മുണ്ട്കയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. ഇന്ന് ഉച്ചയോടെയാണ് അപകടം.

 

 

തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന് സൂചന. ഡിഎംകെ സഖ്യത്തിൽ തുടരണോ എന്നതിൽ തീരുമാനമെടുക്കാൻ എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോയുടെ അധ്യക്ഷതയിൽ ചെന്നൈയിൽ നിർണായകമായ രണ്ട് ദിവസത്തെ ഉന്നതതല നേതൃയോഗം ആരംഭിച്ചു.

 

ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു. വടകര അഴിയൂർ സ്വദേശി അൻസാർ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. ചികിത്സയിൽ ഇരിക്കെ ഇന്നായിരുന്നു മരിച്ചത്. ഏറനാട് എക്സ്പ്രസ് കോഴിക്കോട് എത്താനായപ്പോഴാണ് അപകടം.

 

 

പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഗുജറാത്ത്, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മാതൃകയിൽ കൃത്യമായ നിയമനടപടികൾ പാലിച്ചായിരിക്കും സംസ്ഥാനത്ത് യുസിസി നടപ്പിലാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

 

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വിശ്വാസ് നാംഗ്രേ പാട്ടീൽ ആർഎസ്എസിനെ പ്രകീർത്തിച്ച് നടത്തിയ പ്രസംഗം വിവാദമായി. സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ സർക്കാരിന്റെ അനുമതി വാങ്ങിയിരുന്നോ എന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.

 

ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാധ്യത തള്ളാതെ എം.കെ. സ്റ്റാലിൻ. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റിൽ സ്റ്റാലിൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പ്രതികരണം.

 

 

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ യാത്രകളെയും പാസ്‌പോർട്ട് സംബന്ധമായ ആവശ്യങ്ങളെയും ബാധിക്കുന്ന നാല് സുപ്രധാന മാറ്റങ്ങളാണ് വരാൻ പോകുന്നത്. സാധാരണ അപേക്ഷകൾ മുതൽ ഇന്ത്യയിലേക്കുള്ള യാത്ര വരെ ഇനി മാറുകയാണ്.

 

ചരിത്രത്തിലാദ്യമായി വടക്കുകിഴക്കൻ ഇന്ത്യയെ പശ്ചിമേഷ്യയുമായി ബന്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. അസമിലെ ഗുവാഹത്തിയിൽ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും ഓഗസ്റ്റ് മുതൽ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കും.

 

 

ക്യാപ്റ്റൻ ധ്രുവ് ജുറെലിന്‍റെയും ഓപ്പണർ സായ് സുദർശന്‍റെയും സെഞ്ചുറികളുടെ കരുത്തിൽ ശ്രീലങ്ക ‘എ’ ടീമിനെതിരായ ഒന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ‘എ’യ്ക്ക് കൂറ്റൻ സ്കോർ. മത്സരത്തിന്‍റെ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 452 റൺസെന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ‘എ’ രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിലാണ്.

 

മുൻ ചാമ്പ്യന്മാരായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇക്വഡോർ ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ കോച്ച് സെബാസ്റ്റ്യൻ ബെക്കാസെസെ നടത്തിയ വൈകാരിക വിജയാഘോഷം വൈറലായി. 2006-ന് ശേഷം ആദ്യമായാണ് ഇക്വഡോർ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.

 

ലോകകപ്പിൽ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ജർമനി ടീമില്‍ കടുത്ത ഭിന്നതയെന്ന് സൂചന. ടീമിന് വിജയതൃഷ്ണ കുറവായിരുന്നില്ലെന്ന് പരിശീലകൻ ജൂലിയൻ നാഗെൽസ്മാൻ അവകാശപ്പെടുമ്പോൾ, ഇക്വഡോറിന് തങ്ങളെക്കാൾ ജയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് രംഗത്തെത്തി.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *