സ്വര്‍ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിങ് നിരക്ക് കുത്തനെ ഉയര്‍ത്തി. 45 രൂപയില്‍നിന്ന് 75 രൂപയായാണ് കൂട്ടിയത്. ഇതുപ്രകാരം നിരക്കുവര്‍ധന 66.67 ശതമാനമാണ്. ഇതിലൂടെ ജുവലറികള്‍ക്ക് 400 കോടി രൂപയുടെ അധികച്ചെലവും 80 കോടി രൂപയുടെ ജി.എസ്.ടി. ബാധ്യതയുമാണുണ്ടാവുക. ഹാള്‍മാര്‍ക്കിങ് തുക ഉപഭോക്താക്കളാണ് നല്‍കുന്നതെങ്കിലും ബി.ഐ.എസ്. കെയര്‍ ആപ്പ് ഉപയോഗിച്ച് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്ന കാര്യം പലര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ അജ്ഞത മുതലെടുത്ത് ഹാള്‍മാര്‍ക്കിങ് സുരക്ഷാ സംവിധാനങ്ങള്‍ വ്യാജമായി നിര്‍മിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഹാള്‍മാര്‍ക്കിങ് ചെയ്യുന്നതിനുള്ള സമയം ആറു മണിക്കൂറായിരുന്നത് 24 മണിക്കൂറിലേറെയായി കൂടിയത് വ്യാപാരികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് പറയുന്നു.
