ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാളെ പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവൽക്കരണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
യോഗ ദിനാചരണത്തിലെ ഗവർണറുടെ ഇടപെടലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണർ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടന കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്ന കാഴ്ചയാണെന്നും ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പിണറായി കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി. ആരോഗ്യവകുപ്പിന്റെ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഉത്തരവിലെ വൈരുദ്ധ്യവും സ്പെഷ്യൽ റൂളും ചൂണ്ടിക്കാട്ടി ഡോ. റീന നൽകിയ ഹർജിയിലാണ് നടപടി
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീനയെ മാറ്റിയ നടപടിയെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ. ‘തൊരപ്പൻ പണി’ നടത്തുന്നവരെ കസേരയിൽ ഇരുത്തില്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും, സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഡോ. റീന നൽകിയ ഹർജിയിലാണ് സർക്കാരിന് തിരിച്ചടിയായ നടപടി.
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയിൽ നിലപാട് വ്യക്തമാക്കി കെഎസ്യു. സംഘപരിവാർ അജണ്ടയുള്ള പദ്ധതിക്കെതിരെ മുൻപ് സമരം ചെയ്ത തങ്ങൾ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും, എന്നാൽ സർക്കാർ മാറിയപ്പോൾ പിന്മാറുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുവെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് എതിരായ പൊതുതാല്പര്യ ഹർജിയിൽ, രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എന്ന് ഹർജിക്കാരന്റെ വാദം. അതേ സമയം വാക്ക് വാക്കുപാലിച്ചതായി കണ്ടുകൂടെ എന്നായിരുന്നു ഹർജിയിൽ കോടതിയുടെ ചോദ്യം.ഹർജി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
പാലക്കാട് മലമ്പുഴയിൽ ജലശുദ്ധീകരണശാലയ്ക്ക് സമീപമുള്ള വീടുകളിൽ വ്യാപക പ്രാണി ശല്യം. ശുദ്ധീകരണശാലയിലെ ജൈവ മാലിന്യങ്ങളിൽ നിന്നാണ് പ്രാണി ഉണ്ടാകുന്നത്. പരാതി പറയാൻ തുടങ്ങി 4 വർഷമായിട്ടും പരിഹാരം കാണാതെ അധികൃതർ. ഉടൻ പരിശോധിക്കുമെന്ന് ജലവിഭവമന്ത്രി വ്യക്തമാക്കി.
ഭരണം അഞ്ച് വർഷത്തേക്കാണെന്നും വീണ്ടും തെരഞ്ഞെടുപ്പുണ്ടെന്നും മന്ത്രിമാരെയും എംഎൽഎമാരെയും ഓർമ്മിപ്പിച്ച് ഇടുക്കി ഡിസിസി അംഗം നിഖിൽ പൈലി. പ്രവർത്തകരെ മറന്ന് സുഖിക്കാനും സമ്പാദിക്കാനുമുള്ളതല്ല ഭരണമെന്നും ജനങ്ങളെ സേവിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. സഹപാഠിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കി ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
പെട്രോളിയം വിതരണ ചട്ടങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് തേടി ഭക്ഷ്യ, സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചു. കാർഷിക മേഖല, ആശുപത്രികൾ തുടങ്ങിയ അവശ്യ വിഭാഗങ്ങൾക്ക് പെട്രോളും ഡീസലും കാനുകളിൽ നൽകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കും വരെ ഇളവ് അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി പിഎസ്സി ബുള്ളറ്റിനിൽ ഫോട്ടോ പ്രസിദ്ധികരിച്ച സംഭവത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വീഴ്ച പറ്റിയവർക്കെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.
തിരുവനന്തപുരത്ത് കിളിമാനൂർ സ്വദേശിയായ 43 കാരന് കുരങ്ങ് പനി (എം പോക്സ്) സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം സംസ്ഥാനത്ത് എട്ട് പേർക്ക് രോഗം സ്ഥിീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, 19 പേർക്ക് കൂടി ഷിഗെല്ലയും 68 പേർക്ക് ഡെങ്കിയും സ്ഥിരീകരിച്ചു. തൃശൂരിൽ ഡെങ്കി ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് നിപ ഭീതി അകലുന്നു.സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു. നിപ ഒരു പരിശോധന ഫലം കൂടെ നെഗറ്റീവായി. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരാൾ കൂടെ ആശുപത്രി വിട്ടു.രോഗിയെ കൂടാതെ ഇതുവരെ നടത്തിയ എല്ലാ പരിശോധനയും നെഗറ്റീവായി.
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഒരുക്കം വിലയിരുത്താന്‍ ഗവര്‍ണര്‍ യോഗം വിളിച്ചത് സർക്കാർ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് മുഖ്യമന്ത്രി. ഇതിൽ അസംതൃപ്തി രേഖപ്പെടുത്തിയ സർക്കാർ, ഇത് എക്സിക്യൂട്ടീവ് ചുമതലകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.
ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ച് ഭരണകാര്യങ്ങളിൽ ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഗവർണർ സമാന്തര അധികാര കേന്ദ്രമായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷാ പദ്ധതികൾ, പെൻഷൻ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം നൽകുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി. അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക സംഘത്തിന് കോടതി നിർദ്ദേശം നൽകി. 2025 ൽ സ്വർണപ്പാളികൾ കൊണ്ടുപോയതിൽ ആർക്കൊക്കെ വീഴ്ചയെന്ന് വ്യക്തമാക്കുന്ന സമഗ്ര റിപ്പോർട്ടും ഹാജരാക്കണമെന്ന് ദേവസ്വം ബഞ്ച് നിർദേശിച്ചു.
കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്. പിഎം ശ്രീയിൽ യുഡിഎഫ് നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭാ ഉപസമിതിക്ക് പരസ്യമായി കത്തയച്ചാണ് ലീഗിൻ്റെ പ്രതിഷേധം.
ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ ബലാത്സംഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.
നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ മെസേജിങ് ആപ് ടെലഗ്രാം താൽക്കാലികമായി നിരോധിച്ചതിനെതിരെ കമ്പനി ദില്ലി ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ കേന്ദ്രം മറുപടി സമർപ്പിച്ചു. നിയമവിരുദ്ധ കാര്യങ്ങൾക്ക് ടെലഗ്രാം ഉപയോഗിക്കപ്പെടുന്നുവെന്നും കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പോലും പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.
സ്വന്തമായി നഴ്സിംഗ് ഹോം. ആളുകളെ പരിചയപ്പെടുത്തിയിരുന്നത് ഡോക്ടർ എന്ന പേരിൽ. നടത്തിയിരുന്നത് മനുഷ്യക്കടത്ത്. ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി. സംഘത്തിന്റെ സൂത്രധാരയായ യുവതി അടക്കം 12 പേരാണ് പിടിയിലായത്. അഞ്ച് നവജാത ശിശുക്കളെയാണ് പൊലീസ് രഹസ്യ നടപടിക്കിടെ രക്ഷിച്ചത്.സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
തമിഴ്നാട് നിയമസഭയിൽ രണ്ട് തവണ ദേശീയഗാനം ഉയർന്നതിൽ സന്തോഷം എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. പുതുയുഗപ്പിറവി എന്നാണ് ഗവർണർ വിശേഷിപ്പിച്ചത്. തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തും അവസാനിക്കുമ്പോൾ ദേശീയഗാനവും ആയിരുന്നു തമിഴ്നാട്ടിലെ കീഴ്വഴക്കം. ഇന്ന് തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും പാടി. വീണ്ടും ദേശീയഗാനം ആലപിച്ചാണ് സഭ അവസാനിപ്പിച്ചത്. ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിയ്ക്കുന്ന നിലപാടെന്ന് ലോക്ഭവൻ പ്രതികരിച്ചു.
രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക്. പുതിയതായി അവതരിപ്പിക്കുന്ന ‘ഇപിഎഫ്ഒ 3.0’ ഡിജിറ്റൽ പ്ലാറ്റ്ഫോം നിലവിൽ വരുന്നതോടെ ജീവനക്കാര്‍ക്ക് തങ്ങളുടെ പ്രൊവൈഡന്റ് ഫണ്ട് (പിഎഫ്) പണം യുപിഐ ആപ്പുകൾ വഴിയും ഇപിഎഫ് ലിങ്ക് ചെയ്ത എടിഎമ്മുകൾ വഴിയും നേരിട്ട് പിൻവലിക്കാൻ സാധിക്കും.
കർണാടക നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏഴിൽ അഞ്ച് സീറ്റുകളും നേടി തകർപ്പൻ വിജയം സ്വന്തമാക്കി. ആറ് ജെഡിഎസ് എംഎൽഎമാരും മൂന്ന് ബിജെപി എംഎൽഎമാരും കോൺഗ്രസിന് വോട്ട് ചെയ്തു. ബാക്കിയുള്ള രണ്ട് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു.
രാജ്യസഭ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റു. എൻഡിഎ പിന്തുണച്ച സ്വതന്ത്രൻ വിജയിച്ചു.ഒരു സീറ്റിൽ ജെ എംഎമ്മും വിജയിച്ചു. മല്ലികാർജ്ജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറി പ്രണവ് ഝായാണ് തോറ്റത്.
ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിന് സമീപമുള്ള റോഡിന് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകാനുള്ള തെലങ്കാന കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത രാഷ്ട്രീയ വിവാദം. സിപിഎമ്മും ബിജെപിയും ഈ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ കപ്പൽ ദിഷ ഉച്ചക്ക് ശേഷം ഗുജറാത്ത് തീരത്ത് എത്തും. 13 ഇന്ത്യൻ കപ്പലുകൾക്ക് ഉടൻ അനുമതി ലഭിക്കും. 539 ഇന്ത്യക്കാരാണ് കപ്പലിലുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കി.
മാസങ്ങൾ നീണ്ടുനിന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനായി ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണാപത്രം പുറത്ത്. 14 ഇന പട്ടിക ഇറാനാണ് പുറത്തുവിട്ടത്. അന്തിമ ധാരണ ഒപ്പിട്ട് മുപ്പത് ദിവസത്തിനുള്ളിൽ ഇറാൻ പരിസരത്ത് നിന്നും അമേരിക്കൻ സേന പിന്മാറുമെന്നും അറുപതു ദിവസത്തേക്ക് ഹോർമുസിൽ ഇറാൻ പണം ഈടാക്കില്ലെന്നും ധാരണാപത്രത്തിൽ പറയുന്നു
തെക്കന്‍ ലെബനനില്‍ തങ്ങള്‍ പിടിച്ചടക്കിയ സ്ഥലങ്ങളുടെ പുതിയ മാപ്പ് പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം. ഈ ഘട്ടത്തില്‍ ലെബനന് അതിര്‍ത്തിയില്‍ നിന്ന് പിന്മാറില്ലെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനെന്ന പേരില്‍ ചൈനയില്‍ വില്‍ക്കുന്ന നതാഷാ പാവകള്‍ വിവാദത്തില്‍. കറുത്ത വര്‍ഗ്ഗക്കാരിയായ പെണ്‍കുഞ്ഞിന്റെ രൂപത്തിലുള്ള കളിപ്പാട്ടം വംശീയ അധിക്ഷേപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്നതായാണ് വിമര്‍ശനം.
ലോകകോടീശ്വരന്‍ എലോണ്‍ മസ്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിക്കെതിരെയുള്ള പരിസ്ഥിതി മലിനീകരണക്കേസ് തള്ളിക്കളയണമെന്ന് യു.എസ് നീതിന്യായ വകുപ്പ്. മസ്കിന്റെ എ ഐ കമ്പനിയായ എക്സ് എ ഐ ക്കെതിരായ കേസ് തള്ളണമെന്നാണ് ട്രംപ് ഭരണകൂടം ഫെഡറല്‍ കോടതിയോട് ആവശ്യപ്പെട്ടത്.
ഇന്ത്യ എ – ശ്രീലങ്ക എ മത്സരത്തിനിടെ ശ്രീലങ്കന്‍ താരത്തോട് മോശമായി പെരുമാറിയതിന് യുവതാരം വൈഭവ് സൂര്യവംശിയ്ക്കെതിരെ ബിസിസിഐ കടുത്ത അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നു. മാച്ച് റഫറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താരത്തിന് വിലക്ക് ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.
മെക്സിക്കോയുമായുള്ള ഗ്രൂപ്പ് എ മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് ദക്ഷിണ കൊറിയൻ ടീമിന്റെ പരിശീലന ക്യാമ്പിന് മുകളിൽ പറന്ന ഡ്രോൺ മെക്സിക്കൻ സൈന്യം വെടിവെച്ചിട്ടു. സംഭവത്തിൽ ദക്ഷിണ കൊറിയൻ കോച്ച് ആശങ്ക പ്രകടിപ്പിച്ചു.
