Untitled design 20250112 193040 0000 3

 

 

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അതേസമയം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല.

 

 

രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില കൂടിയതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിൻ്റെ ചൂടറിയുമെന്ന് താൻ പറഞ്ഞിരുന്നുവെന്നും ഫെബ്രുവരി മുതൽ ഇതുവരെ വാണിജ്യ സിലിണ്ടറിന് 1380 രൂപയാണ് വർധിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആദ്യം ഗ്യാസ് വിലയാണ് വർധിപ്പിച്ചതെന്നും അടുത്തത് പെട്രോൾ, ഡീസൽ വിലയാകുമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

 

വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

ലോക തൊഴിലാളി ദിനത്തിൽ തന്നെ വാണിജ്യ ഗ്യാസ് വില വർധിപ്പിച്ച തീരുമാനം ജനദ്രോഹമാണെന്ന് കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് കഴിയാൻ കാത്ത് നിൽക്കുകയായിരുന്നു.കേന്ദ്ര നീക്കം പിൻവലിക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

 

സതീശൻ്റെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഒരു സർവേ മാത്രം വച്ച് അഭിപ്രായം പറയാനാവില്ലെന്ന് പിജെ കുര്യൻ. കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും അതിനെ മുഖ്യമന്ത്രി തർക്കമായി കാണരുതെന്നും പി ജെ കുര്യൻ വിശദമാക്കി.

 

 

സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അപചയം ഈ വേദി കണ്ടാൽ മനസിലാകുമെന്ന് രമേശ് ചെന്നിത്തല. വേദിയിലുള്ള ജി സുധാകരനെയും സിപി ജോണിനെയും പരാമർശിച്ചായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. ഇരുവരും സിപിഎം വിട്ടത് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.ഇ വി ശ്രീധരൻ അനുസ്മരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഡി ബി ലൈവ് എക്സിറ്റ് പോൾ കേരളത്തിൽ യുഡിഎഫിന് 78 മുതൽ 84 സീറ്റുകൾ വരെ പ്രവചിച്ച് വലിയ വിജയം ഉറപ്പിക്കുന്നു. മറ്റ് പ്രമുഖ എക്സിറ്റ് പോളുകളും യുഡിഎഫ് ഭരണത്തിനാണ് സാധ്യത കൽപ്പിക്കുന്നത്. എന്നാൽ, ടുഡെയ്‌സ് ചാണക്യ പോലുള്ള ചില സർവേകൾ ഇഞ്ചോടിഞ്ച് പോരാട്ടവും തൂക്കുസഭയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു.

 

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

 

വേനൽമഴ വന്നതോടെ സംസ്ഥാനത്ത് ഇനി പവർക്കട്ടിന് സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ലോഡ് ഷെഡിങ് പൂർണമായി കുറഞ്ഞു. ഓവർ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമാണ് ഉണ്ടായിരുന്നത്. ഇന്നലെ നിയന്ത്രണം ഉണ്ടായിരുന്നില്ല. വൈദ്യുതി പ്രതിസന്ധി ഇനി ഉണ്ടാവില്ല എന്നാണ് പ്രതീക്ഷയെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

 

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം എന്നാണ് ആവശ്യം. മുസ്ലിം ലീഗിൻ്റെ സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. വലിയ ജനസംഖ്യയുള്ള ജില്ലകളെ പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും യൂത്ത് ലീഗ് പ്രമേയത്തിൽ പറയുന്നു.

 

 

പാർട്ടി മാറിയിട്ടില്ലെന്നും കൃത്യമായ സമയത്ത് പാർട്ടി അംഗത്വം ഉപേക്ഷിച്ചുവെന്നും ജി സുധാകരൻ. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയില്ല. പാർട്ടി അംഗത്വം പുതുക്കാത്തതാണെന്നും ജി സുധാകരൻ പറഞ്ഞു.

 

ജിപിഎസ് സംവിധാനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് പുതുക്കൽ വൈകുന്നതിനെ തുടർന്ന് ജില്ലയിൽ വിവിധ ഡിപ്പോകളിലായി പതിനഞ്ചിലധികം കെഎസ്ആർടിസി ബസുകൾ ടെസ്റ്റ് പൂർത്തിയാക്കാതെ കിടക്കുന്നു. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (വിഎൽടിഡി) പുതുക്കാത്തതാണ് ബസുകൾ സർവീസിൽ ഇറക്കുന്നതിന് തടസമായിരിക്കുന്നത്.

 

പി വി അൻവറുമായുള്ള ഫോൺ വിളിയിൽ എസ് പി സുജിത് ദാസിന് ക്ലീൻ ചിറ്റ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്നതായിരുന്നു ഫോൺ സംഭാഷണം. ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ സമിതിയാണ് ക്ലീൻ ചിറ്റ് നൽകിയത്. തെളിവില്ലാത്തതിനാൽ സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയാണ് ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

ദേശീയപാതയിൽ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. അർത്തുങ്കൽ അരീപറമ്പിൽ കളത്തിൽപറമ്പിൽ ബിനുവിന്‍റെ മകൻ അഖിൽ കൃഷ്ണ (22), ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയിൽ സുനിൽ ദാസിന്‍റെ മകൾ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം.

 

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

 

ബംഗളൂരുവിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിഎസ്സി നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ കുടുംബം. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നു എന്നാണ് പരാതി. വിദ്യാർത്ഥി ജീവനൊടുക്കിയത് ഒറ്റപ്പെടൽ നേരിട്ടതുകൊണ്ടാണ് മാനേജ്മെന്റിന്റെ വിശദീകരണം

 

മലയാളി നേഴ്സിംഗ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ പ്രതിഷേധം. ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയത്. കൂടാതെ ആദിത്യത്തിന്റെ സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർത്ഥികളെ അനുവദിക്കാത്തതിലും പ്രതിഷേധമുണ്ടായി.

 

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജനങ്ങൾ സർക്കാരിനൊപ്പമാണെന്നും എൽഡിഎഫിന് അനുകൂലമായ ഫലമായിരിക്കും പുറത്തുവരികയെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശ‍ർമ്മയുടെ ഭാര്യ റിനികി ഭുയാനെതിരെ വ്യാജ രേഖ ചമച്ചു എന്ന കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീംകോടതി. പവൻ ഖേരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് വ്യക്തമാക്കി.

 

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്.

 

തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമ്പലപ്പുഴ എൽ ഡി എഫ് സ്ഥാനാർഥി എച്ച് സലാം. ബി ജെ പി സ്ഥാനാർഥിക്കും നേതാക്കൾക്കുമെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യും. പൊലീസിലും പരാതി നൽകുമെന്നും എച്ച് സലാം പറഞ്ഞു.

 

 

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു. ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു.

 

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

 

തമിഴ്നാട് തൃച്ചിയിൽ തമിഴക വെട്രി കഴക (ടിവികെ) ത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു. ശ്രീരംഗം മണ്ഡലത്തിൻ്റെ പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശിൻ്റെ ഓഫീസാണ് ആക്രമണത്തിനിരയായത്. ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ ബാനറുകളും വലിച്ചുകീറി. സംഭവത്തിൽ ടിവികെ യൂണിയൻ സെക്രട്ടറി പോലീസിൽ പരാതി നൽകി.

 

പവൻ ഖേരയ്ക്ക് മുൻകൂർജാമ്യം ലഭിച്ചതിൽ സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‍വി. നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരിന്നു. നീതിന്യായ വ്യവസ്ഥയിൽ കോൺഗ്രസ്‌ വിശ്വസിച്ചു, അത് വിജയിച്ചെന്നും മനു അഭിഷേക് സിംഗ്‍വി പറഞ്ഞു.

 

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ ഗുരുതര ആരോപണവുമായി സ്വാതി മലിവാൾ എംപി. മൻ നിയമസഭയിൽ എത്തിയത് മദ്യപിച്ചാണെന്ന് ആരോപിച്ച സ്വാതി മലിവാൾ, പരിശോധനയ്ക്ക് തയ്യാറാകണമെന്നും തെളിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. സഭയിൽ മൻ സംസാരിക്കുന്ന വീഡിയോ സഹിതം എക്സിൽ പങ്കുവെച്ചാണ് സ്വാതി മലിവാളിൻ്റെ ആരോപണം.

 

വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് നൽകുന്ന ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുമായി ബന്ധപ്പെട്ട പൗരത്വ ചട്ടങ്ങളിൽ സുപ്രധാനമായ ഭേദഗതികളുമായി കേന്ദ്ര സർക്കാർ. ഒസിഐ രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കാനും, സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാരുടെ പങ്കാളികൾക്കും ഇനി മുതൽ ഒ.സി.ഐ കാർഡിനായി അപേക്ഷിക്കാം.

 

 

പശ്ചിമ ബം​ഗാളിൽ ജനവിധി അട്ടിമറിക്കാൻ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിം​ഗ് മെഷീനിൽ തിരിമറിക്ക് ശ്രമിച്ചെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഇന്നലെ അർദ്ധരാത്രിവരെആ കൊൽക്കത്തയിലെ സ്ട്രോങ് റൂമുകൾക്ക് മുന്നിൽ മമതയുടെ നേതൃത്വത്തിൽ ടിഎംസി നേതാക്കൾ പ്രതിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.

 

പശ്ചിമ ബം​ഗാളിൽ 15 ബൂത്തുകളിൽ നാളെ റീ പോളിം​ഗ്. സൗത്ത് 24 പർ​ഗാനസിലെ 2 മണ്ഡലങ്ങളിലായാണ് റീ പോളിം​ഗ് നടക്കുക. വോട്ടിം​ഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കം പരാതി ഉയർന്ന ഇടങ്ങളിലാണ് ഇപ്പോൾ റീപോളിം​ഗ് നടത്തുന്നത്. സംസ്ഥാനത്തെ 294 സീറ്റുകളിൽ 142 ഇടത്താണ് വോട്ടെടുപ്പ് നടന്നത്.

 

പെട്രോൾ, ഡീസൽ വില വർദ്ധനവിന് സമ്മർദ്ദം ചെലുത്തി എണ്ണ കമ്പനികൾ. തെരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും എണ്ണ കമ്പനികളുടെ ആവശ്യം സ്ഥിതി നിരീക്ഷിച്ച ശേഷം പരിഗണിച്ചാൽ മതിയെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ കഴിഞ്ഞ മാസം പതിനഞ്ച് ശതമാനം കുറവ് വന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 

തമിഴ്നാട്ടിൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട കോൺഗ്രസിനെതിരെ ഡിഎംകെ രംഗത്ത്. കോൺഗ്രസ് ഇൻ-ചാർജ് ഗിരീഷ് ചോദാങ്കറിനെതിരെ ഡിഎംകെ നേതാവ് ആർ എസ് ഭാരതി രൂക്ഷവിമർശനം ഉന്നയിച്ചു.ചോദാങ്കർ ഗോവക്കാരനാണെന്നും തമിഴ്നാടിനെയോ തമിഴ് സംസ്കാരത്തെയോ അറിയില്ലെന്നുമാണ് വിമർശനം.

 

അഭിഭാഷകൻ ആയത് നേരിട്ട അനീതി കാരണമാണെന്ന് രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ. 31 വർഷത്തെ ജയിൽവാസത്തിൽ പലതും മനസിലാക്കി. നീതി ലഭിക്കാത്തവർക്കായി പൊരുതും. തടവുകാരുടെ അവകാശങ്ങൾക്കായി ശബ്ദിക്കുമെന്നും പ്രചോദനം ആയത് ജസ്റ്റിസ് കൃഷ്ണയ്യർ ആണെന്നും പേരറിവാളൻ പറഞ്ഞു.

 

ഇറാനെതിരായ വെടിനിർത്തൽ അവസാനിപ്പിച്ച് യുദ്ധം പുനരാരംഭിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6,500 ടൺ പടക്കോപ്പുകളാണ് യുഎസ് ഇസ്രയേലിലെത്തിച്ചത്. രണ്ട് ഭീമൻ ചരക്കുകപ്പലുകളിലും നിരവധി വിമാനങ്ങളിലുമായി എത്തിയ ഈ ആയുധങ്ങൾ ഇറാനെതിരായ ശക്തമായ സൈനിക നീക്കത്തിനുള്ള തയ്യാറെടുപ്പാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

 

പശ്ചിമേഷ്യയെ ആശങ്കയിലാക്കിയ ഇറാൻ-അമേരിക്ക യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ തുടരവേ സുപ്രധാന വിവരങ്ങൾ പുറത്ത്. ഇറാനുമായുള്ള യുദ്ധത്തിലൂടെ അമേരിക്കൻ സൈന്യത്തിന് വൻ സാമ്പത്തിക-ആയുധ നഷ്ടം സംഭവിച്ചതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ്.

 

നയതന്ത്ര ചർച്ചകൾ നിലച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. സമാധാന കരാറിന് വഴങ്ങാത്ത ഇറാനെതിരെ യുദ്ധം പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ യുദ്ധം 60 ദിവസങ്ങൾ പിന്നിട്ടപ്പോൾ പുതിയ സൈനിക നീക്കങ്ങൾക്കായി യുഎസ് സെൻട്രൽ കമാൻഡ് ട്രംപിന് റിപ്പോർട്ട് സമർപ്പിച്ചു.

 

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാന നൊബേൽ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്തു. അന്താരാഷ്ട്ര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ വഹിച്ച പങ്കിനാണ് നോമിനേഷൻ. വൊളോഡിമിർ സെലിൻസ്‌കി, ഗ്രേറ്റ ത്യുൻബെർഗ് എന്നിവരുൾപ്പെടെ 287 പേരാണ് ഇത്തവണത്തെ പട്ടികയിലുള്ളത്.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *