Untitled design 20250112 193040 0000 2

 

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചെന്ന് സംശയം. കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്നാണ് സംശയിക്കുന്നത്. ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു. യുവി ഇൻഡക്സ് ഉയർന്ന മൂന്നാറിൽ അതീവ ജാഗ്രത വേണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്‍റെ മുന്നറിയിപ്പ്. പുനലൂരിൽ സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കൊടും ചൂട് തുടരുന്ന സംസ്ഥാനത്ത് പൊതുജനം സ്വയം ലോക്ഡൗൺ പാലിക്കണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

 

കനത്ത ചൂടുള്ള ദിവസങ്ങളായതിനാൽ ജനങ്ങൾ സെൽഫ് ലോക്ക് ഡൗണിലേക്ക് മാറണമെന്ന് റെവന്യൂമന്ത്രി കെ രാജൻ. പകൽ സമയത്തെ യാത്ര പരമാവധി ഒഴിവാക്കണം. ചൂടിൽ പ്രാദേശികമായുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള പ്രത്യേക ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

കിളിമാനൂരിൽ ഹരിതകർമ സേനാംഗത്തിന് സൂര്യാതപമേറ്റു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ ലതികയ്ക്കാണ് പൊള്ളലേറ്റത്. ടൗണിലെ കടകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ 12 മണിക്കാണ് സംഭവം. കയ്യിലും കഴുത്തിലും കാലിലും പൊള്ളലേറ്റു.

 

ഈ മാസം 29ന് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ശക്തമായി തന്നെ വേനൽമഴ പ്രതീക്ഷിക്കാം. ഈ സീസണിലെ മെച്ചപ്പെട്ട മഴ ദിവസങ്ങൾ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

 

താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും രമേശ് ചെന്നിത്തല.കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം മുറുകുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ തുറന്നുപറച്ചിൽ. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകള്‍ക്ക് നേതാവാകാമെന്നും പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറയാണ് താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും അത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മാറി നിൽക്കണമെന്നും അല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസി കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി.

 

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്‍റെ മരണത്തിൽ രണ്ടാം പ്രതി ഡോ.കെ.ടി.സംഗീത നമ്പ്യാർക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ചും വകുപ്പ് മേധാവി ഡോ.എം.കെ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചുമുള്ള വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്.പ്രതികൾ നിതിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.

 

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ അധ്യാപിക ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിയിൽ നിതിന്റെ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒന്നാം പ്രതി ഡോ. എം.കെ. റാമിനെപ്പോലെ തന്നെ സംഗീതയും കുറ്റവാളിയാണെന്നും ഇവർക്ക് ജാമ്യം ലഭിച്ചത് അംഗീകരിക്കാനാവില്ലെന്നും നിതിന്റെ പിതാവ് പറഞ്ഞു.

 

സിപിഎമ്മിന് പരാജയഭീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി പ്രവർത്തകരെ പോലീസ് ആക്രമിച്ചാൽ നോക്കി ഇരിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശ്രീലേഖക്കും ആശനാഥിനും എതിരെ കേസെടുത്ത ഭരണത്തിന്, മെയ് നാലാം തീയതി അറുതി ഉണ്ടാകുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ ജനാധിപത്യ രാജ്യമാണെന്നും റഷ്യയോ ചൈനയോ അല്ലെന്നും കൂട്ടിച്ചേർത്തു.

 

കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം. ഇതിനായി മൂന്നംഗ അന്വേഷണ സമിതിയെ ഡയറക്ടര്‍ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം. ഡോ.അനിത കുമാരി, ഡോ. സിഎൽ സ്മിത എന്നിവർക്കെതിരായ പരാതിയിലാണ് അന്വേഷണം.

 

നീറ്റ് യു ജി പരീക്ഷയിൽ ആൾമാറാട്ടം തടയാൻ നടപടിയുമായി വിദ്യാഭ്യാസ മെഡിക്കൽ മന്ത്രാലയങ്ങൾ. പരീക്ഷ നടക്കാനിരിക്കുന്ന മെയ് 2, 3 തീയതികളിൽ മെഡിക്കൽ വിദ്യാർഥികൾക്ക് അവധി നൽകരുതെന്ന് ദേശീയ മെഡിക്കൽ കമ്മീഷന് നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്. അത്യാവശ്യഘട്ടത്തിൽ മാത്രം അവധി നൽകിയാൽ മതിയെന്നാണ് നിർദേശം. നടപടി പരീക്ഷയിലെ ആൾമാറാട്ടം ഒഴിവാക്കാനാണെന്നാണ് വിശദീകരണം.

 

ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചു. അച്ഛനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും, മൂന്ന് വയസ്സുകാരനായ മകനെ തൊട്ടരികിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ധിമാർപുര ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഈ ദാരുണ സംഭവം നടന്നത്.

 

 

പശ്ചിമബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസിന്റെ ​ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ ചൊല്ലി വിവാദം. ഷായുടെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു, കേന്ദ്ര ആഭ്യന്തര മന്ത്രിപദത്തിലിരിക്കെ അമിത് ഷായ്ക്ക് ഇത്തരം പ്രസ്താവനകൾ നടത്താനാകില്ലെന്നും മമത പറഞ്ഞു.

 

അരവിന്ദ് കെജ്രിവാളിനെതിരെ സ്വാതി മാലിവാള്‍. സത്യസന്ധരായവര്‍ കെജ്രിവാളിനൊപ്പം നില്‍ക്കില്ലെന്നാണ് സ്വാതി മലിവാളിന്റെ പരാമർശം. തനിക്കെതിരെയുണ്ടായ മര്‍ദ്ദനം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. പരാജയം സ്ത്രീകളോടുള്ള അനാദരവ് മൂലമാണെന്നും സ്വാതി മലിവാൾ അഭിപ്രായപ്പെട്ടു. അരവിന്ദ് കെജ്രിവാളിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും സ്വാതി കൂട്ടിച്ചേർത്തു.

 

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ച് ബിജെപി നേതാവ് റാം മാധവ് നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ആർഎസ്എസിനെ ‘രാഷ്ട്രീയ സറണ്ടർ സംഘം’ എന്ന് വിശേഷിപ്പിച്ച രാഹുൽ, റാം മാധവ് സംഘത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തിയെന്നും ആരോപിച്ചു. വിവാദമായതോടെ റാം മാധവ് തൻ്റെ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തി.

 

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിച്ചതോടെ പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ ഉയരുന്നു. ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ചത്. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 26.77 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 393.35 രൂപയായി.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *