കേരളം ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും ശക്തമായ വെയില്‍ ലഭിക്കുന്നുണ്ടെങ്കിലും ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവില്‍ കുറവു തന്നെ. സൂര്യപ്രകാശം കിട്ടുന്ന സമയം, ശരീരത്തില്‍ പതിക്കുന്ന അളവ്, ചര്‍മത്തിന്റെ നിറം, പ്രായം, ജീവിതശൈലി, ഭക്ഷണരീതി തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നു. ചര്‍മത്തില്‍ ആവശ്യമായ യുവിബി കിരണങ്ങള്‍ എത്തുന്നതാണ് പ്രധാനപ്പെട്ടത്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി നേരെ വാഹനത്തില്‍ കയറി ഓഫീസിലെത്തുകയും വൈകുന്നേരം തിരിച്ചെത്തുകയും ചെയ്യുന്നവരില്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സമയം കുറയും. അള്‍ട്രാവൈലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് വിറ്റാമിന്‍ ഡി നിര്‍മ്മാണത്തെയും ബാധിക്കാം. ആവശ്യമായ സൂര്യപ്രകാശവും ചര്‍മസംരക്ഷണവും തമ്മില്‍ ബാലന്‍സ് ആവശ്യമാണ്. ഇനി ഒരേ അളവിലുള്ള സൂര്യപ്രകാശം ലഭിച്ചാലും വ്യത്യസ്ത ചര്‍മനിറമുള്ളവരില്‍ വിറ്റാമിന്‍ ഡി നിര്‍മ്മാണം ഒരുപോലെയാകകില്ല. പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മത്തിന് വിറ്റാമിന്‍ ഡി നിര്‍മ്മിക്കാനുള്ള ശേഷി കുറയും. വീടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന മുതിര്‍ന്നവരില്‍ സൂര്യപ്രകാശത്തിന്റെ കുറവും ഇതോടൊപ്പം ചേരാം. അമിതവണ്ണമുള്ളവരിലും വിറ്റാമിന്‍ ഡി അളവ് കുറയും. ശരീരത്തിലെ കാല്‍സ്യം ആഗിരണം, എല്ലുകളുടെ ആരോഗ്യം, പേശികളുടെ പ്രവര്‍ത്തനം എന്നിവയില്‍ വിറ്റാമിന്‍ ഡി പ്രധാന പങ്കുവഹിക്കുന്നു. ഈ കുറവ് ഗുരുതരമായാല്‍ എല്ലുകളുടെ ദുര്‍ബലത, പേശിവേദന അല്ലെങ്കില്‍ ബലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
