Untitled design 20250112 193040 0000 1

 

 

ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു. ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണമെന്നും വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.

 

ശബരിമലയില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ഡിആര്‍എഫ്) ആദ്യസംഘം ചുമതലയേറ്റു. തൃശ്ശൂര്‍ റീജിയണല്‍ റെസ്‌പോണ്‍സ് സെന്ററില്‍ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് നവംബര്‍ 19 ന് സന്നിധാനത്ത് എത്തിയത്. സോപാനത്തിന് അരികിലായും നടപ്പന്തലിലുമാണ് ഇവരെ നിലവില്‍ വിന്യസിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും അഞ്ച് പേരാണ് ഒരേ സമയം ഡ്യൂട്ടി ചെയ്യുന്നത്.

 

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ റിമാൻഡിലുള്ള മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ വിശദമായ വാദം കേൾക്കാൻ നാളത്തേക്ക് മാറ്റി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ മുരാരി ബാബുവിന് കേസിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന രീതിയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും മുരാരി ബാബു വാദിക്കുന്നത്.

 

വിര്‍ച്വൽ ക്യൂ പാസുണ്ടായിട്ടും ഭക്തരുടെ തിരക്ക് മൂലം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയില്ലെന്ന് കരുതി മടങ്ങിയ മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘത്തിന് ദര്‍ശനം ഒരുക്കി കേരള പൊലീസ്. കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളിയും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തിനാണ് എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ദര്‍ശന സൗകര്യമൊരുക്കിയത്. ഇവര്‍ ഉള്‍പ്പെടെയുള്ള 17 പേരാണ് കൊല്ലത്ത് നിന്ന് ഇന്നലെ (നവം 18 ന്) പമ്പയില്‍ എത്തിയത്.

 

തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ‍ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാ‍ർത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും മത്സരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് നീക്കിയ നടപടി റദ്ദാക്കി.

 

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുനസ്ഥാപിച്ചത് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇത് നിയമവാഴ്ചയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

 

 

സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും കോടതിക്ക് നന്ദിയുണ്ടെന്നും തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ‍ഡിവിഷനിലെ യുഡിഎഫ് സ്ഥാനാ‍ർത്ഥിയായ വൈഷ്ണ സുരേഷ്. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാമെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് പിന്നാലെയാണ് വൈഷ്ണയുടെ പ്രതികരണം.

 

കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പില്‍ ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സംവിധായകനുമായ വി എം വിനുവിന്റെ വാർഡിലെ കൗൺസിലർ കെ പി രാജേഷ് കുമാർ രാജിവെച്ചു. വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഉണ്ടെന്ന് രാജേഷ് ഡിസിസിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജേഷിന്റെ രാജി. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും രാജേഷിന്റെ രാജിക്കത്തിൽ പറയുന്നു.

 

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും ഭാര്യയും സിപിഎമ്മിൽ ചേർന്നു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായിരുന്ന തോബി തോട്ടിയാനും ഭാര്യ ടീനയുമാണ് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. പുതുക്കാട് ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗമാണ് ടീന. പഞ്ചായത്തിലെ മുൻ അംഗമാണ് തോബി തോട്ടിയാൻ.

 

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ടയിൽ കോൺ​ഗ്രസിന് തിരിച്ചടി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്നു. അഖിൽ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാർട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോൺ​ഗ്രസ് ജില്ലാ സെക്രട്ടറി മുതൽ നിരവധി പദവികൾ വഹിച്ചയാളാണ് അഖിൽ ഓമനക്കുട്ടൻ.

 

തിരുവനന്തപുരം നഗരസഭയിൽ സിപിഎമ്മിന്‍റെ വിമത സ്ഥാനാർത്ഥിയായ കെ ശ്രീകണ്ഠനെതിരെ പാര്‍ട്ടി നടപടി. ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗം കെ ശ്രീകണ്ഠനെയാണ് സിപിഎം പുറത്താക്കിയത്. ഉള്ളൂരില്‍ കെ ശ്രീകണ്ഠൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ശ്രീകണ്ഠൻ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനം ഉയർത്തിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

 

വയനാട്ടില്‍ സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയല്‍. ജില്ലാ പഞ്ചായത്ത് സീറ്റ് നിഷേധിച്ചതില്‍ ആണ് പ്രതിഷേധം. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുത്. പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്ന് ജഷീർ പള്ളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

തദ്ദേ​ശ തെരഞ്ഞെടുപ്പിൽ‌ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിജെപിയിൽ ചേർന്നു. കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലാണ് ബിജെപിയിൽ ചേർന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയിൽ ചേർന്നു.

 

കണ്ണൂരിൽ ലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു. മുസ്ലിം ലീഗീൻ്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അം​ഗമായ ഉമർ ഫാറൂഖ് ആണ് ബിജെപിയിൽ ചേർന്നത്. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ഉമർ ഫാറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേർന്നതെന്ന് ഉമർ മാധ്യമങ്ങളോട് പറഞ്ഞു.

 

വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി. വാർഡ് 2 ലാണ് ലീഗ് വിമതൻ ജനവിധി തേടുന്നത്. വി സി നാസർ മാസ്റ്ററാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയത്. മുസ്ലീം ലീഗ് വീരഞ്ചേരി ശാഖ പ്രസിഡൻ്റാണ് വി സി നാസർ. പുറത്തുള്ള ആളെ ഇറക്കി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് നാസർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

 

കോതമംഗലത്ത് സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി സിജോയെയാണ് സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മദ്യ ലഹരിയിൽ സിജോയെ ഫ്രാൻസി കോടാലികൊണ്ട് തലക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

 

സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു. വ്യാജ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്.

 

യുഡിഎഫിനെ പ്രകോപിപ്പിക്കാതെ പി വി അൻവറിൻ്റെ കരുതൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്യവസ്ഥകള്‍ വെച്ച് തൃണമൂൽ കോൺഗ്രസ് സര്‍ക്കുലര്‍ പുറത്തിറക്കി. യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുതെന്ന് നിര്‍ദേശിച്ച് കൊണ്ടാണ് തൃണമൂൽ കോൺഗ്രസ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കീഴ്ഘടകങ്ങൾക്ക് പാര്‍ട്ടി കൺവീനറാണ് സര്‍ക്കുലര്‍ അയച്ചത്.

 

പതിനാറുകാരനെ ഭീകരവാദ സംഘടനയില്‍ ചേരാൻ അമ്മയും സുഹൃത്തും ചേർന്ന് നിർബന്ധിച്ചുവെന്ന കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറും. വെഞ്ഞാറമൂട് പൊലീസ് കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനുമെതിരെ എടുത്ത യുഎപിഎ കേസ് ദേശീയ ഏജൻസിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകും. കണ്ണൂർ കനകമല തീവ്രവാദ ഗൂഡാലോചന കേസിലെ പ്രതിയുമായുള്ള കുട്ടിയുടെ അമ്മയുടെ ബന്ധം ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

 

ഇറാന്‍ അവയക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ കൊച്ചിയിലെ എന്‍ഐഎ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അവയവക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും ഇന്ത്യയില്‍ നിന്ന് അവയക്കടത്ത് ലക്ഷ്യമിട്ട് പതിനാല് പേരെ ഇറാനിലേക്ക് കൊണ്ടു പോയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി.

 

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നിലവിലെ പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തി. നേരത്തെ സംസ്ഥാനത്ത് പരക്കെ മഴ സാധ്യത പ്രവചിച്ചിരുന്നെങ്കിലും. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പുണ്ടായിരുന്നില്ല.

 

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നതിനിടെ പശ്ചിമ ബംഗാളിൽ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് സിപിഎം ആയിരം കിലോമീറ്റർ നീളുന്ന ബംഗ്ലാ ബചാവോ യാത്ര സംഘടിപ്പിക്കും. ഈ മാസം 29 ന് ആരംഭിക്കുന്ന യാത്ര 19 ദിവസം നീണ്ടുനിൽക്കും. മുഹമ്മദ് സലിം, സുജൻ ചക്രവർത്തി അടക്കം മുൻനിര നേതാക്കളെ അണിനിരത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്.

 

മാസത്തിലൊരിക്കൽ വീതം മൂന്നുമാസം ത്വലാക്ക് ചൊല്ലി ബന്ധം വേർപ്പെടുത്തുന്ന ആചാരത്തിനെതിരെ (തലാഖ്-ഇ-ഹസൻ) വിമർശനവുമായി സുപ്രീംകോടതി. പരിഷ്കൃതസമൂഹത്തിന് തുടരാൻ കഴിയുന്നതാണോ ഇതെന്നും കടുത്ത വിവേചന രീതികൾ ഉണ്ടെങ്കിൽ ഇടപെടുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 2025 ലും ഇക്കാര്യങ്ങൾ അനുവദിക്കണോ എന്ന് ചോദിച്ച കോടതി വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിടുമെന്ന സൂചനയും നൽകി.

 

ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള. എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി രൂപ കൊള്ളയടിച്ചു. സ്വകാര്യ കമ്പനിയുടെ വാനിൽ വന്ന് ഇറങ്ങിയവരാണ് പണം കവർന്നത്. ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് നികുതി വകുപ്പ് കവർച്ചക്കാർ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

 

ചെങ്കോട്ട സ്ഫോടനത്തിൻ്റെ മുഖ്യ ആസൂത്രണം നടന്ന കേന്ദ്രമായി അന്വേഷണ സംഘം കരുതുന്ന ഹൈദരാബാദിലെ അൽ ഫലാ സർവകലാശാലയിൽ നിന്ന് പത്ത് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഇവരിൽ മൂന്ന് പേർ കശ്മീരികളെന്നാണ് വിവരം. എല്ലാവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ജമ്മു കശ്മീർ-ഹരിയാന പൊലീസ് സേനകൾ അൽ ഫലാ സർവകലാശാല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

 

ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ പ്രതിസ്ഥാനത്ത് നിർത്തുന്നത്. കർണാടക ക്രിക്കറ്റ് അസോസിയേഷനും ഈവന്റ് മേനാജ്മെന്റ് കമ്പനിയായ ഡിഎൻഎക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

 

ദില്ലിയെ ശ്വാസം മുട്ടിച്ച് അതിരൂക്ഷ വായുമലിനീകരണം. വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന് ഗുരുതര വിഭാഗത്തിന് അടുത്തെത്തി. 392 ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. 15ലധികം സ്ഥലത്ത് ഇത് 400 മുകളിൽ തുടരുകയാണ്. വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ​ഗ്രാപ് മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ദില്ലിയിൽ തുടരാൻ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിർദേശം നൽകി.

 

യക്ഷഗാന കലാകാരന്മാരിൽ പലരും സ്വവർഗാനുരാഗികളാണെന്ന വിവാദ പരാമർശത്തിൽ പുക‌ഞ്ഞ് കർണാടക. പരാമർശം നടത്തിയ കന്നഡ ഭാഷാ ഡെവലപ്പ്മെന്റ് അതോറിറ്റി ചെയർമാൻ പുരുഷോത്തമ ബിലിമാലെയെ സർക്കാർ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദൈവികമായ കലാരൂപത്തെ ആകെ അധിക്ഷേപിക്കുന്ന പരാർമർശമാണ് ഇതെന്ന് കലാകാരന്മാരുടെ സംഘടനയും കുറ്റപ്പെടുത്തി. പ്രസ്താവന വിദാമായതോടെ മാപ്പുചോദിച്ച് പുരുഷോത്തമ ബിലിമാലെ രംഗത്തെത്തി.

 

മദീനക്ക് സമീപം ഞായാഴ്ച രാത്രിയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച 45 ഇന്ത്യൻ ഉംറ തീർഥാടകരുടെ തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി തെലങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീനും സംഘവും ചൊവ്വാഴ്ച മദീനയിലെത്തി. മാജിദ് ഹുസൈന്‍ എം.എൽ.എ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി ബി. ഷഫിഉള്ള എന്നിവരാണ് സംഘത്തിലുള്ളത്. സ്ഥിതിഗതികളെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുമായി സംഘം ചർച്ച നടത്തി.

 

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാക് പൗരനായ യുവാവിനെ വിവാഹം കഴിച്ച യുവതിയെ ഉപദ്രവരിക്കരുതെന്ന് പാക്കിസ്താൻ കോടതി. മുസ്ലിമായ യുവാവിനെ വിവാഹം ചെയ്യാൻ ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യൻ സിഖ് യുവതിയെ ഉപദ്രവിക്കുന്നത് നിർത്തണമെന്നാണ് ലാഹോര്‍ ഹൈക്കോടതി പോലീസിനോട് ഉത്തരവിൽ നിര്‍ദേശിച്ചു. ലാഹോർ ഹൈക്കോടതി ജസ്റ്റിസ് ഫാറൂഖ് ഹൈദർ ആണ് ഈ സുപ്രധാന ഉത്തരവിട്ടത്.

 

ഓപ്പറേഷന്‍ സിന്ദൂറിനിടെ സംഘര്‍ഷം വര്‍ധിച്ചതിനാല്‍ ഇന്ത്യയുമായി സമ്പൂര്‍ണ്ണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. രാജ്യത്തിന് നേരെയുള്ള അഫ്ഗാന്‍ ആക്രമണങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

 

ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്ന 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. മൂന്ന് കശ്മീരികള്‍ഉള്‍പ്പെടെ 10 പേരെ കാണാനില്ലെന്ന വിവരം ബുധനാഴ്ച ഉച്ചയോടെയാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പുറത്തുവിട്ടത്.

 

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി അഫ്ഗാൻ വാണിജ്യ-വ്യവസായ മന്ത്രി നൂറുദ്ദീൻ അസീസി. ഇന്ത്യൻ വാണിജ്യ മന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

 

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തെത്തുടര്‍ന്ന്, ജനതാദള്‍ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാര്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി പത്താം തവണ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ. ബിഹാറിലെ കാറ്റ് താൻ വരുന്നതിനു മുൻപേ തമിഴ്‌നാട്ടിൽ എത്തിയെന്നും ഗംചകൾ(കർഷകർ കഴുത്തിലൂടെ ഇടുന്ന തുണി) വീശി കർഷകർ തന്നെ സ്വാഗതം ചെയ്തപ്പോൾ ബിഹാറിലെ ആഘോഷങ്ങൾ ഓർമ്മ വന്നുവെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെയും തുണിത്തൊഴിലാളികളുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *