എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനവും യുഡിഎഫ് കാലത്ത് അധോഗതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021ൽ തുടർഭരണം ഉണ്ടായതോടെ പുറകോട്ട് പോക്കുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് ഒരു ദിവസത്തെ റിയൽ ടൈം ബുക്കിംഗ് (സ്പോട് ബുക്കിംഗ്) 20000 പേർക്ക് മാത്രമായി നിജപ്പെടുത്തും. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണ ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.
ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. നവംബർ 17 ന് ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ വന്നുവെന്നും ഡിജിപി വ്യക്തമാക്കി. വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ വരണമെന്നും ഡിജിപി നിർദേശിച്ചു. സ്പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. ശബരിമലയിൽ ആവശ്യത്തിന് പൊലീസ് ഉണ്ട്. പെട്ടെന്ന് ജനമൊഴുക്ക് വന്നതാണ് പ്രശ്‌നമായത്. 5000 ബസ് വന്നതായും വന്നവർക്ക് ദർശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു.
ശബരിമല മണ്ഡലകാലം തുടങ്ങി 24 മണിക്കൂർ തികയുന്നതിനു മുൻപു തന്നെ സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പതിനഞ്ചും ഇരുപതും മണിക്കൂറുകൾ കാത്തു നിന്ന ശേഷവും ദർശനം കിട്ടാതെ നൂറുകണക്കിനു തീർഥാടകരാണ് മടങ്ങിപ്പോകുന്നത്. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നു പുതുതായി ചുമതലയേറ്റ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പോലും തുറന്നു സമ്മതിച്ചത് സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണെന്ന് ചെന്നിത്തല പറഞ്ഞു.
പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്‍ശനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലില്‍ നിയന്ത്രിക്കും. വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും കുടിവെള്ളവും ബിസ്‌കറ്റും ഉറപ്പാക്കും. ശുചിമുറികള്‍ കൃത്യമായി വൃത്തിയാക്കുന്നതിന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.
ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്. ശബരിമലയിലെ ‘ഭയാനക’ സാഹചര്യത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് എന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ കുഴഞ്ഞുവീണു മരിച്ച തീര്‍ത്ഥാടകയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും സഹായം ലഭിച്ചില്ല. മല കയറ്റത്തിനിടെ മരിക്കുന്ന തീർത്ഥാടകരുടെ മൃതദേഹം ദേവസ്വം ബോർഡിന്‍റെ ചിലവിലാണ് നാട്ടിൽ എത്തിച്ചു നൽകുന്നത്. സംസ്ഥാനത്തു അകത്തേക്ക് ആണെങ്കിൽ 30,000 രൂപയും മറ്റു സംസ്ഥാനങ്ങളിലേക്കാണെങ്കിൽ ഒരു ലക്ഷം വരെ ആംബുലൻസിനുള്ള തുകയായി അനുവദിക്കാറുണ്ട്. എന്നാൽ, ഈ സഹായം ലഭിച്ചില്ലെന്നാണ് പരാതി.
ദില്ലിയിൽ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധി കെവി തോമസിന്‍റെ വിമാനയാത്രക്ക് അധിക തുക ധന വകുപ്പ് അനുവദിച്ചു. വിമാനയാത്ര വകയിൽ അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്. വിമാന ടിക്കറ്റെടുത്ത ഒഡെപെകിന് തുക കൈമാറും. റഡിഡന്‍റ് കമ്മീഷണറുടെ യാത്രാ ചെലവും ഇതേ ശീര്‍ഷകത്തിലാണ് അനുവദിക്കുന്നത്. തുകയുടെ 90 ശതമാനവും പക്ഷെ കെവി തോമസിന്‍റെ യാത്രക്കാണ് വിനിയോഗിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകൾ പുനരാരംഭിക്കും.
തൃശ്ശൂർ അടാട്ട് പഞ്ചായത്തിലെ കോൺഗ്രസ് നേതാവ് ഹരീഷ് ബിജെപിയിൽ ചേർന്നു. അടാട്ട് പഞ്ചായത്തിൽ അനിൽ അക്കര പണം വാങ്ങി സ്ഥാനാർത്ഥിയെ നിർത്തുകയാണെന്ന് ഹരീഷ് ആരോപിച്ചു. സിപിഎം- കോൺഗ്രസ് അന്തർധാര സജീവമാണ്. പതിനാലാം വാർഡിൽ ഡിസിസി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി. 13ന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകും. അനിൽ അക്കര ഇടപെടുന്ന എല്ലാ വിഷയവും സെറ്റിൽമെന്റിന്റേതാണെന്നും ഹരീഷ് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണവുമായി മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷ്. സീറ്റ് നൽകാൻ തയാറാകാതെ തന്നെ ചതിച്ചുവെന്നാണ് പ്രീജ സുരേഷിന്റെ ആരോപണം. തെരഞ്ഞെടുപ്പിൽ രാഹുലിന് വേണ്ടി പണിയെടുത്തെന്നും വ്യാജനെന്ന് പലരും പറഞ്ഞപ്പോഴും ചേർത്തുപിടിച്ചെന്നും പ്രീജ ചൂണ്ടിക്കാട്ടി. എന്നാൽ വ്യാജനെന്ന കാര്യം ഇപ്പോൾ അനുഭവത്തിലൂടെ തെളിയുകയാണ് എന്നും അവർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് സിപിഐ സ്ഥാനാർത്ഥി പിന്മാറി. വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറിപ്പിട്ടാണ് സ്ഥാനാർത്ഥിയുടെ പിന്മാറ്റം. ഊരുട്ടമ്പലം വാർഡിലെ സ്ഥാനാർത്ഥിയായി തീരുമാനിച്ച ജോസാണ് അവിചാരിതമായി പിന്മാറിയത്. സ്ഥാനാർത്ഥി ഒളിവിലെന്നും സൂചന.തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അടക്കം സഹകരണം ലഭിക്കില്ലെന്ന ആശങ്കയാണ് പിന്മാറ്റ കാരണം എന്നാണ് പുറത്ത് വരുന്ന വിവരം.
മലപ്പുറം ജില്ലയിലെ ബൂത്ത് ലെവൽ ഓഫീസർമാരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ല കളക്ടർ വി ആർ വിനോദ്. ജില്ലയിൽ 2898 ബിഎൽഓമാരാണ് ഉള്ളത്. ഇവർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടാകില്ല. ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടൻ ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.
സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് 3 ജില്ലകളിൽ കവചം സൈറൺ മുഴങ്ങും. ആറര മണിക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കവചം സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നത്. ഈ ജില്ലകളിൽ നിലവിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് കവചം മുന്നറിയിപ്പിന്‍റെ ഭാഗമായുള്ള അറിയിപ്പ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കാരാട്ട് ഫൈസൽ ഇടത് സ്ഥാനാർത്ഥിയാകും. കൊടുവള്ളി നഗരസഭയിലെ 24-ാം വാർഡിലാണ് കാരാട്ട് ഫൈസൽ മത്സരിക്കുക. ഇടത് സ്വാതന്ത്രനായാണ് ഇക്കുറി മത്സരിക്കുന്നത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്.
കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സംവിധായകൻ വിഎം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയിലും പേരില്ലെന്ന് സ്ഥിരീകരണം. വിഎം വിനുവിന് 2020ലും വോട്ട് ഉണ്ടായിരുന്നില്ലെന്നും പട്ടികയിൽ പേര് ചേര്‍ക്കാനുള്ള അവസരം വിനു വിനിയോഗിച്ചില്ലെന്നും അസി. റിട്ടേണിങ് ഓഫീസര്‍ വ്യക്തമാക്കി. അതിനാൽ തന്നെ കോണ്‍ഗ്രസ് പരാതിയിൽ തുടര്‍ നടപടിക്ക് സാധ്യതയില്ലെന്നും അസി. റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.
വോട്ടർ പട്ടികയിൽ പേര് ഒഴിവാക്കപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിഎം വിനു ഹൈക്കോടതിയിൽ ഹർജി നൽകിയത്.
വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. വടകര എംഎസിടി കോടതിയാണ് കേസ് തീർപ്പാക്കിയത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസിൽ നിർണ്ണായകമായത്.
പാലത്തായി പീഡനക്കേസിൽ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മന്ത്രിയായിരുന്ന ഇടപെട്ടില്ലെന്ന വിമർശനത്തില്‍ പ്രതികരിച്ച് കെ കെ ശൈലജ. കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും നിക്ഷിപ്ത താല്പര്യക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും കെ കെ ശൈലജ പ്രതികരിച്ചു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും അതിജീവിതയുടെ കുടുംബവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നുവെന്നും ശൈലജ കണ്ണൂരിൽ പറഞ്ഞു.
തൃശ്ശൂർ വരന്തരപ്പിള്ളിയിൽ അന്തർജില്ലാ വേട്ട സംഘം പിടിയിലായി. പാലക്കാട് തിരുവേഗപ്പുറം സ്വദേശി ഫിറോസ്, വരന്തരപ്പിള്ളി നാടാംപാടം സ്വദേശി റോയ്, അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഓട്ടോറിക്ഷയും ബൈക്കും പിടിച്ചെടുത്തു. വരന്തരപ്പിള്ളി പുലിക്കണ്ണി സെൻ്ററിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കന്യാകുമാരി കടലിന് മുകളിലായ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലെ മഴ ശക്തമാകുന്നു. ഉച്ച മുതൽ തുടങ്ങിയ ശക്തമായ മഴ തലസ്ഥാന ജില്ലയിലടക്കം തുടരുകയാണ്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച് അടുത്ത് മൂന്ന് മണിക്കൂർ നേരത്തേക്ക് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദില്ലിയിൽ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധി കെവി തോമസിന്‍റെ വിമാനയാത്രക്ക് അധിക തുക ധന വകുപ്പ് അനുവദിച്ചു. വിമാനയാത്ര വകയിൽ അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്. വിമാന ടിക്കറ്റെടുത്ത ഒഡെപെകിന് തുക കൈമാറും. റഡിഡന്‍റ് കമ്മീഷണറുടെ യാത്രാ ചെലവും ഇതേ ശീര്‍ഷകത്തിലാണ് അനുവദിക്കുന്നത്. തുകയുടെ 90 ശതമാനവും പക്ഷെ കെവി തോമസിന്‍റെ യാത്രക്കാണ് വിനിയോഗിക്കുന്നത്.
കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്. തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ ഇവർ മരക്കരി കത്തിച്ചിരുന്നു. ഇതിൽ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്.
മുനമ്പം ഭൂമി തർക്കം വിഷയം സുപ്രീം കോടതിയിൽ. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ചു. കേരള വഖഫ് സംരക്ഷണ വേദി, ടി എം അബ്ദുൾ സലാം എന്നിവരാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. ട്രൈബ്യൂണലിൽ കേസ് നിലനിൽക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് സുപ്രീം കോടതിയെ സമീപിച്ച ഹർജിക്കാരുടെ വാദം.
ബീഹാർ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തേജസ്വി യാദവ്. നിയമസഭയിൽ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ആദ്യം പറഞ്ഞ തേജസ്വി, പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ നിർബന്ധത്തെത്തുടർന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ പിന്നീട് സമ്മതിച്ചു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ എംഎൽഎ ആയി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചുവെന്നും പറഞ്ഞതായി റിപ്പോർട്ടുകൾ.
ബിഹാറില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച സഖ്യകക്ഷികള്‍ക്കിടയിലെ ചര്‍ച്ചകള്‍ അവസാന നിമിഷം പ്രതിസന്ധിയിലായി. സുപ്രധാനമായ ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാന്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു വിമുഖത കാണിക്കുന്നതാണ് ഇതിന് കാരണമെന്നാണ് വിവരം. നവംബര്‍ 20-നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
മുൻകൂറായി പരിസ്ഥിതി അനുമതി ഇല്ലാത്ത പദ്ധതികൾ നിയമവിധേയമാക്കുന്നത് തടഞ്ഞ മുൻ വിധി സുപ്രീംകോടതി തിരിച്ചെടുത്തു. നിർമാണത്തിനു ശേഷം പദ്ധതികൾക്കോ കെട്ടിടങ്ങൾക്കോ പരിസ്ഥിതി അനുമതി നൽകാൻ സർക്കാരിന് അധികാരമില്ലെന്ന വനശക്തി വിധിയാണ് ചീഫ് ജസ്റ്റിസ് നേതൃത്വം നൽകിയ ബെഞ്ച് പിൻവലിച്ചത്.
കടുവ സഫാരികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി സുപ്രീം കോടതി. കടുവകളുടെ ആവാസ സ്ഥലങ്ങളിൽ കടുവ സഫാരികൾ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കടുവ സങ്കേത കേന്ദ്രങ്ങളിലെ കോർ മേഖലകളിൽ സഫാരികൾ അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. വനേതര ഭാഗങ്ങളിലോ വനങ്ങൾ നശിച്ച ഭാഗത്തോ മാത്രമേ സഫാരികൾ അനുവദിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു.
ട്രെയിനിൽ യാത്ര ചെയ്യുന്ന ഏതൊരു യാത്രക്കാരനും തുല്യമായ സുരക്ഷ, സംരക്ഷണം, ജാഗ്രത എന്നിവയ്ക്ക് അർഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. യാത്ര ചെയ്യുന്ന ക്ലാസ് അനുസരിച്ച് ഇതിന് മാറ്റം വരുത്തരുതെന്നും കോടതി വ്യക്തമാക്കി. തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് ഇരു കാലുകളും നഷ്ടപ്പെട്ട യാത്രക്കാരന് സുരക്ഷിതമായ യാത്രാ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് റെയിൽവേ ഉത്തരവാദിയാണെന്ന് ജസ്റ്റിസ് ഹിമാൻഷു ജോഷിയുടെ ബെഞ്ച് വിധിച്ചു.
ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ദില്ലി പൊലീസ്. ദില്ലി കലാപം സമൂഹത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമമായിരുന്നുവെന്നും സിഎഎയ്‌ക്കെതിരായ പ്രക്ഷോഭം മാത്രമായിരുന്നില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ദില്ലിയിലേത് സ്വയമേവയുണ്ടായ കലാപമായിരുന്നില്ല. നന്നായി രൂപകൽപ്പന ചെയ്തതും മുൻകൂട്ടി ആസൂത്രണം ചെയ്തതുമായിരുന്നുവെന്നും തുഷാർ മേത്ത പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂർ എംപി. രാംനാഥ് ഗോയങ്ക പ്രസംഗ പരമ്പരയിലെ പ്രഭാഷണം പങ്കുവെച്ചാണ് പുകഴ്ത്തൽ. മോദിയുടെ പ്രസംഗം സാംസ്കാരിക ആഹ്വാനമായും സാമ്പത്തിക വീക്ഷണകോണിൽ മികച്ചതായും തോന്നിയെന്നാണ് ശശി തരൂരിന്റെ കുറിപ്പ്. രാംനാഥ് ഗോയങ്കെ പ്രസംഗ പരമ്പരയിലെ പ്രഭാഷണത്തെയാണ് തരൂർ വാനോളം പുകഴ്ത്തിയിരിക്കുന്നത്. ദേശീയതക്കായുള്ള ആഹ്വാനവും അഭിനന്ദനാർഹമെന്ന് തരൂർ കുറിപ്പിൽ പറയുന്നു.
വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് നിലവിലെ നിരക്കിനേക്കാൾ 10 ഇരട്ടി വരെ വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച്, ഉയർന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ബാധകമാക്കുന്നതിനുള്ള പ്രായപരിധി 15 വർഷത്തിൽ നിന്ന് 10 വർഷമായി മാറ്റി നിശ്ചയിച്ചിട്ടുമുണ്ട്. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് സർക്കാർ മൂന്ന് വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഫീസ് വർധിപ്പിച്ചിട്ടുള്ളത്.
നിർമ്മിത ബുദ്ധി ( എ ഐ ) കമ്പനികളുടെ ഓഹരിമൂല്യത്തിന് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണ കുതിപ്പ് അവസാനിക്കുകയും, മൂല്യമിടിയുകയും ചെയ്താൽ അത് എല്ലാ കമ്പനികളെയും ബാധിക്കുമെന്ന് ഗൂഗിൾ മാതൃ കമ്പനി ആൽഫബെറ്റിന്‍റെ സി ഇ ഒ സുന്ദർ പിച്ചൈയുടെ മുന്നറിയിപ്പ്. എ ഐ ബബിൾ ഉടൻ പൊട്ടുമെന്ന ആശങ്ക പരക്കുന്നതിനിടെയാണ് പിച്ചൈയുടെ പ്രതിരണമെന്നത് ശ്രദ്ധേയമാണ്.
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അംഗീകാരം നൽകി. ബ്രിട്ടൻ, ഫ്രാൻസ്, സൊമാലിയ ഉൾപ്പെടെ 13 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആരും എതിർത്ത് വോട്ട് ചെയ്തില്ല.
