തമിഴ്‌നാട്ടിലെ ഈറോഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ പാല്‍ ഉത്പന്ന നിര്‍മ്മാതാക്കളായ മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ് ലിമിറ്റഡ് ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് മാസമാദ്യമോ പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വിപണിയില്‍ നിന്നും 2,035 കോടി രൂപ സമാഹരിക്കാനാണ് ഈ ഐ.പി.ഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തെ ഡയറി സെക്ടറില്‍ നിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ ആകും മില്‍ക്കി മിസ്റ്റിന്റേത്. ഈ ഐ.പി.ഒയില്‍ 1,785 കോടി രൂപയുടെ പുതിയ ഓഹരികള്‍ പുറത്തിറക്കുന്നതും 250 കോടിക്ക് പ്രൊമോട്ടര്‍മാരുടെ ഓഹരി കൈമാറ്റവും ഉള്‍പ്പെടുന്നു. ഐ.പി.ഒ വഴി ലഭിക്കുന്ന തുക കമ്പനിയുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും നിലവിലുള്ള കടങ്ങള്‍ വീട്ടുന്നതിനുമായാണ് വിനിയോഗിക്കുക. അതേസമയം ഐ.പി.ഒയ്ക്ക് മുന്നോടിയായി പ്രീ-ഐപിഒ പ്ലേസ്മെന്റിലൂടെ 357 കോടി വരെ സമാഹരിക്കാനും മില്‍ക്കി മിസ്റ്റിന് പദ്ധതിയുണ്ട്.
