ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ‌കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഉന്നതരുണ്ടെങ്കിൽ അന്വേഷണത്തിൽ കണ്ടെത്തുമെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

 

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍. സ്വര്‍ണ വ്യാപാരി ഗോവർദ്ധന് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണം കണ്ടെടുത്ത് എസ്ഐടി. ബല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം സ്വർണം വീണ്ടടുത്തത്. 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണ്ണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.

 

ശബരിമല സ്വർണ കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്‍റെ പങ്ക് എസ്ഐടി കണ്ടെത്തിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയോട് സർക്കാർ ചെയ്തത് ദ്രോഹമെന്നും മറ്റേതെങ്കിലും മതത്തിന്‍റെ പള്ളിയായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെ രാപ്പകൽ ഉപരോധ സമരത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

 

ശബരിമല സ്വർണകവർച്ച കേസുമായി ബന്ധമില്ലെന്ന് സ്വര്‍ണവ്യാപാരി ഗോവര്‍ധൻ. വാതിൽ പാളിയിൽ സ്വർണം പൂശി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പോറ്റി സമീപിച്ചതെന്നും ​ഗോവർധൻ പറഞ്ഞു. അയ്യപ്പ ഭക്തനായതിനാൽ സമ്മതിച്ചു. വിഷയത്തിൽ എസ്ഐടി കേരളത്തിലേക്ക് വിളിപ്പിച്ചിരുന്നെന്നും അറിയാവുന്ന കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തിയെന്നും ബെല്ലാരിയിലെ സ്വർണവ്യാപാരി ​ഗോവർധൻ പറഞ്ഞു. എസ്ഐടി ബെല്ലാരിയിൽ എത്തിയ കാര്യവും ഗോവര്‍ധൻ സ്ഥിരീകരിച്ചു.

 

മൂന്നാം പിണറായി സര്‍ക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ പിഎം ശ്രീ വിവാദത്തിൽ ഉലഞ്ഞ് എൽഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്. ഘടകക്ഷികളെ ഇരുട്ടിൽ നിര്‍ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. എന്നാൽ, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം.

 

പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ സംഘടനകൾ. സിപിഎം-ബിജെപി ഡീൽ ഉയർത്തിക്കാട്ടി കെ.എസ്.യു പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച്ച പൊതു വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ വസതിയിലേക്ക് കെ.എസ്.യു നൈറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

 

ആത്മാഭിമാനമുണ്ടെങ്കിൽ ഇനിയെങ്കിലും സിപി.ഐ രാഷ്ട്രീയ അടിമത്തം അവസാനിപ്പിക്കണം. ജന്മി-കുടിയാൻ ബന്ധത്തിൽ നിന്നും അവർ മോചിതരാകണമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിസഭയിൽ സി.പി.ഐ തുടർന്നാൽ അണികൾ ഒന്നൊന്നായി മുടിനാരുകൾ പോലെ കൊഴിഞ്ഞു പോകും എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

 

പിഎംശ്രീ പദ്ധതിക്കുള്ള ധാരണാപത്രത്തില്‍നിന്ന് കേരളത്തിലെ ഇടതുസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിക്ക് സിപിഐ കത്തയച്ചു. നയപരമായവിഷയത്തില്‍ ഒരു ചര്‍ച്ചയുമില്ലാതെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് മുന്നണിമര്യാദയുടെ ലംഘനമാണെന്നും കൂട്ടുത്തരവാദിത്വത്തിന് നിരക്കാത്തതാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ കത്തില്‍ ചൂണ്ടിക്കാട്ടി.

 

പി എം ശ്രീ പദ്ധതി വിവാദത്തില്‍ ഇടതു ബുദ്ധിജീവികളുടെ മൗനത്തെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ പ്രിയനന്ദൻ. ഭരണകൂടം വഴിതെറ്റുമ്പോൾ അതിനെ തിരുത്താൻ ധൈര്യം കാണിക്കാതെ രാഷ്ട്രീയ സൗകര്യങ്ങൾക്കായി മൗനം പാലിക്കുന്ന ബുദ്ധിജീവികൾ സ്വന്തം വാല് മറച്ചുവെക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ തന്നെയാണ് എണ്ണപ്പെടുന്നത്.ബുദ്ധിജീവികൾ ഉത്തരം പറയാൻ ബാധ്യസ്ഥരെന്നും പ്രിയനന്ദനൻ സമൂഹമാധ്യമത്തില്‍ കുറിച്ചു.

 

പിഎം ശ്രീ പദ്ധതിയിൽ അനുനയ നീക്കം സജീവമാക്കി സിപിഎം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരിട്ടെത്തിയാണ് സിപിഐ നേതൃത്വവുമായി ചർച്ച നടത്തുന്നത്. സിപിഐ ആസ്ഥാനത്തെത്തിയ ശിവൻകുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണ്ട് ചര്‍ച്ച നടത്തും. സിപിഎം നിർദേശ പ്രകാരമാണ് അനുനയം നീക്കം. വിദ്യാഭ്യാസ മന്ത്രിയെയാണ് വിഷയത്തില്‍ സിപിഐ ഏറ്റവും അധികം കുറ്റപ്പെടുത്തുന്നത്. അതേ മന്ത്രിയെ തന്നെ നേരിട്ടിറക്കി സമവായത്തിന് ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.

 

പിഎംശ്രീയിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിന് പിന്നാലെ സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി നേരിട്ടെത്തി ബിബിനോയ് വിശ്വവുമായി ചർച്ച നടത്തി. പിഎംശ്രീയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും ആ കാര്യങ്ങൾ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി. ശിവൻകുട്ടി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

 

പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വാക്പോരുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും. ഗർഭഛിദ്രവിവാദത്തിന് ശേഷം രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പിഎംശ്രീ വിഷയത്തിൽ വി. ശിവൻകുട്ടിക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്സ്ബുക്കിൽ ഇരുവരും വാക്പോരുമായി രംഗത്തെത്തിയത്.

 

കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ, കേരളവും അംഗീകരിച്ചതിൽ ഇടത് മുന്നണിയിലെ പരസ്യ പൊട്ടിത്തെറിക്ക് പിന്നാലെ ഇടത് വിദ്യാർഥി-യുവജന സംഘടനകൾ തെരുവിൽ പ്രതിഷേധം കനപ്പിക്കുന്നു. പിണറായി സർക്കാരിന്‍റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എ ഐ വൈ എഫും എ ഐ എസ് എഫും തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സി പി ഐയുടെ യുവജന – വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും. തിങ്കളാഴ്ച ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

 

കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ കരാറിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായെന്ന് വിവരം. കരാറിൽ ഒപ്പുവെക്കുന്ന കാര്യം സിപിഎം മന്ത്രിമാരും സിപിഎമ്മിൻ്റെ മുതിർന്ന നേതാക്കളും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. സിപിഎം മന്ത്രിമാർ ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. സിപിഎം നേതാക്കളെയും സർക്കാർ വിശ്വാസത്തിലെടുത്തില്ല. ഒരു കൂടിയാലോചനയും നടത്താതെയാണ് സർക്കാരിൻ്റെ തീരുമാനം.

 

ശബരിമല സ്വര്‍ണക്കൊള്ളക്കെതിരെ ബിജെപിയുടെ സെക്രട്ടറിയറ്റ് ഉപരോധത്തിനിടെ സംഘർഷം. സെക്രട്ടറിയേറ്റിന് മുന്നിലെ ഇരുവശത്തേക്കുമുള്ള റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കിടയിലേക്ക് ഒരു ഓട്ടോ കടന്ന് വന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്രവര്‍ത്തകര്‍ ഓട്ടോ തടഞ്ഞു. പിന്നാലെ ഓട്ടോ ഡ്രൈവറും പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

 

സംസ്ഥാന കോൺഗ്രസിൽ സതീശനിസം അവസാനിച്ചെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. താനും തൻ്റെ പാർട്ടിയും എന്ത് വില കൊടുത്തും അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിക്കുമെന്നും യുഡിഎഫിനൊപ്പം നിൽക്കാൻ ഒരു ഉപാധിയും വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മാത്രം നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി പിഎം ശ്രീ പദ്ധതിയിൽ തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നവംബർ മുതൽ തുടങ്ങുമെന്ന് റിപ്പോർട്ട്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും പുതുച്ചേരിയിലും എസ്ഐആർ തുടങ്ങും. 2026ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം എസ്ഐആർ നടപ്പാക്കിത്തുടങ്ങുമെന്ന് നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ ഉടൻ തയ്യാറാകും. അടുത്ത ദിവസങ്ങളില്‍ സമയക്രമം പ്രഖ്യാപിക്കും. 2002 ലാണ് കേരളത്തില്‍ അവസാനമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടന്നത്.

 

കുണ്ടറ സിപിഐയിൽ വന്‍ പൊട്ടിത്തെറി. വിഭാഗീയ പ്രശ്നങ്ങളെ തുടര്‍ന്ന് സിപിഐയിൽ നിന്ന് രാജിവെച്ച നേതാക്കൾ ഉള്‍പ്പെടെ 325 പേര്‍ ഉടൻ സിപിഎമ്മിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചു. സിപിഐ സംസ്ഥാന നേതൃത്വത്തെ പോലും ധിക്കരിക്കുന്ന ജില്ലാ സെക്രട്ടറി പി എസ് സുപാലിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ടാണ് വിമതരുടെ നീക്കം.

 

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ തുക അനുവദിച്ചത്. ഈവർഷം ബജറ്റിൽ സപ്ലൈകോയ്‌ക്ക്‌ വിപണി ഇടപെടലിനായി 250 കോടി രൂപയാണ്‌ നീക്കിവച്ചിരുന്നത്.

 

വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ പരിപാടിയിൽ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍റെ പേരും ചിത്രവും. പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച അമ്പലപ്പുഴ നാലുചിറ പാലം ഉദ്ഘാടനത്തിനായുള്ള പ്രോഗ്രാം നോട്ടീസിലാണ് ജി സുധാകരന്‍റെ പേരും ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാലുചിറ പാലം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റിലാണ് ജി സുധാകരന്‍റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തില്ലെന്ന് സ്‌പോണ്‍സര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെയും കായിക മന്ത്രിയേയും പരിഹസിച്ച് നേതാവ് വി.ഡി സതീശന്‍. ‘മെസ്സി ചതിച്ചാശാനേ’ എന്നായിരുന്നു സതീശന്റെ പരിഹാസം. താന്‍ ഇത് പണ്ടേ പറഞ്ഞിട്ടുള്ളതാണെന്നും ഇനി മെസ്സി ചതിച്ചെന്ന് മന്ത്രി വന്ന് പറയട്ടെ എന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മെസ്സിയുടെ വരവ് രാഷ്ട്രീയ പ്രചരണമാക്കി മാറ്റുകയായിരുന്നുവെന്ന്‌ അദ്ദേഹം ആരോപിച്ചു.

 

നാലുചിറ പാലം നടപ്പാക്കിയത് തന്റെ കാലത്താണെന്നും 500 പാലങ്ങൾ ആയിരുന്നു സർക്കാർ ലക്ഷ്യമെന്നും മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. താൻ പങ്കെടുക്കുമോ എന്നത് പ്രസക്തമല്ല. മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ബാക്കി കാര്യങ്ങൾ അറിയില്ലെന്നും ജി സുധാകരൻ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷമാണ് സര്‍ക്കാര്‍ പരിപാടിയിൽ ജി സുധാകരന്‍റെ പേരും ചിത്രവും ഉൾപ്പെടുത്തുന്നത്.

 

മലപ്പുറം ജില്ലയിൽ തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി) പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണായ കമ്മിറ്റിയിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവരാണ് അംഗങ്ങൾ.ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി മുന്‍പാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹര്‍ജികള്‍ ജില്ലാ നിയമസേവന അതോറിറ്റിയുടെ പരിഗണനയിലുണ്ട്.

 

ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും വിധിച്ച് കോടതി. കണ്ണൂർ പെരിങ്ങോം സ്വദേശി റോസമ്മയെ ആണ് തളിപ്പറമ്പ് കോടതി ശിക്ഷിച്ചത്. 2013 ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം പുലർച്ചെയാണ് ഭർത്താവ് ചാക്കോച്ചനെ ഭാര്യയായ റോസമ്മ തലക്കടിച്ച് കൊലചെയ്തത്. പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ (60)യാണ് ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിച്ചുകൊന്നത്.

 

തൃശ്ശൂര്‍ മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം കാറിലെത്തിയ സംഘം ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 04.30-നാണ് സംഭവം. സംഭവത്തില്‍ ഒല്ലൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

 

വിദ്യാലയങ്ങളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്ന ഭരണകര്‍ത്താക്കള്‍ ചോദ്യംചെയ്യപ്പെടണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് കാസര്‍കോട് മുതല്‍ നടത്തിയ അവകാശസംരക്ഷണ യാത്രയുടെ സമാപനം സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് പരമാവധി മൂന്ന് ടേം എന്ന നിബന്ധനയില്‍ ഇളവുനല്‍കാനുള്ള മുസ്ലിം ലീഗ് തീരുമാനത്തില്‍ യൂത്ത് ലീഗിന് അമര്‍ഷം. മൂന്നു തവണ .ജനപ്രതിനിധികളായിട്ടുണ്ടെങ്കിലും പ്രധാന നേതാക്കള്‍ക്ക് അത്യാവശ്യമെങ്കില്‍ ഒരു തവണ കൂടി ഇളവു നല്‍കാമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇത് 2020-ല്‍.നടപ്പാക്കിയ തീരുമാനത്തില്‍ വെള്ളംചേര്‍ക്കലാണെന്നാണ് യൂത്ത് ലീഗിന്റെ വിമര്‍ശനം.

 

മഹാരാഷ്ട്രയിൽ സബ് ഇൻസ്പെക്ടർക്കെതിരെ ബലാത്സം​ഗ കുറ്റം ആരോപിച്ച് ആത്മഹത്യക്കുറിപ്പെഴുതിയ ശേഷം യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാജ മെഡിക്കൽ റിപ്പോര്‍ട്ടുണ്ടാക്കാൻ ഡോക്ടറെ പൊലീസ് ഉദ്യോ​ഗസ്ഥർ സമ്മര്‍ദ്ദം ചെലുത്തിയെന്ന ബന്ധുക്കളുടെ പരാതിയിലും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 

ഫ്ലൈ ഓവറിൽ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിക്കേറ്റ യുവാവ് മരിച്ചു. വീഡിയോ എടുക്കുന്നതിനെ ചൊല്ലി യുവാക്കളുടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ സൽമാൻ (22) എന്ന യുവാവാണ് മരിച്ചത്. ദില്ലിയിലെ ഭൽസ്വ ഫ്ലൈ ഓവറിൽ ഒക്ടോബർ 23 ന് രാത്രിയാണ് സംഭവം നടന്നത്.ദില്ലിയിലെ ഭൽസ്വ ഫ്ലൈ ഓവറിൽ ഒക്ടോബർ 23 ന് രാത്രിയാണ് സംഭവം നടന്നത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

പേരാമ്പ്രയിൽ ഷാഫി പറമ്പിലിന് മർദ്ദനം ഏറ്റ സംഭവത്തില്‍ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബം രംഗത്ത്. ആരോപണങ്ങളിൽ കോൺഗ്രസ്‌ നേതാക്കൾ മാപ്പ് പറയണമെന്ന് പേരാമ്പ്ര സിപിഒ വിഷ്ണു വാത്സന്‍റെ അമ്മ പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കില്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ വീട്ടു പടിക്കൽ സമരം നടത്തും.സോഷ്യൽ മീഡിയയിൽ അപകീർത്തി പെടുത്തിയതിന് പോലീസിൽ പരാതി നൽകി.

 

ജമ്മുകശ്മീരിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ചില പാർട്ടികളിലെ എംഎൽഎമാർ കൂറുമാറി വോട്ടു ചെയ്തെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ബിജെപി ഒരു സീറ്റിൽ വിജയിക്കാൻ കാരണം ഈ കൂറുമാറ്റമാണെന്ന് ആരോപിച്ച ഒമർ അബ്ദുള്ള, നാഷണൽ കോൺഫറൻസിൽ നിന്ന് ആരും കൂറുമാറിയില്ലെന്നും അവകാശപ്പെട്ടു. വെള്ളിയാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് നേടിയെങ്കിലും ഒരു സീറ്റിൽ ബിജെപി അപ്രതീക്ഷിത ജയം നേടി.

 

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. ലക്ഷ്‌മി നാരായൺ സിങ് (പപ്പു സിങ് – 54) ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് ഹൈക്കോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റ് അശോക് സിങിൻ്റെ അനന്തരവനാണ് ഇദ്ദേഹം. പ്രയാഗ്‌രാജിലെ ഹോട്ടലിന് സമീപത്ത് വച്ചാണ് പപ്പു സിങ് ആക്രമിക്കപ്പെട്ടത്.

 

ബെംഗളുരുവിലെ യുവ ഡോക്ടർ കൃതിക റെഡ്‌ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃതികയെ കൊലപ്പെടുത്തിയെന്ന് ഭർത്താവായ പ്രതി, കാമുകിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പൊലീസ് വീണ്ടെടുത്തതാണ് അന്വേഷണത്തിൽ നിർണായകമായത്. ഡോക്ടർ മഹേന്ദ്ര റെഡ്‌ഡി കാമുകിക്ക് അയച്ച ശേഷം ഈ മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ വാട്സാപ്പിൽ നിന്ന് പൊലീസ് ഇത് കണ്ടെടുത്തതോടെ നിൽക്കക്കള്ളിയില്ലാതെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.

 

മഹാരാഷ്ട്രയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തിനിരയായി ആത്മഹത്യചെയ്ത വനിതാ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കൈവെള്ളയിലെഴുതിയആത്മഹത്യാക്കുറിപ്പിന് പുറമേയാണ് ഡോക്ടര്‍ എഴുതിവെച്ച നാലുപേജുള്ള കുറിപ്പും കണ്ടെടുത്തത്. പോലീസ് സബ് ഇന്‍സ്‌പെക്ടറായ ഗോപാല്‍ ബദ്‌നെ വിവിധ കേസുകളില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനായി നിര്‍ബന്ധിച്ചെന്നും എന്നാല്‍, ഇതിന് വിസമ്മതിച്ചപ്പോള്‍ ഉപദ്രവിച്ചെന്നുമാണ് കുറിപ്പിലെ ആരോപണം.

 

സിങ്കപ്പൂരിലെ റാഫിൾസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നഴ്സിനെ ലൈംഗികാതിക്രമ കേസിൽ കോടതി ശിക്ഷിച്ചു. എലിപ്പെ ശിവ നാഗു എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് വർഷവും രണ്ട് മാസവും തടവുശിക്ഷയ്ക്ക് പുറമെ, കരിമ്പിൻ തണ്ട് കൊണ്ട് രണ്ട് അടിയുമാണ് ശിക്ഷ. ലൈംഗികാതിക്രമം നടത്തിയെന്ന് സമ്മതിച്ച സാഹചര്യത്തിലാണിത്.

 

റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിൽ എണ്ണ വാങ്ങുന്ന കാര്യത്തിൽ കടുത്ത നിലപാടുമായി ഇന്ത്യ. എണ്ണ കരാ‍‍ർ വിഷയത്തിൽ ഇരട്ടത്താപ്പ് ഇന്ത്യ അംഗീകരിക്കില്ലെന്നും തോക്കിൻ മുനയിൽ വ്യാപാര കരാർ ഒപ്പു വയ്ക്കാനാവില്ലെന്നും വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. തിടുക്കപ്പെട്ടോ സമ്മർദത്തിലാക്കിയോ വ്യാപാരക്കരാറിലെത്താനാവില്ല. ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ധാരണകൾ മാത്രമേ സാധ്യമാകൂവെന്ന് പീയുഷ് ഗോയൽ വ്യക്തമാക്കി.

 

റഷ്യൻ സൈന്യത്തിന് സഹായം നൽകിയെന്ന് ആരോപിച്ച് മൂന്ന് ഇന്ത്യൻ കമ്പനികളടക്കം 45 കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. യുക്രൈനുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറാൻ റഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ട് യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന 19ാം പാക്കേജിൻ്റെ ഭാഗമായാണ് ഉപരോധം ഏർപ്പെടുത്തിയത്. വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

 

മുൻ പാക് പ്രസിഡൻ്റ് പർവേസ് മുഷാറഫിനെ അമേരിക്ക വില കൊടുത്ത് വാങ്ങിയെന്ന് ദീർഘകാലം അമേരിക്കൻ ചാര സംഘടനയായ സിഐഎയിൽ പ്രവർത്തിച്ച ജോൺ കിരിയാകു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുത്തിലാണ് ഇദ്ദേഹം വൻ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

 

പാകിസ്ഥാന്റെ ആണവായുധം നിർമ്മിച്ച അബ്ദുൾ ഖാദിർ ഖാനെ (എക്യു ഖാൻ) ഇല്ലാതാക്കാൻ അമേരിക്ക ശ്രമിച്ചിരുന്നുവെന്നും സൗദി അറേബ്യയുടെ നേരിട്ടുള്ള ഇടപെടലിൽ തീരുമാനം മാറ്റുകയായിരുന്നുവെന്നും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

 

അമേരിക്കയിൽ വൈറ്റ് ഹൗസിന്‍റെ പ്രധാനഭാഗം പൊളിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പുതിയ നൃത്തശാല പണിയുന്നതിനായി വൈറ്റ് ഹൗസിന്റെ കിഴക്കുഭാഗത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ ഉപയോഗിച്ചിരുന്ന പ്രശസ്തമായ കെട്ടിടമാണ് പൂര്‍ണമായും തകര്‍ത്തത്. ഉപഗ്രഹ ചിത്രങ്ങളിൽ ഇവിടെ ഇപ്പോൾ കെട്ടിടാവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. പുതിയ നൃത്തശാല പണിയുന്നതിനായാണ് കെട്ടിടം തകർത്തത്.

 

ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ബസിന് തീപിടിച്ച് 20 പേര്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍. അപകടത്തിന് തൊട്ടുമുന്‍പ് ഇയാള്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അപകടത്തില്‍ ബസിലുണ്ടായിരുന്ന 19 പേരും ബൈക്ക് യാത്രികനും മരിച്ചു.

 

ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്ക് മുന്നിൽ 237 റൺസ് വിജയലക്ഷ്യമുയർത്തി ഓസ്ട്രേലിയ. 46.4 ഓവറിൽ  236 റണ്‍സിന് ആതിഥേയർ പുറത്തായി. അര്‍ധ സെഞ്ചുറി നേടിയ മാറ്റ് റെൻഷായുടെയും (58 പന്തില്‍ 56) ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെയും (41) ഇന്നിങ്സുകളാണ് ഓസീസിനെ തുണച്ചത്. ഇന്ത്യക്കായി ഹർഷിത് റാണ നാലുവിക്കറ്റ് നേടി. നേരത്തേ ഓപ്പണിങ്ങില്‍ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി മികച്ച തുടക്കം നല്‍കിയിരുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *