7 21

രാത്രി ബ്രൈറ്റ് ലൈറ്റുകളുടെ അമിത ഉപയോഗം ഹൃദയാഘാതം ഉള്‍പ്പെടെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് ജാമ നെറ്റ്വര്‍ക്കില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അധികമാരും സംസാരിക്കാത്ത ഒരു വിഷയമാണ് വെളിച്ച മലിനീകരണം. ആവശ്യത്തിലധികം വെളിച്ചം നമ്മെ മാനസികവും ശാരീരികവുമായും ബാധിക്കുന്നു. നമ്മുടെ ശരീരത്തിനൊരു താളമുണ്ട്. രാത്രി ഉറങ്ങാനും പകല്‍ ഉണരാനും ഈ താളം അതായത്, സര്‍ക്കാഡിയല്‍ റിഥം നമ്മെ സഹായിക്കുന്നു. രാത്രി ഇരുട്ട് വീഴുന്നതാണ് ശരീരത്തിന് ഉറങ്ങാനുള്ള സൂചന. സൂര്യനുദിക്കുമ്പോഴുള്ള വെളിച്ചം ഉണരാനും. എന്നാല്‍ രാത്രിയിലും വെളിച്ചം കാണുന്നത് ഈ താളത്തെ തടസപ്പെടുത്താനും ഉറക്കരീതികളെയും ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെയും ഉള്‍പ്പെടെ തകിടംമറിക്കാനും കാരണമാകും. ഇപ്പോഴിതാ, ഈ സര്‍ക്കാഡിയന്‍ താളം മാത്രമല്ല, ഹൃദയാരോഗ്യത്തിനും രാത്രിയിലെ വെളിച്ചം വില്ലനാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരവീക്കം, വര്‍ധിച്ച ഹൃദയമിടിപ്പ് പോലുള്ള ലക്ഷണങ്ങള്‍ക്കും കാരണമാകുന്നു. ഇത് ക്രമേണ ഹൃദ്രോഗങ്ങളിലേക്കും നയിക്കാമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍, അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കാണ് അപകടസാധ്യത കൂടുതലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. രാത്രിയില്‍ ബ്രൈറ്റ് ലൈറ്റ് പതിവായി ഉപയോഗിക്കുന്നവരില്‍ കൊറോണറി ആര്‍ട്ടറി രോഗം ഉണ്ടാകാനുള്ള സാധ്യത 32 ശതമാനവും ഹൃദയാഘാത സാധ്യത 56 ശതമാനവും സ്ട്രോക്ക് സാധ്യത 30 ശതമാനവും കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *