മദ്ധ്യാഹ്ന വാർത്തകൾ 20260825 134245 0000

 

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

 

പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള നിര്‍ദേശങ്ങളുമായി അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് 2027 മുതൽ തിരിച്ചു പിടിക്കാനും നിര്‍ദേശമുണ്ട്.

 

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിൽ ഓണ ദിവസങ്ങളിലും തുടരുന്ന കുട്ടികളുടെ ഓണാഘോഷത്തിനാണ് സർക്കാർ പ്രത്യേക തുക അനുവദിച്ചത്

 

പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം. പിണറായി വിജയൻ നടത്തിയത് മുന്നണി മര്യാദയുടെ ലംഘനമെന്ന് സത്യൻ മൊകേരിയുടെ വിമർശനം.പിണറായിയുടെ പ്രസ്താവന കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും ലേഖനത്തിൽ വിമർശനമുണ്ട്.

 

കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ.സതീശൻ സർക്കാർ പിണറായി സർക്കാറിന്റെ കാർബൺ കോപ്പിയാണ്. ബിജെപി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ അച്ചടക്ക നടപടി എടുത്തിട്ടുണ്ടോ എന്ന് പറയേണ്ടത് ഉത്തരവാദിത്വമുള്ളവരാണ് എന്നും അദ്ദേഹം പറഞ്ഞു .

 

കണ്ണൂർ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. രാവിലെ 6 മണിയോടെയാണ് സംഭവം. വീടുകളോട് ചേർന്നുള്ള ഭാ​ഗത്തായാണ് മണ്ണിടിഞ്ഞത്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. മന്ത്രി സണ്ണി ജോസഫും കളക്ടർ പി വിഷ്‌ണുരാജും സംഭവസ്ഥലത്തെത്തി സ്ഥിതി​ഗതികൾ വിലയിരുത്തി.

 

ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. കൈപ്പത്തിയിലോ കോണി ചിഹ്നത്തിലോ മത്സരിക്കാത്തതാണ് തിരിച്ചടിയായതെന്ന പ്രവർത്തകരുടെ വികാരം പങ്കുവയ്ക്കുകയാണ് ചെയ്തത്. ജയിച്ചാൽ തനിക്ക് മന്ത്രി സ്ഥാനം നൽകേണ്ടിവരുമെന്ന ചിലരുടെ പേടിയാണ് തോൽവിക്ക് പിന്നിലെന്ന അൻവറിന്റെ ആരോപണത്തിന് മറുപടിയില്ലെന്നും പ്രവീൺ പറഞ്ഞു.

 

പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. സംഭവത്തെ തുടർന്ന് ആംബുലൻസ് ​ഡ്രൈവർമാർ പരാതിയുമായി രം​ഗത്തെത്തി. ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് എം വി ഡി ക്ക് പരാതി നൽകി.

 

പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം. സി.പി.എം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി വി ദിനേശിനെ ആണ് മാറ്റുന്നത്. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര എന്നിവരിൽ ഒരാളെ കേസിൽ ഹാജരാക്കാൻ ആണ് സംസ്ഥാന സർക്കാർ തീരുമാനം.

 

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ പരിശോധന ശക്തമാക്കും. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ചുമത്തും.

 

ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം.കൂടുതല്‍ അന്വേഷണത്തിനു ശേഷമേ പ്രതിശ്രുത വരനെതിരെ കേസെടുക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്.

 

രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ 51കാരൻ അറസ്റ്റിൽ. ഇടപ്പള്ളി പോണേക്കര സ്വദേശി കൃഷ്ണൻ (51) ആണ് പിടിയിലായത്. എറണാകുളം മണപ്പാട്ടിപ്പറമ്പിൽ മീൻ കച്ചവടം നടത്തുന്ന യുവാവാണ് ആക്രമണത്തിനിരയായത്.

 

ചേർത്തലയിൽ വഴക്ക് പിടിച്ചുമാറ്റാൻ ശ്രമിച്ച ബ്രയിൻ ട്യൂമർ രോഗിയായ രതീഷിന് ഒരു സംഘം യുവാക്കളുടെ ക്രൂരമർദ്ദനമേറ്റു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും, ദൃശ്യങ്ങൾ അടക്കം തെളിവുകളുണ്ടായിട്ടും പ്രതികളെ പിടികൂടാത്തതിൽ പോലീസിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തി.

 

തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം പാർട്ടി വിമർശനങ്ങൾക്കെതിരെ തുറന്ന് പറച്ചിലുമായി പി ജയരാജൻ. പ്രത്യേക സാഹചര്യത്തിൽ പ്രാദേശിക കമ്മിറ്റികളുടെ ഇടപെടൽ എന്നതിന് അപ്പുറം വ്യക്തിപരമായ ഒരു പ്രാധാന്യം അതിനില്ലെന്നാണ് പി. ജയരാജന്‍റെ പരസ്യ പ്രതികരണം.

 

ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് സ്ഫോടക വസ്‌തുക്കളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട‌ിച്ചശേഷമായിരുന്നു ഗുണ്ടാസംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തിന് പിന്നാലെ ഒമ്പത് പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

 

സർക്കാർ സ്കൂളിൽ ഉച്ച ഭക്ഷണത്തിന് പിന്നാലെ വിദ്യാർത്ഥികൾ അവശനിലയിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. 27 കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഭക്ഷ്യവിഷബാധയെന്ന് ഉറപ്പിക്കാനാകില്ലെന്ന് അധികൃതർ വിശദമാക്കുന്നത്. മറ്റ് കാരണങ്ങളും പരിശോധിക്കുന്നുവെന്നാണ് അധികൃതരുടെ പ്രതികരണം.

 

ഗുജറാത്തിലെ വഡോദരയിൽ നിന്ന് മുംബൈയിലേക്ക് 30 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ എയർ ഹോസ്റ്റസും സഹായിയും അറസ്റ്റിൽ. അന്വേഷണത്തിൽ ഇവർക്ക് മുൻപും മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി ദീർഘകാല ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.

 

ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ഹർജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ഏകീകൃത യൂണിഫോം നിർബന്ധമെന്നും കോടതി വ്യക്തമാക്കി.

 

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ നടപടി സ്വീകരിച്ചതായി സംസ്ഥാനസർക്കാർ അറിയിച്ചു. ഇന്നലെ നടന്ന സംഘർഷത്തിൽ ഒരു സിആർപിഎഫ് ജവാന് വെടിയേറ്റിരുന്നു.

 

ദില്ലിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെത്തുടർന്ന് 18 വിമാനങ്ങളാണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റദ്ദാക്കിയത്.

 

ദില്ലിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ. സമിതിയിലെ ചിലർ നിഷ്പക്ഷരല്ല എന്ന ഹർജിക്കാരുടെ നിലപാടിനോടാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം.

 

അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ വെച്ച് കൂട്ടമാനഭംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പസാരിയ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ഓഗസ്റ്റ് 23 ന് ഉച്ചകഴിഞ്ഞ് കാണാതായിരുന്നു.

 

ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ് സ്വദേശിയായ സായി പ്രദീപ് എന്ന വിദ്യാർത്ഥി അമേരിക്കയിൽ ജീവനൊടുക്കിയത്. പ്രദീപ് (ദീപു) 2024-ലാണ് ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. ടെക്സസ് സർവകലാശാലയിലെ മാസ്റ്റേഴ്സ് ബിരുദ വിദ്യാർത്ഥിയായിരുന്നു. ഓഗസ്റ്റ് 21-നാണ് പ്രദീപ് മരണപ്പെട്ട വിവര പുറത്തുവരുന്നത്.

 

ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്യങ്ങൾക്കുള്ള കർശന മുന്നറിയിപ്പ്. ‘ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്’ എന്നാണ് ഉപരോധ നടപടികൾക്ക് അമേരിക്ക നൽകിയിരിക്കുന്ന പേര്.

 

ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം എച്ച്-1ബി വിസ അപേക്ഷാ ഫീസ് ഏകദേശം 99 ലക്ഷം രൂപയായി വർദ്ധിപ്പിക്കാൻ പുതിയ കരട് ചട്ടം പുറത്തിറക്കി. ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയും യുഎസ് കമ്പനികളെയും കാര്യമായി ബാധിക്കുന്ന ഈ നിർദ്ദേശം, നിയമപരമായ കുടിയേറ്റത്തെ തടസ്സപ്പെടുത്തുമെന്ന് ആശങ്കയുയർത്തുന്നു.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *