ആപ്പിള്‍ ജ്യൂസ് നേരിട്ട് കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം. ആപ്പിളില്‍ മാലിക് ആസിഡ് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ പുറംപാളിയായ ഇനാമലിനെ ദുര്‍ബലമാക്കുന്നു. ഇനാമല്‍ നശിച്ചാല്‍, പല്ലിന് പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാനോ പോടുകള്‍ വരാനോ കാരണമാകും. ആപ്പിളില്‍ അടങ്ങിയ സ്വാഭാവിക പഞ്ചസാരയാണ് അടുത്ത വില്ലന്‍. ആപ്പിള്‍ ജ്യൂസ് ആയി കുടിക്കുമ്പോള്‍ ഈ പഞ്ചസാര വായില്‍ തങ്ങി നില്‍ക്കുകയും വായിലുള്ള ബാക്ടീരിയകള്‍ ഈ പഞ്ചസാരയെ വിഘടിപ്പിച്ചു കൂടുതല്‍ ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ ആസിഡ് വീണ്ടും പല്ലിന്റെ ഇനാമലിനെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. അമിതമായി ആപ്പിള്‍ ജ്യൂസ് കുടിക്കുന്നവരില്‍ ദന്ത രോഗങ്ങള്‍ കണ്ടെത്തിയതായി യൂണിവേഴ്‌സിറ്റി ഓഫ് പോര്‍ട്‌സ് മൗത്തും യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സും സംയുക്തമായി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. ആപ്പിള്‍ ജ്യൂസ് കുടിക്കുമ്പോള്‍ പതിയെ സിപ്പ് ചെയ്‌തോ അല്ലെങ്കില്‍ ഒന്നിലധികം തവണയായോ കുടിക്കുന്നത് ഒഴിവാക്കുക. ആപ്പിള്‍ ജ്യൂസ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കുടിക്കുക. സ്‌ട്രോ ഉപയോഗിക്കുന്നത് ആപ്പിള്‍ ജ്യൂസ് പല്ലുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നത് ഒഴിവാക്കും. ആപ്പിള്‍ ജ്യൂസ് കുടിച്ച ഉടന്‍ തന്നെ വെള്ളം ഉപയോഗിച്ച് വായ കഴുകുക. ഇത് പല്ലില്‍ പറ്റിപ്പിടിച്ച പഞ്ചസാരയും ആസിഡും നീക്കം ചെയ്യും.
ആപ്പിള്‍ ജ്യൂസ് നേരിട്ട് കുടിക്കരുത്, പല്ല് കേടാകും!
