കൊല്ലം ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ 3 കുട്ടികൾക്കാണ് രോഗം പടർന്നത്. രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആണ്.
നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 കാരന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ ലഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു.
ശബരിമല സ്വർണക്കൊള്ള കേസില്‍ കുറ്റപത്രം വൈകും. ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണവുമായി എസ്ഐടി. മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്ത് അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. 2019 ൻ്റെ തുടർച്ചയാണ് 2025 ലേതെന്ന് എസ്ഐടി പറയുന്നു.
ശബരില സ്വർണക്കൊള്ള ആരോപണത്തിൽ എ പത്മകുമാറിനെതിരെ ഒടുവിൽ നടപടിക്കൊരുങ്ങി സിപിഎം. നടപടി ചർച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേരും. അന്ന് നടപടിയെടുക്കാനാണ് സാധ്യത.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്ത്. സാമ്പത്തിക സ്ഥിതി നോക്കാതെ ലിംഗഭേദത്തിൻ്റെ പേരിൽ സൗജന്യം നൽകുന്നതിനെതിരെ ജൂൺ 15ന് ബസുകൾ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് സംഘടന അറിയിച്ചു.
കോൺഗ്രസ് ആവശ്യപ്പെട്ടാൽ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് പാലാ നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മ. കോൺഗ്രസ് നേതൃത്വത്തിന് വിശ്വാസമില്ലെങ്കിൽ അധികാരത്തിൽ തുടരില്ലെന്ന് കൗൺസിലർ ബിനു പുളിക്കകണ്ടം പറഞ്ഞു. അവിശ്വാസപ്രമേയത്തിന് പോലും കാത്തുനിൽക്കില്ലെന്നും ഒറ്റവരി കത്ത് തന്നാൽ ഒഴിയാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൗൺസിലർ ആർ സുഗതൻ കാപ്പാ കേസിൽ പ്രതിയാണെന്ന വിവരം പൊലീസ് അറിയിച്ചില്ലെന്ന തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ വാദം അവിശ്വസനീയം.2023ലും 25ലും കാപ്പ പ്രകാരം സുഗതനെതിരെ കുറ്റം ചുമത്തിയിരുന്നു. കാപ്പ അടക്കം 7 കേസുകളിൽ പ്രതിയായിരിക്കുമ്പോഴാണ് വാഴോട്ടുകോണത്ത് സുഗതനെ ബിജെപി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നത്.
മാസപ്പടി കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുൻപാകെ പിണറായി വിജയന്‍റെ മകള്‍ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് വീണ ഇഡിക്ക് ഇമെയിൽ അയച്ചു. ആവശ്യമായ രേഖകൾ ഇഡിക്ക് കൈമാറാൻ ഒരുക്കമാണെന്നും വീണയുടെ ഇ മെയിലില്‍ അറിയിച്ചു. വീണയ്ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് ഇഡി അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിലെ ഫലം അട്ടിമറിക്കാൻ സിഎംആർഎൽ ഉടമ എസ് എൻ ശശിധരൻ കർത്ത ഇടപെട്ടെന്ന ആരോപണവുമായി കെപിസിസി സെക്രട്ടറി. കർത്തയുടെ അടുത്ത ബന്ധു 126 വോട്ടിന് വിജയിച്ച തെരഞ്ഞെടുപ്പിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകി.
നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ പ്രതികൾ ചോദ്യം ചെയ്യലിനായി എസ്ഐടിക്ക് മുന്നിൽ ഹാജരായി. പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലുണ്ടായിരുന്ന എസ് സന്ദീപ്, ആർ അരുണ്‍, വിവി വിപിൻ, വി കെ ഷൈജു എന്നിവരാണ് ഹാജരായത്.
കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ സംസ്ഥാന സർക്കാർ മടികാണിക്കുന്നുവെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. നയപ്രഖ്യാപനത്തിലോ ധവളപത്രത്തിലോ കേന്ദ്രത്തിനെതിരെ പരാമർശമില്ലാത്തതും പിഎം ശ്രീ പദ്ധതിയിലെ നിലപാടുമാണ് പ്രധാന വിമർശനങ്ങൾ. ഇത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ജനവിശ്വാസത്തെ തോൽപ്പിക്കുന്ന നിലപാടാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാകമ്മിറ്റി. യു.ഡി.എഫ്. ഗവൺമെന്റ് … അധികാരത്തിലെത്തിയതിനു ശേഷം എസ്.ഐ.ടിയെ കേസ് ഏൽപ്പിച്ചു. ഇതോടെ കൃത്യമായ രാഷ്ട്രീയലക്ഷ്യം വെച്ച് എസ്.ഐ.ടി പ്രവർത്തിക്കുകയാണെന്നും ഡിവൈഎഫ്ഐ നേതൃത്വം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ തോൽവി പരിശോധിക്കാൻ സിപിഎം. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവിയാണ് പരിശോധിക്കുക. ഇതിനിടെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ എം ബി രാജേഷിൻ്റെയും കെ ശാന്തകുമാരിയുടെയും ശൈലി തോൽവിക്ക് കാരണമായെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.
ഇടുക്കി ദേവികുളത്തെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി സിപിഐ. സിപിഎമ്മിൽ ഒത്തൊരുമയുളള പ്രവർത്തനമുണ്ടായില്ല. ബിജെപി സ്ഥാനാർഥിയായിരുന്ന എസ് രാജേന്ദ്രന് വേണ്ടി ഒരുവിഭാഗം പ്രവർത്തകർ പ്രവർത്തിച്ചു. അനുകൂല സാഹചര്യമുണ്ടായിട്ടും സിപിഎം പ്രവർത്തിച്ചില്ലെന്ന് സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി എ ഡി ചന്ദ്രപാൽ പറഞ്ഞു.
മധ്യകേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.
വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇല്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഒഴിവാക്കിയത്.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം അടുത്ത വർഷം ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ തീരുമാനം. ജൂൺ മാസത്തോടെ പണികൾ തീർത്ത് ഓഗസ്റ്റിൽ ഉദ്ഘാടനം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ ‘എരണംകെട്ട ഭരണ’വുമായി ബന്ധിപ്പിച്ച് 2021ൽ കെ മുരളീധരൻ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. സിപിഎം ഹാൻഡിലുകൾ ഈ വീഡിയോ പങ്കുവെച്ച്, മുരളീധരന് ഇപ്പോഴും ഇതേ അഭിപ്രായമാണോ എന്ന് ചോദ്യം ഉയർത്തുകയാണ്.
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്ന് മുൻ ആരോഗ്യമന്ത്രി വീണ ജോർജ് ആഹ്വാനം ചെയ്തു. രാഷ്ട്രീയ വിവാദങ്ങൾക്ക് പകരം ശാസ്ത്രീയ പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ഒപ്പം പടരുന്ന ഷിഗെല്ല വ്യാപനവും ഗൗരവമായി കാണണമെന്നും അവർ ഓർമ്മിപ്പിച്ചു.
സർക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി മൂലം ടെക്സ്റ്റൈൽ ബിസിനസ് തകർന്നുവെന്ന് ആരോപണം. ഭാര്യയേയും മകനേയും കൊലപ്പെടുത്തി വ്യാപാരി ജീവനൊടുക്കി. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം.തന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കോൺഗ്രസ് സർക്കാരിന്റെ ഗ്യാരണ്ടി പദ്ധതികളിൽ ഒന്നായ ശക്തി സ്കീം ആണെന്ന് പ്രഭാകർ എഴുതിയിരിക്കുന്നത്.
സ്ത്രീകൾക്ക് ഓര്‍ഡിനറി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി തുടങ്ങും മുമ്പ് തന്നെ പ്രതിസന്ധി. കെഎസ്ആർടിസിക്ക് മുൻകൂർ പണം അനുവദിക്കില്ലെന്ന സർക്കാര്‍ നിലപാടാണ് തർക്കത്തിന് കാരണം. പദ്ധതി മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ മുൻകൂർ തുക അനുവദിക്കണം എന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഇന്ധന സബ്‍സിഡിയെ ബാധിക്കും. നഷ്ടം എങ്ങനെ നികത്താമെന്ന് ധനവകുപ്പുമായി ചര്‍ച്ച നടത്തുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
സ്വർണ ഖനിയിൽ നിന്ന് നേരിട്ട് എത്തിക്കുന്ന സ്വർണ കട്ടികൾ നൽകാമെന്ന് പറഞ്ഞ് വ്യാജ സ്വർണ കട്ടികൾ വിൽപ്പന നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ പിടിയില്‍. കെ ജി എഫ് സ്വാമി എന്ന് വിളിക്കുന്ന പത്തനംതിട്ട മാധവ മംഗലത്ത് മനാഴിയിൽ വീട്ടിൽ 61 വയസുള്ള ഷാജിയാണ് പിടിയിലായത്.
മലപ്പുറം പുളിക്കലിൽ റോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന്‍റെ രക്ഷകരായ ബസ് ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രി സി പി ജോൺ. ബസ് ജീവനക്കാരെ ഫോണിൽ വിളിച്ചാണ് ഗതാഗത മന്ത്രി അഭിനന്ദനം അറിയിച്ചത്.കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിലിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആർ രാജേഷ് മരിച്ച നിലയിൽ. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. മാളയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്. ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു.
ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും പിരിച്ച് വിട്ട് അന്താരാഷ്ട്ര കമ്പനിയായ ഓപ്പൺ ഡോർ. ഇന്ത്യയിലെ ഓഫീസ് പൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് കൂട്ടപ്പിരിച്ചുവിടൽ. കമ്പനിയുടെ ഉപഭോക്താക്കൾ എല്ലാവരും അമേരിക്കയിലാണെന്നും അതുകൊണ്ട് ഇന്ത്യയിൽ ഒരു വർക്ക്ഫോഴ്സ് നിലനിർത്തുന്നതിൽ അർത്ഥമില്ലെന്നുമാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നൽകിയ ഔദ്യോഗിക വിശദീകരണം
സവർണ്ണ ജാതിയിൽപ്പെട്ട പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ 18കാരനായ ദളിത് വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി. കേതൻ ലാൽ എന്ന 18കാരനാണ് ക്രൂരമായ ജാതീയ അധിക്ഷേപങ്ങൾക്കും ക്രൂരമർദ്ദനത്തിനും ഇരയായി കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാളിലാണ് സംഭവം.പെൺകുട്ടിയുടെ പിതാവ് യശ്ബീർ സിംഗ് പൻവാർ, മുത്തശ്ശൻ വിദ്യാദത്ത് പൻവാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എഥനോൾ ചേർത്ത പെട്രോളിന് എക്സൈസ് നികുതി ഒഴിവാക്കി കേന്ദ്രം. രാജ്യത്ത് ബദൽ ഇന്ധനം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. ഇ22, ഇ25, ഇ27, ഇ30 പെട്രോളുകളെ ആണ് എക്സൈസ് നികുതിയുടെ പരിധിയിൽനിന്ന് ഒഴിവാക്കി.
ചരിത്രത്തെ വളച്ചൊടിച്ചതുകൊണ്ടോ വികലമാക്കിയതുകൊണ്ടോ സത്യം ഇല്ലാതാകുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 12 വർഷത്തിനിടയിൽ മോദി സർക്കാർ വെറും മുദ്രാവാക്യങ്ങൾ മുഴക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിൽ ഇരുന്ന നേതാവെന്ന നരേന്ദ്ര മോദിയുടെ റെക്കോർഡ് ബിജെപി ആഘോഷമാക്കുന്നതിനിടെയാണ് വിമർശനവുമായി ഖാർഗെ രംഗത്തെത്തിയത്.
മധ്യപ്രദേശിൽ രാജ്യസഭ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയതിനെതിരായ കോൺഗ്രസിന്‍റെ ഹർജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി. അതുവരെ ഫലം പ്രഖ്യാപിക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹർജി നിലനില്‍ക്കുന്നതാണോ എന്ന ചോദ്യം കോടതി ഉയർത്തി. കോൺഗ്രസ് നല്‍കിയ നിവേദനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
തൃണമൂൽ കോൺഗ്രസിൽ രാജ്യസഭാ എംപിമാരുടെ രാജി തുടരുന്നു. പാർട്ടിക്ക് തിരിച്ചടിയായി മറ്റൊരു നേതാവ് കൂടി രാജ്യസഭാംഗത്വം രാജിവെച്ചു. പ്രകാശ് ചിക് ബരൈക്ക് ആണ് രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്. ഇതോടെ രാജിവെച്ച തൃണമൂൽ രാജ്യസഭാ എംപിമാരുടെ എണ്ണം മൂന്നായി.
തൊഴില്‍ വെബ്‌സെറ്റുകളുടെ മറവില്‍ ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ചാരന്‍മാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, നിരവധി വൈബ്‌സൈറ്റുകള്‍ എഫ്ബിഐ പിടിച്ചെടുത്തു. യുഎസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ ചൈനീസ് ഏജന്റുമാര്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഡസനിലധികം വെബ്സൈറ്റുകളാണ് പൂട്ടിയത്.
റഷ്യയിൽ കാർ ബോംബ് സ്ഫോടനം. ഉന്നത സൈനിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം. റഷ്യൻ സൈന്യത്തിന്റെ ആർട്ടിലറി, മിസൈൽ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവനാണ് കൊല്ലപ്പെട്ടത്. മോസ്കോയ്ക്ക് സമീപത്തുണ്ടായ കാർ ബോംബ് സ്ഫോടനമാണ് റഷ്യൻ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായ കേണൽ ദമീർ ദവിദോവിന്റെ ജീവനെടുത്തത്.
50 ലക്ഷം വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ നിറഞ്ഞ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിമിംഗല ശ്മശാനം കണ്ടെത്തി ഗവേഷകർ. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് കിഴക്കൻ ഭാഗത്താണ് വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയത്.
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ യുഎസിനെതിരെ ഇറാൻ. ഇറാനിലെ ജലവിതരണ സംവിധാനങ്ങൾക്കു നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണം ബോധപൂർവമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്. ആക്രമണത്തിൽ 10 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജലസംഭരണികൾ തകർന്നു.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് ഏഴു മാസം പ്രായമുള്ള പലസ്തീൻ കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിൽ, ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മയുടെ കൈകളിലിരിക്കെയാണ് സാം അബു ഹൈക്കൽ എന്ന പിഞ്ചുകുഞ്ഞ് വെടിയേറ്റു മരിച്ചത്.
ഒമാൻ കടലിടുക്കിൽ പലാവു പതാകയുള്ള എംടി സെറ്റെബെല്ലോ എന്ന ടാങ്കറിന് നേരെയുണ്ടായ യുഎസ് സൈനികാക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. 21 പേരെ രക്ഷപ്പെടുത്തി.
