തൊടുപുഴയിൽ വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവൻ നാടു നയിക്കും’ എന്നാണ് ഫ്ലക്സിലെ എഴുത്ത്. വി ഡി സതീശന്റെ പൂർണ്ണമായ ചിത്രത്തോടൊപ്പം ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയുന്നതിന് രണ്ട് ദിവസം ബാക്കി നിൽക്കേ പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ്. നിയുക്ത എംഎൽഎ ടിപി ഷാജിക്ക് അഭിവാദ്യം എന്ന് എഴുതിയ ഫ്ലക്സ് ബോർഡാണ് പട്ടാമ്പിയിൽ ഉയര്‍ന്നത്.
എക്സിറ്റ് പോൾ ഫലങ്ങൾ കേരളത്തിൽ ബിജെപിക്ക് വലിയ പ്രതീക്ഷ നൽകുന്നു, ചില സർവേകൾ 14 സീറ്റുകൾ വരെ പ്രവചിക്കുന്നു. ബിജെപിയുടെ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാനാകുമെന്നാണ് മിക്ക എക്സിറ്റ് പോൾ പ്രവചനങ്ങളും. 20 ശതമാനം വോട്ടുവിഹിതം എന്ന ടാർഗറ്റിൽ എത്താൻ കഴിയുമെന്നും ബിജെപി നേതാക്കൾ കണക്കുകൂട്ടുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് ലീഗ് നിർദ്ദേശിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ലീഗ് നേതാവ് എം കെ മുനീർ. ജന വികാരത്തെകുറിച്ചുള്ള ചോദ്യത്തോട് സാദിഖ് അലി തങ്ങൾ പ്രതികരിച്ചതിനെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ ലീഗുമായി ചർച്ച നടത്തുന്നതാണ് കീഴ്വഴക്കം. സംസ്ഥാനത്ത് ഉണ്ടായത് ന്യൂനപക്ഷ ഏകീകരണം അല്ല മറിച്ച് മതേതര വോട്ടുകളുടെ ഏകീകരണമാണെന്നും എംകെ മുനീർ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എഎൻ ഷംസീർ എന്ന് പി വി അൻവർ. ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്. ധർമ്മടത്ത് തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായിയുടേത്. താൻ മത്സരിച്ചത് കൊണ്ട് റിയാസിനെ ബേപ്പൂരിൽ തളച്ചിടാനായെന്നും അത് കോഴിക്കോട് ജില്ലയിൽ ഗുണം ചെയ്തുവെന്നും പിവി അൻവർ കണ്ണൂരിൽ പറഞ്ഞു.
അൻപതിലേറെ മണ്ഡലങ്ങളിൽ ന്യൂനപക്ഷ ഏകീകരണം നടന്നതായി സിപിഎം വിലയിരുത്തൽ. സ്ഥാനാർത്ഥികളുടെ വ്യക്തിഗത മികവും ബന്ധങ്ങളും ഫലപ്രദമായ മണ്ഡലങ്ങളിൽ മാത്രമാണ് ഇതിനെ മറികടക്കാൻ കഴിയുകയെന്നും സിപിഎം വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ യുഡിഎഫിലേക്ക് അടുത്തുവെന്ന എക്സിറ്റ് പോൾ ഫലവുമായി യോജിക്കുന്ന വിലയിരുത്തലാണ് ഇത്.
ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി. സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്ഐടിക്ക് നിർണായക മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി. സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനിയും പരിശോധനക്ക് അയയ്ക്കും.
കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ ബി.ടെക് വിദ്യാർഥിനിയായ കെ.എസ് ദർശനയെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ കുസാറ്റ് വിദ്യാർഥിയാണിത്. സംഭവത്തിൽ വൈസ് ചാൻസലർ അന്വേഷണത്തിന് ഉത്തരവിടുകയും പ്രത്യേക യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്.
വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകും. മരിച്ച സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുക്കൾക്കാണ് സഹായധനം അനുവദിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും.
തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടുമെന്നും അൻവറിന്റെ വെല്ലുവിളി ജനങ്ങൾ വിലയിരുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.വൈകാരികതക്ക് മുകളിലാണ് രാഷ്ട്രീയബോധം. അങ്ങനെയാണ് അതിനെ താൻ എടുത്തതെന്നും റിയാസ് വ്യക്തമാക്കി.
നഴ്സിങ്ങ് വിദ്യാർത്ഥി ആദിത്യൻ മരിച്ച സംഭവത്തിൽ കോളേജിനെതിരെ ആദിത്യന്റെ അച്ഛൻ പ്രദീപ്. അഡ്മിഷനിൽ പോലും ചതിയായിരുന്നുവെന്നും മറ്റൊരു കോളേജിന്റെ പേര് പറഞ്ഞായിരുന്നു അഡ്മിഷൻ എടുപ്പിച്ചതെന്നും പ്രദീപ് പറഞ്ഞു.കർണാടക പൊലീസിൽ നിന്നോ കോളേജിൽ നിന്നോ നീതി പ്രതീക്ഷിക്കുന്നില്ലെന്നും ആദിത്യന്റെ അച്ഛൻ പറഞ്ഞു.
പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനോട് ക്രൂരത. കുട്ടിയെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്നാണ് പരാതി. കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലാണ് സംഭവം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂർ പൊലീസ് കേസെടുത്തു.
കൊച്ചിയിലെ വൈറ്റ് കോളർ ലഹരി ഇടപാട് കേസിൽ പ്രതി കെവിൻ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതായി പൊലീസ്. പ്രതിയുടെ ഫോൺ പരിശോധനയിൽ കൊച്ചിയിലെ ചില ഡോക്ടർമാരുടെ വിവരങ്ങൾ ലഭിച്ചിരുന്നു. പ്രതി കെവിൻ ബാംഗ്ലൂർ ഐ ഐ എമ്മിൽ പഠിച്ചിറങ്ങിയ വ്യക്തിയാണ്.പ്രതിയിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ ഒരു ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു.
മുംബൈയിൽ നാലംഗ കുടുബം മരിച്ചതിന് കാരണം തണ്ണിമത്തൻ കഴിച്ചതു മൂലമുള്ള ഭക്ഷ്യവിഷബാധ അല്ലെന്ന് പ്രാഥമിക റിപ്പോർട്ട്. വീട്ടിൽ നിന്നും ശേഖരിച്ച സാമ്പിളിൽ കൃത്രിമ കളറോ മധുരമോ ചേർത്തതായി കണ്ടെത്താൻ കഴിച്ചിട്ടില്ലെന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.
കോഴിക്കോട് ഫറോക്ക് സ്വദേശിനി അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അനുശ്രീക്കെതിരെ കുടുംബം പരാതി നൽകി. അനുശ്രീ പണവും സ്വർണവും തട്ടിയെടുത്തതിലുള്ള മാനസിക സമ്മർദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച അതുല്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
മൈസൂരിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിതം. 5 കോളേജുകളിൽ നൽകുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന പരാതിയുമായി വിദ്യാർഥികൾ. ഭക്ഷ്യ വിഷബാധ പതിവെന്നും വിദ്യാർഥികൾ പറഞ്ഞു. വിദ്യാർത്ഥികൾക്ക് നൽകുന്നത് കോമൺ മെസ്സിൽ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ്. കോഴിക്കറിയിൽ തൂവലും ചോരയും അടക്കും ഉണ്ടാകും.വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
മൈസൂരുവിലെ കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നൽകിയ സംഭവത്തിൽ ഇടപെട്ട് കെ സി വേണുഗോപാൽ എംപി. കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച കെ സി കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 5 കോളേജുകളിൽ ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.
അങ്കമാലിയിലെ ആനയുടെ പരാക്രമത്തിൽ പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. പ്രദീപിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദീപിന് നട്ടെല്ലിനും തലയ്ക്കുമാണ് പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ വിഷ്ണു കൊല്ലപ്പെട്ടിരുന്നു.
ഉത്തർ പ്രദേശിലെ ജെവാറിൽ സ്ഥിതിചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 15 മുതൽ പ്രവർത്തനം ആരംഭിക്കും. വിമാനത്താവള അധികൃതരാണ് തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ മാസം 27ന് ലഭിച്ചതോടെ ആണ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം തുടങ്ങാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടുനീങ്ങിയത്.
വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയിൽ മുദ്രാവാക്യങ്ങൾ വിളിച്ച് ടിവികെ പ്രവർത്തകർ. നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‍യെ കാണാൻ ആയിരത്തിലേറെ പ്രവർത്തകർ പുലർച്ചെ തന്നെ വേളാങ്കണ്ണി പള്ളിയിൽ എത്തിയിരുന്നു. എന്നാൽ വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കി. തുടർന്ന് പ്രവർത്തകർ പള്ളിയിൽ കയറി മുദ്രാവാക്യം വിളിച്ചു. അൾത്താരയുടെ മുന്നിൽ നിന്നാണ് ടിവികെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള അസ്ഥിരതയും ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചിട്ടില്ലെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഓട്ടോമൊബൈൽ രംഗത്തും ഡിജിറ്റൽ ഇടപാടുകളിലും നികുതി വരുമാനത്തിലും റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ കാർ വിൽപ്പനയിൽ കുതിച്ചുചാട്ടമുണ്ടായി. വാഹന വിപണിയിൽ വൻ ഉണർവാണ് ദൃശ്യമാകുന്നത്.
വോട്ടെണ്ണലിന് രണ്ട് ദിവസം ശേഷിക്കെ അസം നിയമസഭ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗോഗോയ്. എക്‌സിറ്റ് പോളുകൾ ടെലിവിഷൻ ചർച്ചയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നും ജനവിധി മെയ് നാലിന് വോട്ടെണ്ണുമ്പോൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ലഖ്‌നൗവിലെ വസതിയിൽ വെച്ച് കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രിയിൽ നിന്നുള്ള അറിയിപ്പ്.
പൊതുസ്ഥലങ്ങളിൽ നിസ്‌കരിക്കുന്നതും മതപരമായ ഒത്തുചേരലുകൾ നടത്തുന്നതും അവകാശമായി ഉന്നയിക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലുള്ള ഇക്കോണ ഗ്രാമത്തിലെ സ്ഥലത്ത് നിസ്‌കാരം നടത്താൻ അനുമതി തേടി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്.
എണ്ണവില കൂട്ടാൻ സമ്മർദ്ദം ശക്തമാക്കി എണ്ണ കമ്പനികൾ. പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി വില ഉയർത്തണമെന്ന് എല്ലാ കമ്പനികളും ആവശ്യമുയർത്തിയതായാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം. പെട്രോളിന് ലിറ്റിന് 20 രൂപ നഷ്ടമാണെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. ഈ സ്ഥിതി തുടർന്നാൽ ഡീസൽ നഷ്ടം ലിറ്ററിന് 100 രൂപയിലേക്കെത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇറാനിലെ സൈനിക നടപടിക്ക് എതിരാണെന്ന് സർവ്വേ. ഇറാനെതിരായ സൈനിക നടപടി അബദ്ധമെന്നാണ് ജനവികാരം. വാഷിങ്ടൺ പോസ്റ്റ് – എബിസി- ഇപ്‌സോസ് സംയുക്തമായി നടത്തിയ സർവേയിലാണ് യുദ്ധത്തിനെതിരെയായ ജനവികാരം വ്യക്തമായത്. 61 ശതമാനം പേരും ഇറാൻ യുദ്ധം തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ടു.
ഇൻഡോ-പസഫിക് സമുദ്രമേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പൽ സാങ്കേതിക തകരാറിനെത്തുടർന്ന് മണിക്കൂറുകളോളം നടുക്കടലിൽ നിശ്ചലമായി. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് ഹിഗ്ഗിൻസിനാണ് സാങ്കേതിക തടസം നേരിട്ടത്. വൈദ്യുത സംവിധാനത്തിലുണ്ടായ തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ട് കടലിൽ കുടുങ്ങിയതാണെന്നാണ് വിശദീകരണം.
അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണ് അഞ്ച് പേർ മരിച്ചു. വിംബർലിക്ക് സമീപമുള്ള വനമേഖലയിൽ നടന്ന അപകടത്തിൽ അമറില്ലോ പിക്കിൾബോൾ ക്ലബ്ബിലെ കളിക്കാരാണ് കൊല്ലപ്പെട്ടത്. മോശം കാലാവസ്ഥയും അമിതവേഗതയുമാണ് അപകടകാരണമെന്ന് സംശയിക്കുന്നു, അന്വേഷണം പുരോഗമിക്കുകയാണ്.
എഎപി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ പഞ്ചാബിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. സംസ്ഥാനത്തെ വ്യത്യസ്ത ജില്ലകളിലാണ് പഞ്ചാബ് പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സന്ദീപ് പഥക് അടക്കം എഎപിയുടെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയുടെ ഭാഗമായതിന് പിന്നാലെ ആണ് എഎപി ഭരിക്കുന്ന പഞ്ചാബിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. സന്ദീപിനെതിരായ കേസ് രാഷ്ട്രീയ വേട്ടയാടൽ എന്ന് വിമർശിച്ച് ബിജെപിയും ശിരോമണി അകാലി ദളും രംഗത്തെത്തി.
വിവാഹഘോഷയാത്രയിലെ ഡിജെ സംഗീതത്തിന്റെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം കേട്ട് 140 കോഴികൾ ചത്തു. ഇതേ തുടർന്ന് 15 ഡിജെ ഓപ്പറേറ്റർമാർക്ക് പോലീസ് നോട്ടീസ് അയച്ചു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം. ദരിയാപൂർ ഗ്രാമത്തിൽ സാബിർ അലിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിന് സമീപത്തുകൂടി കടന്നുപോയ വിവാഹഘോഷയാത്രയാണ് സംഭവത്തിന് കാരണമായത്.
പശ്ചിമ ബംഗാളിൽ കേന്ദ്ര സർക്കാർ ജീവനക്കാരെ മാത്രം എണ്ണൽ മേൽനോട്ടക്കാരായി നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ മേൽനോട്ടക്കാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ മാത്രമായി നിയോഗിക്കാനുള്ള ചീഫ് ഇലക്ടറൽ ഓഫീസറുടെ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജിയിലാണ് നടപടി.
