20251128 141206 0000

 

 

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയേയും സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ബെല്ലാരി ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എസ്ഐടി. രണ്ട് പേരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയേക്കും. ശബരിമലയിലെ സ്വർണപാളികളിൽ നിന്ന് വേർതിരിച്ച് എടുത്ത സ്വർണം ആ‍ർക്ക് വിറ്റുവെന്ന് കണ്ടത്താനാണ് എസ്ഐടി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്നത്.

 

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ബെല്ലാരിയിലെ ഗോവര്‍ധൻ മുമ്പ് ശബരിമലയിൽ സമര്‍പ്പിച്ച പത്ത് പവൻ മാല കണക്കിൽപ്പെടുത്താതെ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ വേര്‍തിരിച്ച സ്വര്‍ണം കൈപ്പറ്റിയതിന്‍റെ ‘പ്രായശ്ചിത്തമായി’ ഗോവര്‍ധൻ നൽകിയ പത്തു പവന്‍റെ മാലയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മഹസറിൽ രേഖപ്പെടുത്താതെ ശബരിമലയിൽ സൂക്ഷിച്ചത്. ഗുരുതര വീഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്തുനിന്നുണ്ടായത്. 2021ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കാണ് ഗോവര്‍ധൻ മാല കൈമാറിയത്.

 

സ്വർണ കവർച്ചയിൽ തനിക്ക് പങ്കില്ലെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ. തന്റെ ജാമ്യ ഹർജിയിലാണ് ​ഗോവർധൻ ഇക്കാര്യം വ്യക്തമാക്കിയത്. അയ്യപ്പ ഭക്തനായ താൻ സ്വർണമായും പണമായും ശബരിമലയിലേക്കാണ് സംഭാവന നൽകിയത്. ഒരു കോടിയിലധികം രൂപ നൽകി. പാളികൾ സ്വർണം പൂശിയ ശേഷവും അന്നദാനത്തിനും പണം നൽകി. സ്വർണമാലയും അയ്യപ്പന് സമർപിച്ചു. ഇതിന് ശേഷം തൻ്റെ കൈയിൽ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വർണം എസ്ഐടി ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് ഗോവർധൻ ആരോപിച്ചു.

 

ദില്ലിയിൽ നിന്ന് നിന്ന് മുംബൈയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 777-300ER വിമാനം ഗുരുതരമായ തകരാർ നേരിട്ടതിനെ തുടർന്ന് തിങ്കളാഴ്ച ദില്ലിയിൽ തിരിച്ചെത്തി. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച്, സാങ്കേതിക പ്രശ്‌നം കാരണം വിമാനം പറന്നുയർന്ന് അധികം താമസിയാതെ തിരിച്ചിറങ്ങിയതായി എയർലൈൻ അധികൃതർ അറിയിച്ചു. വിമാനം ദില്ലി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ വലത് ഭാ​ഗത്തെ എഞ്ചിൻ ആകാശത്ത് വെച്ച് ഓഫായിരുന്നു എന്നാണ് വൃത്തങ്ങൾ അറിയിച്ചത്.

 

വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. കേസിൻ്റെ വിശദംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്ക് പിന്നിൽ ആര്‍എസ്എസ് നേതാക്കളെന്ന് മന്ത്രി എംബി രാജേഷ്. വാളയാര്‍ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നിൽ സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയമാണെന്നും ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് ജോലി തേടി കേരളത്തിലെത്തിയ രാം നാരായണനെ ആള്‍ക്കൂട്ടം ആക്രമണം നടത്തിയതെന്നും എം.ബി രാജേഷ് പറഞ്ഞു. ആര്‍എസ്എസ് നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയത്. പ്രതികൾക്ക് സിപിഎം ബന്ധം ഉണ്ടായിരുന്നെങ്കിൽ എത്രമാത്രം ആഘോഷം ഉണ്ടാകുമായിരുന്നുവെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ രാം നാരായണന്‍റെ കുടുംബത്തിനൊപ്പമാണെന്നും എംബി രാജേഷ് പറഞ്ഞു.

 

വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയായ രാം നാരായണനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതികളുടെ ക്രൂരത വെളിപ്പെടുത്തുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊല്ലണമെന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടെയാണ് പ്രതികൾ രാം നാരായണനെ മർദ്ദിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഛത്തീസ്ഗഡ് സ്വദേശിയായ ഈ യുവാവിനെ മണിക്കൂറുകളോളം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.

 

വാളയാറിൽ അതിഥി തൊഴിലാളി റാംനാരായൺ ഭയ്യാൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് നിർണ്ണായക ഇടപെടലുകൾ. റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ, കൊല്ലപ്പെട്ട റാംനാരായണിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങളും സമരസമിതിയും തീരുമാനിച്ചു.

 

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അം​ഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി.

 

അനധികൃത സ്വത്ത് സമ്പാദനത്തിൽ ജയിൽ ഡിഐജി വിനോദ് കുമാറിന്റെ വീട്ടിലും ക്വാർട്ടേഴ്സിലും റെയ്ഡ് നടത്തി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനത്തിൽ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. തടവുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതോടൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടാമത് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍. പ്രതികളാ‌യ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. വർഷാവസാനം നൽകുന്ന സ്വാഭാവിക പരോൾ മാത്രമെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. 15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് ഇപ്പോള്‍ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും പരോള്‍ അനുവദിച്ചിരുന്നു. സ്വാഭാവികമായ പരോള്‍ എന്നാണ് ജയിൽ വകുപ്പിന്‍റെ വിശദീകരണം.

 

ടിപി കേസ് കൊലയാളികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കെകെ രമ എംഎൽഎ. പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണെന്നും സർക്കാറിന്റെ കാലാവധി തീരും മുമ്പ് പ്രതികളെ അത് ബോധ്യപ്പെടുത്തുകയാണെന്നും കെകെ രമ വിമർശിച്ചു. അതുകൊണ്ടാണ് തുടർച്ചയായി പരോൾ നൽകുന്നത്. കൊലയാളികളിൽ നിന്ന് കൈക്കൂലി വാങ്ങിയ ആളാണ് ജയിൽ മേധാവി. പിണറായി വിജയന്റെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ലെന്നും കെകെ രമ പറഞ്ഞു.

 

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ സംസ്ഥാനത്തെ രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് കോഴിക്കോട് തുറക്കുന്നു. കോഴിക്കോട് ഗോകുലം ഗലേറിയ മാളിന്‍റെ രണ്ടാം നിലയിൽ നാളെ ഉച്ചയ്ക്ക് രണ്ടിനാണ് ഉദ്ഘാടനം. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്‍റെ മാനേജിംഗ് ഡയറക്ടർ ഹർഷിത അത്തലൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഔട്ട്ലറ്റ് 1950 സ്ക്വയർഫീറ്റ് വിസ്തീർണ്ണവും പൂർണ്ണമായി ശീതികരിച്ചതും മാളിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മദ്യവിതരണ ഔട്ട്ലറ്റ്ലെറ്റുമാണ്.

 

തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞകളിൽ പലതും നിയമവിരുദ്ധമെന്ന് പരാതി. അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ തുടങ്ങിയ നാമങ്ങളിലെ സത്യപ്രതിജ്ഞയാണ് പരാതിക്കിടയാക്കിയത്. ഈ നാമങ്ങളിലെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് തദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്.

 

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് പ്രതി കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ഇയാൾ ആക്രമിച്ചത്. കരോളിന് ഉപയോഗിച്ചിരുന്ന ബാൻ്റിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. തുട‍ർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ നിയമ സഹായ വേദിയുടെ കൂട്ടായ്മ. കേസിലെ വിചാരണ വേളയിൽ സുപ്രീംകോടതി മാർഗനിർദേശങ്ങൾ പൂര്‍ണമായും ലംഘിക്കപ്പെട്ടുവെന്ന് അഭിഭാഷകരും മുൻ ജ‍‍‍‍‍ഡ്ജിമാരും നിയമ വിദ്യാർത്ഥികളും ഉൾപ്പെടെ പങ്കെടുത്ത കൂട്ടായ്മ ആരോപിച്ചു. ഇത്തരം കേസുകളിൽ ഇരകളെ വിചാരണ ചെയ്യുന്നതിൽ മാർഗനിർദേശങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ബെംഗളൂരുവിലെ നിയമ സഹായ വേദി.

 

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

 

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക് പോകും.തദ്ദേശ ഫലം വിലയിരുത്താനും നിയമസഭാ ഒരുക്കം നോക്കാനുമാണ് സന്ദര്‍ശനം.സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും.റിപ്പോർട്ട് ബത്തേരിയിലെ കെപിുസിസി ക്യാമ്പിൽ അവതരിപ്പിക്കും.ക്യാമ്പ് ജനുവരി നാല് അഞ്ച് തീയതികളിൽ നടക്കും.

 

പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കസ്റ്റഡിയിൽ. അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് രാത്രി വൈകി റോഡ് ഉപരോധ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നഗരത്തിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

 

മുൻ കേരള ഫുട്ബോൾ താരം പി. പൗലോസ് അന്തരിച്ചു. 76 വയസ്സായിരുന്നു. 1973 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു പൗലോസ്.

 

തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ മേയറെ കണ്ടെത്താനുള്ള ചർച്ചകൾ പാർട്ടിയിൽ സജീവം. ഇന്ന് കണ്ണൂരിൽ സംസ്ഥാന നേതൃയോഗം ചേരും. യോഗത്തിൽ ചർച്ചകൾ ഉണ്ടാകും. എന്നാൽ, ഡിസംബര്‍ 24, 25 തീയതികളിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക. ഇപ്പോഴും വി വി രാജേഷ്, ആർ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവമായിട്ടുള്ളത്. മറ്റൊരു സർപ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.

 

ഒറ്റപ്പാലം ലക്കിടിയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകൾ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിന് ഗുരുതരമായി പരിക്കേറ്റു. ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിൽ ടിപ്പർ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇവരുടെ ദേഹത്തു കൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങിയതായും ദൃക്സാക്ഷികള്‍ പറഞ്ഞു.

 

നടപ്പ് സാമ്പത്തിക വർഷം ഇതുവരെ സിപിഎമ്മിന് ലഭിച്ച സംഭാവന 17കോടി രൂപയ്ക്കടുത്തെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് 16,95,79,591 രൂപയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് സിപിഎം വ്യക്തമാക്കിയത്. തൃശൂർ കല്യാൺ ജ്വല്ലേഴ്സ് ആണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. ഇവർ ഒരു കോടി രൂപയാണ് സംഭാവന നൽകിയത്.

 

മുൻ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിലാണ് നോട്ടീസയച്ചത്. നടുറോഡിൽ കെഎസ് ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഇരുവരെയും ഒഴിവാക്കിയുള്ള കുറ്റപത്രത്തിനെതിരായ ഹർജിയിലാണ് കോടതി നടപടി.

 

ആലപ്പുഴ വളവനാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മണ്ണഞ്ചേരി സ്വദേശി കമ്പിയകത്ത് വീട്ടിൽ നിഖിൽ (19), ചേർത്തല അരീപ്പറമ്പ് കൊച്ചിറവിളി വീട്ടിൽ രാകേഷ് (25) എന്നിവരാണ് മരിച്ചത്. രാകേഷിന്‍റെ സുഹൃത്തായ വിപിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെ വളവനാട് എ എസ് കനാൽ- പറത്തറ പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്.

 

വയനാട് പുൽപ്പള്ളി ദേവർഗദ്ധയിൽ ആളെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു. മാരനെ കടുവ ആക്രമിച്ച പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇതിനിടെ പുൽപ്പള്ളി നഗരത്തോട് ചേർന്ന ഏരിയപ്പള്ളിയിൽ രാത്രി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അര്‍ധരാത്രിയിൽ കടുവ റോഡ് മുറിച്ച് കടക്കുന്നതാണ് കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുൽപ്പള്ളിയിലെ കാപ്പി സെറ്റ്, ദേവർഗദ്ദ മേഖലയിൽ കടുവയുടെ ആശങ്ക തുടരുകയാണ്. പ്രദേശത്ത് രണ്ടു ദിവസമായി വനംവകുപ്പ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

 

തമിഴ്നാടിന് പുറമെ കേരളത്തിലും പ്രവർത്തനം വ്യാപിപ്പിക്കാൻ നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴ്നാട് വെട്രി കഴകം (ടിവികെ). അടുത്ത മാസം കേരളത്തിലെ സംസ്ഥാന ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കാൻ നീക്കം നടക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ടിവികെയുടെ കേരള ഘടനം പ്രഖ്യാപനത്തിനും പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുമായി വിജയ് ആരാധക കൂട്ടായ്മയുടെ 14 ജില്ലകളിലെയും നേതാക്കൾ ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നു.

 

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ വൻനേട്ടവുമായി മഹായുതി സഖ്യം. ഞായറാഴ്ച നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് സ്ഥാനങ്ങളുടെ 207 സ്ഥാനങ്ങൾ നേടിയ ബിജെപി, ശിവസേന, എൻസിപി സഖ്യം 288 മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗർ പഞ്ചായത്തുകളിലേക്കും വൻ വിജയം നേടി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പങ്കിട്ട അന്തിമ കണക്കുകൾ പ്രകാരം പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 44ലേക്ക് ചുരുങ്ങി.

 

ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ സ്കൂൾ അവധി പട്ടിക പുറത്തിറക്കിത്തുടങ്ങി. പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉൾപ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചില സംസ്ഥാനങ്ങൾ ഏകദിന അവധിയിൽ ഒതുക്കിയപ്പോൾ, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു.

 

നാവികസേനാ രഹസ്യം പാകിസ്ഥാന് ചോർത്തിയ സംഭവത്തിൽ മൂന്നാമത്തെ അറസ്റ്റ് രേഖപ്പെടുത്തി ഉഡുപ്പി മാൽപേ പൊലീസ്. ഗുജറാത്ത് സ്വദേശി ഹീരേന്ദ്രയാണ് അറസ്റ്റിലായത്. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ യുപി സ്വദേശികൾക്ക് സിം കാർഡ് കൈമാറിയത് ഹീരേന്ദ്രയാണെന്ന് പൊലീസ് വ്യക്തമാക്കി. യുപി സ്വദേശികളായ രോഹിതും സാൻഡ്രിയും കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ മാൽപേ യൂണിറ്റിൽ നിന്ന് നവംബറിലാണ് പിടിയിലായത്.

 

കേന്ദ്രസർക്കാർ മഹാത്മാഗാന്ധിയുടെ ചിത്രം ഇനി ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി. അതിനുള്ള ഒന്നാം ഘട്ട ആലോചനകൾ നടന്നു കഴിഞ്ഞു. ഇന്ത്യയുടെ ആർഷഭാരത സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ഒരു ചിഹ്നം ഉപയോഗിക്കാനാണ് ആലോചന. അങ്ങനെ നീക്കം ചെയ്താൽ അതിനുശേഷം ഉള്ള മോദിയുടെ ചായ സൽക്കാരത്തിലും പ്രിയങ്കാ ഗാന്ധിയും മറ്റുള്ളവരും പങ്കെടുക്കുമെന്നാണ് ഇപ്പോൾ കരുതേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

 

ജമ്മു കശ്മീരിൽ എൻഐഎ ആസ്ഥാനത്തിനു സമീപം ടെലിസ്കോപ്പ് കണ്ടെടുത്തു. ജമ്മു കാശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം. ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് ആണ് കണ്ടെടുത്തത്. ജമ്മുവിലെ സിദ്രയിൽ നിന്നാണ് ടെലിസ്കോപ്പ് കണ്ടെടുത്തത്. പൊലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംഭവം അന്വേഷിച്ചുവരികയാണ് ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ചയാണ് ജമ്മുകശ്മീരിൽ നിന്ന് സ്നൈപ്പർ കം അസോൾട്ട് റൈഫിളിൽ ഉപയോഗിക്കുന്ന ടെലിസ്കോപ്പ് കണ്ടെത്തിയത്. പിന്നാലെ മേഖലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.

 

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി. ന്യൂനപക്ഷ സംരക്ഷണത്തിൽ ഇന്ത്യയ്ക്കുള്ള പരോക്ഷ വിമർശനം അനാവശ്യമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഹിന്ദുക്കളുടെ സുരക്ഷയിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്‍റെ തുടർ നടപടി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ബംഗ്ലാദേശിൽ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിൽ ഇന്നലെ ഇന്ത്യയുടെ പ്രസ്താവനയെ എതിർത്ത് ബംഗ്ലാദേശ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഈ പ്രസ്താവനയിലാണ് ഇന്ത്യയ്ക്ക് അതൃപ്തി.

 

 

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങളിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്.

 

മെസിയുടെ ഇന്ത്യ സന്ദർശനത്തിൽ കൊൽക്കത്തയിലെ പരിപാടി അലങ്കോലമായതിൽ വെളിപ്പെടുത്തലുമായി സതാദ്രു ദത്ത. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസി നിമിഷങ്ങൾക്കുള്ളിൽ മടങ്ങിയതിന് പിന്നാലെ ആരാധകർ സ്റ്റേഡിയത്തിന് സാരമായ കേടുപാട് വരുത്തിയിരുന്നു. ഇതിന് പിന്നാലെ പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്ത അറസ്റ്റിലായിരുന്നു. എന്നാൽ സ്റ്റേഡിയത്തിലുണ്ടായിരുന്ന സുപ്രധാന വ്യക്തിയാണ് മെസി നിമിഷങ്ങൾക്കുള്ളിൽ മടങ്ങാൻ കാരണമെന്നാണ് സതാദ്രു ദത്ത ആരോപിക്കുന്നത്.

 

ഓസ്ട്രേലിയയിലെ ബോണ്ടി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അക്രമിയുടെ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച് ഭാര്യ. 50കാരനായ സാജിദ് അക്രം മകനും 24കാരനുമായ നവീദ് അക്രം എന്നിവരാണ് ബോണ്ടി ബീച്ചിൽ ജൂത വിഭാഗത്തിൽപ്പെട്ടവർക്ക് നേരെ വെടിയുതിർത്തത്. പൊലീസുകാരുടെ വെടിയേറ്റ് സാജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആറ് മാസത്തോളമായി വീടുമായി ബന്ധം പുലർത്താതിരുന്ന സാജിദ് മാസങ്ങളായി സിഡ്നിയിലെ എയർ ബിഎൻബി വീടുകളിലായിരുന്നു തങ്ങിയിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

 

നൈജീരിയയിൽ സായുധ സംഘം തട്ടിക്കൊണ്ട് പോയ 130 വിദ്യാർത്ഥികളേ കൂടി മോചിപ്പിച്ചു. നൈജറിലെ ക്രിസ്ത്യൻ സ്കൂളിൽ നിന്നും തട്ടിക്കൊണ്ട് പോയ വിദ്യാർത്ഥികളെയാണ് ഒടുവിൽ മോചിപ്പിച്ചത്. ആശ്വാസകരമായ ഉജ്ജ്വല നേട്ടമെന്നാണ് നടപടിയെ നൈജീരിയയിലെ ഫെ‍ഡറൽ ഗവൺമെന്റ് വിശദമാക്കുന്നത്. രാജ്യത്ത് അടുത്തിടെയുണ്ടായ ഏറ്റവും മോശമായ തട്ടിക്കൊണ്ട് പോകലുകളിലൊന്നായിരുന്നു നവംബർ 21ന് നടന്നത്. നൈജറിലെ പാപ്പിരിയിലെ സെന്റ് മേരീസ് കത്തോലിക്കാ സ്കൂളിലെ 250 കുട്ടികളെയാണ് സായുധ സംഘം തട്ടിക്കൊണ്ട് പോയത്.

 

കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിനിടെ പാകിസ്ഥാന് ‘ദൈവിക സഹായം’ ലഭിച്ചതായി പാക് പ്രതിരോധ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന് പിന്നാലെയുണ്ടായ സംഘർഷങ്ങളെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇസ്‌ലാമാബാദിൽ നടന്ന ദേശീയ ഉലമ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ബംഗ്ലാദേശിൽ ആഭ്യന്തര അസ്വസ്ഥതകൾ തുടരുന്നതിനിടെ മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെടുകയും ഭീകരവാദികൾക്ക് വളരാൻ അവസരം നൽകുകയും ചെയ്തു എന്ന് അവർ ആരോപിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *