സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.
